2017, മാർച്ച് 27, തിങ്കളാഴ്‌ച

മരണമില്ലാത്തവര്‍ ...


നരച്ചു തുടങ്ങിയ ഇടതൂര്‍ന്ന നീണ്ട മുടി കൈ കൊണ്ട് കോതിയൊതുക്കി ഒന്ന് രണ്ടു തവണ വട്ടം ചുറ്റി ഒരു കെട്ടിന്റെ കനപ്പെട്ട ചുമടായി തലയുടെ പിന്നില്‍ ഉറപ്പിച്ചു .പൊഴിഞ്ഞു പോയ മുടിയിഴകള്‍ വാര്‍ന്നെ ടുത്തത് വിരലുകളില്‍ ചുറ്റി ഒരു ചെറിയ കെട്ടു കെട്ടി പറമ്പിലേക്ക് കളഞ്ഞു. മുറ്റത്തു കിടന്ന നാലഞ്ചു പഴുത്ത പ്ലാവിലകള്‍ കൂടെ പെറുക്കി അങ്ങോട്ട്‌ തന്നെ കളഞ്ഞിട്ട് നടു നിവര്‍ത്തി അല്‍പ്പ നേരം കൂടി വസന്തേച്ചി അവിടെ തന്നെ നിന്നു . പിന്നെ ഒരു തിടുക്കവുമില്ലാതെ സാവകാശം വീടിനകത്തേക്ക് പോയി പ്രായം അറുപതു കഴിഞ്ഞെങ്കിലും ഒരിക്കല്‍ പോലും അവര്‍ തന്റെ

ഏകാന്തതെയെ കുറിച്ചോ ആവതില്ലാഴികയെ കുറിച്ചോ ആരോടെങ്കിലും പറഞ്ഞതായി അറിവില്ല ..ഞാന്‍ കാണാന്‍ തുടങ്ങിയ കാലം മുതല്‍ക്കു തന്നെ വസന്തേച്ചി ഇങ്ങനെ തന്നെയാണ് . വെളുത്ത കോട്ടണ്‍ സാരിയില്‍ പൊതിഞ്ഞ് മെല്ലിച്ച ശരീരവും ആഴമുള്ള മയങ്ങിയ കണ്ണുകളും .. ഭര്‍ത്താവ് ജീവിച്ചിരുന്ന കാലത്ത് അവര്‍ രണ്ടു പേരും കൂടി വര്‍ത്തമാനം പറഞ്ഞു നടന്നു പോകുന്നതും പിന്നീട് മടങ്ങി വരുന്നതും കണ്ടിട്ടുണ്ട് ..ശബ്ദം താഴ്ത്തി അവര്‍ സംസാരിച്ചു കൊണ്ടിരിക്കും .വസന്തേച്ചി ഗൌരവത്തില്‍ പറയുന്നത് ഭാസ്കരേട്ടന്‍ സൌമ്യമായി കേട്ടു കൊണ്ട് നടക്കും .. ..
മരണം അയാളെ ഇടക്ക് വെച്ച് വിളിച്ചിറക്കി കൊണ്ട് പോയി .വസന്തേച്ചി ഒറ്റക്കായി .അയാളെ വീടിനു പിന്നിലുള്ള ഒരു കൂട്ടം മരങ്ങളുടെ ഇടയിലുള്ള ഒഴിഞ്ഞ സ്ഥലത്താണ് ദഹിപ്പിച്ചത്‌ ..ചിത കത്തിയമരുവോളം വസന്തേച്ചി ഒരേ നില്‍പ്പ് നിന്നു .ജ്വലിച്ചുയര്‍ന്ന മാവിന്‍ വിറകുകള്‍ ആവേശത്തോടെ പൊട്ടുകയും ചീറ്റുകയും ചെയ്തു.ചിതയില്‍ നിന്നും ഭാസ്കരേട്ടന്റെ വേരുകള്‍ വസന്തേച്ചിയിലേക്ക് കുടിയേറി , അവര്‍ അവിടെ തന്നെ ഒറ്റ നില്‍പ്പു നിന്നു ., ..ഒരിറക്ക് വെള്ളമെങ്കിലും കുടിക്കാന്‍ ബന്ധുക്കളും അയല്‍ വാസികളും നിര്‍ബന്ധിച്ചുവെങ്കിലും വസന്തേച്ചി കൂട്ടാക്കിയില്ല .
.പിന്നീട് അവരെ ആരൊക്കെയോ ചേര്‍ന്ന് ബലമായി മുറിയിലേക്ക് വലിച്ചു കൊണ്ട് പോകുകയായിരുന്നു .. തായ്ത്തടിയില്‍ നിന്നും വലിച്ചു പറിച്ചെറിഞ്ഞ വള്ളിച്ചെടി പോലെ അവര്‍ പരിക്ഷീണയായ് .
ഭാസ്ക്കരേട്ടന്റെ മരണ ശേഷം ബന്ധുക്കള്‍ ഒറ്റക്കും കൂട്ടമായും അവരെ സന്ദര്‍ശിക്കാന്‍ വന്നു കൊണ്ടിരുന്നു . ഇരുപതു സെനറ്റ്‌ സ്ഥലത്തിന്റെയും വാര്‍ത്ത ആ ചെറിയ വീടിന്റെ മേല്‍ ആയിരുന്നു അവരുടെ കണ്ണുകള്‍ . ഒരു കലഹത്തിലേക്കു കാര്യങ്ങള്‍ നീങ്ങുന്നത്‌ കണ്ടപ്പോള്‍ അവര്‍ ബന്ധുക്കളെ ആദ്യം വീടിനു പുറത്താക്കി ഗേറ്റ് അടച്ചു .. പിന്നെ മനസ്സില്‍ നിന്നും ഓരോരുത്തരെയ്യായി പടിയിറക്കി വിട്ടു .
. എല്ലാ മാസവും ഒന്നാം തീയതി അവര്‍ കുളിച്ചൊരുങ്ങി ചെങ്ങന്നൂര്‍ അമ്പലത്തില്‍ തൊഴാന്‍ പോകും . മടങ്ങി വരുമ്പോള്‍ ബാങ്കില്‍ കയറി ചിലവിനുള്ള കാശെടുത്തു വീട്ടു സാധനങ്ങള്‍ വാങ്ങി തിരിച്ചു വരും. ഭാസ്ക്കരേട്ടനുള്ളപ്പോള്‍ രണ്ടു പേരും കൂടിയായിരുന്നു പോയിരുന്നത് . എവിടെ പോയാലും അവര്‍ ഒന്നിച്ചായിരുന്നു .പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുടെ കെട്ടുകള്‍ അഴിച്ചാണ് രണ്ടു പേരുടെയും യാത്ര ..ഭാസ്ക്കരേട്ടന്റെ മുഖത്ത് ഒരിക്കല്‍ പോലും അക്ഷമയോ ഈര്‍ഷ്യയോ കണ്ടിട്ടില്ല .ജീവിത വൃക്ഷത്തില്‍ അവര്‍ പരസ്പരം ചുറ്റിപ്പടര്‍ന്ന താങ്ങും തണലുമായിരുന്നു .
ഒടുക്കം അയാള്‍ യാത്ര പറഞ്ഞു പോയ ദിവസം
" എന്നെയും കൊണ്ട് പോകൂ.. ഞാനും വരുന്നു "എന്ന് പറഞ്ഞ് അവര്‍ കൊച്ചു കുട്ടികളെ പോലെ ശാഠ്യത്തോടെ കരഞ്ഞു .പക്ഷെ ആ കരച്ചിലിന് ഒരു നിലവിളിയുടെ മുഴക്കമോ പോട്ടിക്കരച്ചിലിന്റെ തകര്ച്ചയോ ഉണ്ടായിരുന്നില്ല . .അടുത്തെവിടെയോ അല്ലെങ്കില്‍ തന്റെ തൊട്ടടുത്ത് ഭാസ്ക്കരേട്ടന്‍ ഉണ്ടെന്ന പൊലെയായിരുന്നു അവരുടെ തുടര്‍ന്നുള്ള ജീവിതം. 
എല്ലാ ദിവസവും ഊണ് തയ്യാറാകുമ്പോള്‍ അവര്‍ രണ്ടു പ്ലേയ്റ്റുകള്‍ ഊണു മേശയില്‍ വെക്കും .. ഒപ്പം രണ്ടു പേര്‍ക്കുള്ള ഭക്ഷണവും ..ഒരു പ്ലേറ്റില്‍ അവര്‍ ആദ്യം ഭാസ്ക്കരേട്ടന് ചോറ് വിളമ്പും . . "എന്താ കഴിക്കാത്തത് ? ചോറിനു വേവ് കുറവാണോ , അതോ വെന്തു പോയോ ? ഈ മാസത്തെ അരി ഒരു വകയാ ..അടുത്ത തവണയാകട്ടെ അരി മാറ്റി വാങ്ങാം .. കടക്കാരന്‍ പിള്ള ചേട്ടന്‍ ഇപ്പൊ പറ്റീരാ ..അരിയില്‍ കല്ലാ കൂടുതല്‍ . കഴുകുമ്പോള്‍ കളര്‍ പോയി പച്ചരി പോലിരിക്കും ..വെളിച്ചെണ്ണയുടെ കാര്യം പറയുകയും വേണ്ട .. തേങ്ങാ കൊണ്ട് തന്നെയാണോ വെളിച്ചെണ്ണയുണ്ടാക്കുന്നത് ..അടുത്ത മാസം
നിങ്ങളതൊന്നു അങ്ങേരോട് ചോദിക്കണം ..വസന്തേച്ചി ചോറ് കഴിക്കുമ്പോള്‍ ഒരു കഷണം മീനെടുത്തു ഭാസ്ക്കരേട്ടന്റെ പ്ലേറ്റില്‍ വെച്ചു കൊടുക്കും. ..ഭാസ്ക്കരേട്ടന്‍ തിരിച്ചും ,.
.. ജീവിതം അവര്‍ക്കിടയില്‍ ഒരു നദി പോലെ പിന്നെയും അനുസ്യുതം ഒഴുകി കൊണ്ടിരുന്നു ..
സന്ധ്യയായാല്‍ ഒരു ചെറിയ കുപ്പിയില്‍ എണ്ണയും തിരിയുമായി വസന്തേച്ചി വീടിനു പിറകിലുള്ള മരക്കൂട്ടങ്ങൾക്കിടയിലുള്ള ഭാസ്ക്കരേട്ടന്റെ അടുത്തേക്ക്‌ പോകും .. വിശേഷങ്ങൾ ചോദിക്കും . സ്വന്തം വിശേഷങ്ങളുടെ കെട്ടഴിക്കും .. സൌമ്യമായി പുഞ്ചിരിച്ചു കൊണ്ട് ഭാസ്ക്കരേട്ടന്‍ നില്‍ക്കും .." എന്താ ഈ മുണ്ട് മാറാഞ്ഞത് .. ഇന്നലെ ഞാന്‍ പറഞ്ഞതല്ലേ മുടി വെട്ടണമെന്ന് .. ഇന്നലെ നല്ല കാറ്റായിരുന്നു . പറമ്പിൽ മുഴുവനും കരിയില വീണു .. തൂത്തു വാരി കൂട്ടി കത്തിച്ചു .. 
ഇന്ന് അത്താഴത്തിനെന്താ ? മീൻ വറ്റിച്ചതും കഞ്ഞിയും പപ്പടവും .എന്തായാലെന്താ ഇന്നലെ രാത്രി ഒന്നും കഴിച്ചില്ലല്ലോ . വസന്തേച്ചിക്ക് പരിഭവം .
അവർ വിളക്കിൽ എണ്ണയൊഴിച്ചു തിരി കത്തിച്ചു വെച്ചു .. അൽപ നേരം മൂകമായി കണ്ണടച്ച് നിന്നു .. 
ഇപ്പൊ എങ്ങനെയുണ്ട് ? അടി വയറ്റില്‍ വേദനയുണ്ടോ ? മൂത്രം പോകാന്‍ ഇട്ട ആ ട്യൂബ് ഇൻഫെക്ഷൻ ആയതാണ് .. അത് രണ്ടു ദിവസം കൂടുമ്പോള്‍ മാറ്റെണ്ടതായിരുന്നു .. അതെങ്ങനാ പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ ..ഭാസ്ക്കരേട്ടന്‍ പുഞ്ചിരിച്ചു .. .. ഓരോ ട്യൂബ് മാറ്റവും എന്റെ അടി വയറ്റില്‍ ഉണ്ടാക്കിയ മിന്നല്‍ പിണറുകൾ നീ കണ്ടതല്ലേ ..എന്റെ തലച്ചോര്‍ പിളര്‍ന്നു ട്യൂബ് അങ്ങനെ കയറി പോകും .. വസന്തേച്ചി നടുങ്ങി .. അവർ സ്വന്തം അടിവയറ്റില്‍ അമര്‍ത്തി പിടിച്ചു .ജന്മാന്തരണങ്ങളുടെ ബന്ധനങ്ങളിൽ നിന്നും അനാദിയായ ഒരു വേദന. കരഞ്ഞു കൊണ്ട് അവര്‍ മുറിയിലെത്തി കട്ടിലിൽ വീണു ..പുറത്തു കാറ്റ് വീശി , ഇലയനക്കങ്ങൾ നിലാവിനെ മരങ്ങൾക്കിടയിലേക്ക് കൂട്ടി കൊണ്ട് പോയി .. .ജനാലയുടെ പാളികൾ തുറന്നു .. നേർത്ത തണുപ്പിൽ മുങ്ങി നിവർന്ന കാറ്റ് വസന്തേച്ചിയെ തഴുകി കടന്നു പോയി ,,

2 അഭിപ്രായങ്ങൾ:

Punaluran(പുനലൂരാൻ) പറഞ്ഞു...

നന്നായിരിക്കുന്നു.. ഹൃദയത്തിൽ തൊടുന്ന വാക്കുകൾ.. ആശംസകൾ

anvershaji പറഞ്ഞു...

നന്ദി പുനലൂരാനെ .. ങ്ങളുടെ വാക്കുകള്‍ എന്‍റെയും ഹൃദയത്തില്‍ തൊട്ടു ..

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...