2010, ഏപ്രിൽ 5, തിങ്കളാഴ്‌ച

സിന്ധു,ഞാന്‍ പിന്നെ അവനും

ഒറ്റച്ചവിട്ടു
അതും അടിവയറ്റില്‍ .
കണ്ണ് തുറിച്ച് രക്തത്തില്‍ കുളിച്ചു പിടഞ്ഞു മരിച്ചു .
രണ്ടു മാസം എങ്കിലും ഗര്‍ഭം ഉണ്ടായിരുന്നിരിക്കണം.
ചവിട്ടിയത് അവളുടെ അച്ഛന്‍ തന്നെ .

അച്ഛന് ചവിട്ടാം.
തക്കതായ കാരണവും ഉണ്ട് .
പത്താം ക്ലാസ്സ് കാരിയായ ഇളയമകള്‍ തറവാടിനു മാനക്കേടുണ്ടാക്കിയിരിക്കുന്നു.
അവിഹിത ഗര്‍ഭം തന്നെ .
ഉത്തരവാദി ആരാണെന്ന് ആരും പറഞ്ഞു കേട്ടില്ല .
പക്ഷെ ഞാന്‍ ‍അറിയും അയാളെ .
അറിഞ്ഞിട്ടു എന്ത് ?
പത്താം ക്ലാസ്സുകാരനായ ഒരു ബാലന് എന്ത് ചെയ്യാന്‍ കഴിയും .
പറ്റുന്നത് ചെയ്തു .
അയാളെ നേരിട്ട് കണ്ടു . "എനിക്ക് എല്ലാം അറിയാം" എന്ന് പറഞ്ഞു .
ജീവിതത്തില്‍ ഇത്ര ഭീഷണമായ ഒരു മുഖം ഇതിനു മുന്പ് ഞാന്‍ കണ്ടിട്ടില്ല .
ചീറി കൊണ്ട് ഒരു വരവായിരുന്നു .
അവന്‍ ജോലി ചെയ്യുന്ന കട ആയിരുന്നു രംഗം .
മറ്റാളുകള്‍ ആരും ഇല്ല .
ഞാന്‍ ജീവനും കൊണ്ട് പുറത്തേക്കു ഓടി .
ആ നാട്ടില്‍ പിന്നെ നിന്നില്ല .
സിന്ധുവിനെ മറക്കാന്‍ കഴിയുന്നില്ല . എന്റെ അത്ര അടുത്ത അയല്‍വാസി അല്ല എങ്കിലും
എന്റെ അടുത്ത കൂട്ടുകാരിയായിരുന്നു . സ്കൂളില്‍ പോകുന്നതു മിക്കപ്പോഴും ഞങ്ങള്‍ ഒന്നിച്ചായിരുന്നു . പാരലല്‍ കോളേജില്‍ ടുഷന്‍ പഠിക്കുന്നത് ഒന്നിച്ചായിരുന്നു .
വൈകിട്ട് എന്റെ വീട് വരെ കൂട്ടു കാണും .
ഹൈറേഞ്ച് മലമടക്കുകളില്‍ കുടിയേറി
പാര്‍ത്ത പഴയ തറവാടുകളില്‍ ഒന്നായിരുന്നു അവളുടേത് .
അഭിമാനിയായ അച്ഛന്‍. മൂത്ത രണ്ടു സഹോദരിമാര്‍.
ഇരുവരും കാണാന്‍ അതി സുന്ദരികള്‍ .
അത്ര സൌന്ദര്യവും നിറവും സിന്ധുവിന് ഉണ്ടായിരുന്നില്ല . തടിച്ച ശരീര പ്രകൃതി .
രാവിലെ സ്കൂളില്‍ പോകാന്‍ ഇറങ്ങി റോഡില്‍ എത്തുമ്പോള്‍ സിന്ധു വന്നിട്ടുണ്ടാകും .
ക്ലാസ്സിലെ കഥകളും വിശേഷങ്ങളും പങ്കുവെച്ചു സ്കൂളിലേക്കുള്ള യാത്ര . ഇടക്ക് വച്ച് സിന്ധു പിണങ്ങും .
അല്‍പ്പനേരം മിണ്ടാതെ നടക്കും . വീണ്ടും ഇണങ്ങും. എത്ര കഥകള്‍ വേണമെങ്കിലും
അവള്‍ക്കു പറയാനുണ്ടാകും .
തലേ ദിവസം അമ്മയറിയാതെ പുളി മരത്തില്‍ കയറിയതും മാങ്ങാ എറിഞ്ഞു വീഴിച്ചതും മുതല്‍ തന്നെ നോക്കി എന്നും ചിരിച്ചു കാണിക്കുന്ന അയാളെ കുറിച്ച് വരെ അവള്‍ പറയും.
"ഞാന്‍ അവനെ നിനക്ക് കാണിച്ചു തരാം".
ഒരു ദിവസം അവള്‍ പറഞ്ഞു .
സ്കൂളിന് അടുത്തുള്ള ഒരു ലേഡീസ് സെന്‍ററില്‍ ജോലിക്കാരന്‍ ആണയാല്‍ .
കാഴ്ചക്ക് കുഴപ്പമില്ല . പക്ഷെ ഞാന്‍ അത്ര ലോഹ്യം കാണിച്ചില്ല.
സ്കൂള്‍ വിട്ടു വരുമ്പോള്‍ എന്നും അയാള്‍ കടക്കു പുറത്തിറങ്ങി നില്‍ക്കുന്നത്
കാണാം. സിന്ധു വരുന്നത് കാത്തുള്ള നില്‍പ്പാണ് .
ഒരു പ്രണയത്തിന്റെ നിലാവ് പരന്നതു
പെട്ടന്നാണ്.

പ്രേമം കാഴ്ചയെ മറച്ചു. ഹൃദയം അന്ധമായ്‌.
അവിടെ കുറുകുന്ന രണ്ടു ഇണപ്രാവുകള്‍
പാറി നടന്നു .
സിന്ധു പതിവുപോലെ എന്റെ ഒപ്പം സ്കൂളിലേക്ക് പോരുമെങ്കിലും പഴയ സംസാരമോ കഥ പറച്ചിലോ അവള്‍ക്കുണ്ടായിരുന്നില്ല.
എനിക്കതില്‍ ഈര്‍ഷ്യയും ഉണ്ടായിരുന്നു . എന്നോട് പഴയ സൗഹൃദം

കാണിക്കാത്തതില്‍
എനിക്കുള്ള അനിഷ്ട്ടം
ഞാന്‍ വെട്ടിത്തുറന്നു പറഞ്ഞു .
അതിന് അവള്‍ ഒന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ .
ഞങ്ങള്‍ തമ്മില്‍ പിണങ്ങി.

"നിനക്ക് പുതിയ കൂട്ടുകാരനെ കിട്ടി, അതിന്റെ പ്രശ്നങ്ങളാ.
എല്ലാം ഞാന്‍ അറിയുന്നുണ്ട് ".
വെറുതെ ആണ് അങ്ങനെ പറഞ്ഞത്.
അവളുടെ കണ്ണുകളില്‍ ഭീതി പരന്നു .

"എടാ നീ ആരോടും പറയരുത്,
എന്റെ വീട്ടില്‍ എങ്ങാനും അറിഞ്ഞാല്‍ എന്നെ കൊന്നു കളയും".
ഓഹോ നിനക്കപ്പോള്‍ പേടിയുണ്ട് .
ഞാന്‍ അവളെ ഒന്ന് ഉപദേശിക്കാന്‍ തീരുമാനിച്ചു.
പണ്ടേ ഞാന്‍ ആ കാര്യത്തില്‍ മിടുക്കന്‍ ആണ് .
ഞങ്ങള്‍ ഒളിച്ചോടും ...
എങ്ങോട്ട് ...
ആ..
അവനു നിന്നോട് സത്യത്തില്‍ സ്നേഹമുണ്ടോ..
അതോ..
പിന്നില്ലാതെ...
എങ്കിലും നീ സൂക്ഷിക്കണം ..
എനിക്ക് വേറെ പല ഉപദേശങ്ങളും കൊടുക്കാനുണ്ട് ...
പക്ഷെ .. പറയുന്നത് എങ്ങനെ...
എങ്കിലും പറഞ്ഞു ഒപ്പിച്ചു ...
നിങ്ങള്‍ തമ്മില്‍ എവിടെ വെച്ചാണ് കാണുന്നത് ..
അവന്‍ എന്നും വൈകുന്നേരം കട അടച്ചു കഴിഞ്ഞാല്‍ ഇവിടെ വരും...
എവിടെ ...
ഞങ്ങളുടെ വീടിനടുത്ത്..
അമ്പടാ.
അപ്പോള്‍ ഇത് സ്നേഹം തന്നെ ....
നിന്റെ വീട്ടില്‍ ആരും അറിയില്ലേ ..
ഇല്ല .
ഞാന്‍ പശുവിനു പുല്ലറുക്കാന്‍ പോകുമ്പോള്‍ ....
..
എന്റെ ദൈവമേ....
എനിക്ക് ഇനി ഒന്നും കേള്‍ക്കേണ്ട...
ഞാന്‍ നിര്‍ത്തി..
ഹൃദയത്തില്‍ വല്ലാത്ത ഒരു മിടിപ്പ്...
ഒരു പതിനാലുകാരന്റെ ഹൃദയത്തിനു കാര്യം മനസിലായിരിക്കുന്നു ..
അതാണ്‌ ഈ ഗതി വേഗം..
എങ്കിലും ഒരു ഇച്ചീച്ചി കാര്യം ആണിതെന്നു എനിക്ക് തോന്നി.
മുഖത്തെ ഇഷ്ട്ടക്കേട്‌ മായ്ച്ചിട്ടും പോയില്ല .
അവന്‍ എന്തിനായിരിക്കും അവിടെ ചെല്ലുന്നത്.
സിന്ധുവിനു എന്തോ അപകടം സംഭവിക്കാന്‍ പോകുന്നു.
എനിക്കു ഭീതി തോന്നി .
അവളോട്‌ കാര്യം ചോദിക്കണം എന്നും വിലക്കണം എന്നും ഉണ്ട്.
പക്ഷെ കഴിയുന്നില്ല . എങ്ങനെ പറയും ..
പിറ്റേ ദിവസം മുതല്‍ ഞാന്‍ സിന്ധുവിനെ കാണാന്‍ മനപ്പൂര്‍വം ശ്രമിച്ചില്ല .
അവള്‍ വരുന്നതിനു മുന്പേ
സ്കൂളില്‍ പോകാന്‍ ഇറങ്ങി .
വൈകിട്ട് പതിവിലും നേരത്തെ വീട്ടില്‍ എത്തി .
എന്താടാ നീ സിന്ധുവിനോട് പിണങ്ങിയോ ?
അമ്മയുടെ ചോദ്യം..
എന്താ അമ്മെ ?
ആ കൊച്ചു ഇന്ന് ഒറ്റയ്ക്ക് പോകുന്നത് കണ്ടു .
നീ എന്തിയെ എന്ന് ചോതിച്ചു ..
എന്തൊക്കെയോ പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി ..
വളരെപെട്ടന്നാണ് ദിവസങ്ങള്‍ കടന്നു പോയത് .
പത്താം ക്ലാസ്സിലെ പരീക്ഷ അടുത്ത് വന്നു .
പരീക്ഷ ചൂടില്‍ സകലതും മറക്കാന്‍ ശ്രമിച്ചു..
പരീക്ഷ കഴിയുന്നത്‌ വരെ കുന്നിന്മുകളില്‍ പോയിരിക്കരുതെന്നു അമ്മ നിര്‍ബന്ധപൂര്‍വം
വിലക്കി .അവസാന പരീക്ഷ കഴിഞ്ഞപ്പോള്‍
അടുത്ത കൂട്ടുകാരെ പിരിയുന്നതിലായി സങ്കടം ...
ചിലരോടെല്ലാം യാത്ര പറഞ്ഞപ്പോള്‍ കണ്ണും മനസും നിറഞ്ഞു .. എന്റെ പരിചയങ്ങളും
സൌഹൃദങ്ങളും എല്ലാം ഒരു പക്ഷെ ഇവിടെ അവസാനിക്കും . കാരണം ഞങ്ങള്‍
കുടുംബസമേതം നാട്ടിന്‍ പുറത്തേക്കു പോകുകയാണ് ..

അച്ഛന് ജോലി മാറ്റം . ഇനി തുടര്‍ന്നുള്ള പഠനം അവിടെ തന്നെ .
അടുത്ത എല്ലാ സുഹൃത്തുക്കളേയും
പിരിയുന്നു . അവസാന ദിവസം പലരെയും കാണാന്‍ കണ്ണുകള്‍

തിടുക്കം കൂട്ടി. സിന്ധുവിനെയും കാണണം .
പിണക്കം മറന്നു യാത്ര ചോദിക്കണം . തന്റേതു
സാധാരണ വേര്‍പിരിയല്‍ അല്ല. തനിക്ക് മാത്രം നാടുവിട്ടുള്ള യാത്രയാണ് .

ഇനി ഒരു പക്ഷെ പരസ്പരം കണ്ടില്ലെന്നും വരാം.
റിസള്‍ട്ട്‌ പത്രത്തില്‍ അറിയാം . എങ്കിലും ഒരിക്കല്‍ കൂടി വരണം .
സിന്ധുവിനെ കാണുന്നില്ല . അവള്‍ പരീക്ഷ എഴിതിയില്ലേ ....
ഇല്ല വന്നിട്ടില്ല .. ചിലര്‍ പറഞ്ഞു . എങ്കിലും തിരക്കി ..
ഒടുക്കം കണ്ടു മുട്ടി . സ്കൂളിന് പിന്നിലെ കിണറില്‍ നിന്നും വെള്ളം കോരി കുടിക്കുന്നു .
ഒന്ന് രണ്ടു കൂട്ടുകാരികളും ഉണ്ട് .
തന്നെ കണ്ടപ്പോള്‍ അവള്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു .
സിന്ധു...... ഞാന്‍ വിളിച്ചു
അവളുടെ മുഖത്തു പഴയ തെളിച്ചമില്ല .
നല്ല ക്ഷീണവുമുണ്ട് ...
അവള്‍ ചിരിച്ചെന്നു വരുത്തി .
ഞാന്‍ പോകുവാ..
ഞങ്ങള്‍ വീടും സ്ഥലവും വിറ്റു . ചെങ്ങന്നുരിനു പോകുവാ.
ഇനി ചിലപ്പോള്‍ കണ്ടെന്നു വരില്ല .
അവളുടെ കണ്ണുകള്‍ നിറഞ്ഞു .
നീ പോവാണോ ?
ഇനി എന്നാ കാണുന്നത് ..
ചിലപ്പോള്‍.....
ഞാന്‍ ഇവിടെ വന്നാല്‍ വീട്ടില്‍ വരാം നിന്നെ കാണാന്‍..
വേണ്ട ..
അതെന്താ....?

അവള്‍ ഒന്നും പറഞ്ഞില്ല ...
കൂടുകാരികള്‍ തിടുക്കം കൂട്ടുന്നു ... എന്നാല്‍ പോകട്ടെ ....
അവള്‍ കൈവീശി കാണിച്ചു ...

ആ പോകുന്നത് തന്റെ ഒരു വലിയ സൌഹൃദമാണ് .
അവള്‍ക്കും തനിക്കും ഇടയില്‍ ഇപ്പോഴും അദൃശ്യമായ വലിയ ഒരു ബന്ധം നിലനില്‍ക്കുന്നു .
അത് ഞാന്‍ തിരിച്ചറിയുന്നത്‌ ഇപ്പോളാണോ ?
അവളോട് അകല്‍ച്ച ഭാവിക്കെണ്ടായിരുന്നു .
പാവം അവള്‍ക്കു വലിയ വിഷമം
ഉണ്ടായി കാണും.
കണ്ണ് നിറഞ്ഞു തുളുമ്പുന്ന അവളുടെ
നിഷ്കളങ്കമായ മുഖം തനിക്ക് ഓര്‍ക്കാനേ വയ്യ .
പിന്നെങ്ങനെ ഞാന്‍ ഈ ക്രൂരത കാണിച്ചു .
ഇനി തിരുത്താന്‍ പറ്റുമോ ?
ഇല്ല . ഞാന്‍ പോകുകയല്ലേ ..
ഈ നാടുപോലും എന്നില്‍ നിന്നും കൈവിട്ടു പോകുന്നു ......
വൈകുന്നേരം വീട്ടില്‍ എത്തി അമ്മ കാണാതെ കുറെ നേരം കരഞ്ഞു .
ഇരുട്ടുവോളം വീടിനടുത്തുള്ള ആ കുന്നില്‍ മുകളില്‍ പോയി മാനം നോക്കി കിടന്നു .
സങ്കടം കൊണ്ട് കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്നു .
ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ ഈ കുന്നിന്‍ പുറവും തനിക്ക് അന്യമാകും .
ഈ ചേതോഹര ഹരിത സായന്തനങ്ങള്‍ ആണ് എന്നെ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചത് .
നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലനിരകള്‍ക്കു മുകളിലൂടെ
എത്ര തവണ താന്‍ മനസ്സ് കൊണ്ട്
സഞ്ചരിച്ചിരിക്കുന്നു.......
മറ്റാരുടേതോ ആകാന്‍ പോകുകയാണീ
മണ്ണും ഇവിടുത്തെ തന്റെ വാസസ്ഥലങ്ങളും .

അച്ഛനോട് ട്രാന്‍സ്ഫര്‍ വേണ്ടാന്നു പറഞ്ഞു നോക്കിയാലോ ?
ഹോ ......
ഒരിക്കലേ അങ്ങനെ ചിന്തിച്ചുള്ളൂ. അച്ഛന്‍
കൊമ്പന്‍ മീശ ചുരുട്ടി തുറിച്ചു നോക്കുന്നത് ഓര്‍ത്തപ്പോള്‍ ജീവന്‍ പോയി .
ഏതായാലും വേണ്ട .
വലുതാകുമ്പോള്‍ തനിക്കും ഇവിടൊക്കെ വരാമെല്ലോ.
ഈ കുന്നുംപുറം മൊത്തം വാങ്ങണം
അന്നും ഈ മലനിരകള്‍ ഇവിടെത്തന്നെ കാണും .
ഇരുട്ടിയപ്പോള്‍ വീട്ടിലേക്കു നടന്നു .
അമ്മ കാത്തു നില്‍പ്പുണ്ടായിരുന്നു .
നീ എന്താ വൈകിയത് ?
വെറുതെ ..
നിനക്ക് സങ്കടമുണ്ടോ ?
അമ്മ മുഖത്തേക്ക് നോക്കി .
തന്‍റെ കണ്ണ് നിറഞ്ഞു വന്നു ,
സാരമില്ലെടാ..
നീ ആണ്‍കുട്ടി അല്ലെ ..
കൂട്ടുകാരെ ഒക്കെ കാണാന്‍ പിന്നെ വരാമെല്ലോ
അമ്മ ചേര്‍ത്ത് പിടിച്ചു തലയില്‍ തഴുകി ..
തന്‍റെ സങ്കടം പൊയ്പോയി ...
അടുത്ത ദിവസം നേരം വെളുത്തത്
ഹൃദയഭേതകമായ ഒരു വാര്‍ത്തയോടെ
ആയിരുന്നു .
സിന്ധു ആത്മഹത്യ ചെയ്തു .
അമ്മ കരയുന്നു . ഞാന്‍ നടുങ്ങി പോയി .
എന്റെ ഭാവ പകര്‍ച്ച കണ്ടിട്ടാവണം
അമ്മ അടുത്ത് വന്നു . ഞാന്‍ മുഖം തിരിച്ചു .
ഇപ്പോള്‍ അമ്മ എന്നെ ആശ്വസിപ്പിക്കേണ്ട ..
എനിക്ക് കരയണം . അമ്മ തലയില്‍
തഴുകേണ്ട.
എന്ത് ചെയ്യണം എന്നറിയാത്ത കുറെ നിമിഷങ്ങള്‍ .
പതുക്കെ വീടിനു പുറത്തിറങ്ങി .
ആളുകള്‍ അങ്ങിങ്ങായി റോഡില്‍ കൂട്ടം കൂടി നില്‍പ്പുണ്ട് .
മരണവീട്ടില്‍ പോയി മടങ്ങി വന്ന ചിലര്‍
അടക്കം പറയുന്നു .
തന്നെ കണ്ടപ്പോള്‍ ചിലരുടെ മുഖത്ത് സഹതാപം .
എന്നും ഒന്നിച്ചു സ്കൂളില്‍ പോകുന്നവര്‍
ആയിരുന്നില്ലേ . കൂട്ടുകാര്‍ ...
നീ അറിഞ്ഞോ .... സിന്ധു മരക്കൊമ്പില്‍ കെട്ടിതൂങ്ങി കിടക്കുന്നു . കാലുകള്‍ നിലത്തു
മുട്ടിയിട്ടുണ്ട് ..
ആര്‍ക്കറിയാം .... മറ്റൊരാള്‍ പകുതിയില്‍ നിര്‍ത്തി ...
എന്റെ ദൈവമേ ...
ഉള്ളില്‍ നിന്നും ഒരാളല്‍......

പോലീസ്നു ആള് പോയിട്ടുണ്ട് .
അതൊക്കെ അവളുടെ അച്ഛന്‍ തേച്ചു മാച്ചു കളയും.. കുടുംബത്തിനു മാനക്കേടല്ലേ..
ഇഷ്ട്ടം പോലെ പണം ഇല്ലേ .... അഭിപ്രായങ്ങള്‍ അങ്ങനെ പോകുന്നു .
പകല്ചൂടില്‍ താന്‍ വെന്തു പോകുന്ന പോലെ
എങ്ങനെയും ഇവിടുന്നു രക്ഷപെടണം .
തിരിച്ചു വീട്ടിലേക്കു തന്നെ നടന്നു .
അവസാനമായി സിന്ധുവിനെ കണ്ടത് ഇന്നലെ ആണ് . ഒന്ന് കൂടി കാണണം എന്നുണ്ട് .
പക്ഷെ എങ്ങനെ ആ രംഗം ....
തനിക്കിപ്പോള്‍ കരച്ചില്‍ വരുന്നില്ല . കണ്ണുനീര്‍ വറ്റിയതുപോലെ.
വീട്ടില്‍ വരുന്ന അയല്‍പക്കത്തെ സ്ത്രീകള്‍
അമ്മയോട് പല കഥകളും പറയുന്നുണ്ട് .
സിന്ധുവിനെ ആരോ ചതിച്ചതാണെന്നും
അവളുടെ അച്ഛന്‍ അവളെ ചവിട്ടി കൊന്നു കെട്ടി
തൂക്കിയതാണെന്നും മറ്റും മറ്റും .
ആരാണവളെ ചതിച്ചതെന്നു എനിക്കറിയാം...
ഞാന്‍ പറഞ്ഞാലോ ....
പക്ഷെ എങ്ങനെ പറയും ...
ആരോട് പറയും ..
പലവിധ ചിന്തകള്‍ കൊണ്ട് പകല്‍ ഒടുങ്ങി ...
പോലീസു വന്നു പോയി . ഒന്നും സംഭവിച്ചില്ല
അവളുടെ അച്ഛന്‍ സ്വാധീനിച്ചു കാണും.
വീണ്ടും ഭുമി ഇരുട്ടിവെളുത്തു...

ഇനി ഈ നാട്ടില്‍ ഒരു ദിവസം കൂടി മാത്രം .
വീട്ടു സാധനങ്ങള്‍ മിക്കതും നേരത്തെ തന്നെ
പുതിയ സ്ഥലത്തേക്ക് അയച്ചതിനാല്‍
ഒന്നും കെട്ടി പെറുക്കാനില്ല.
അമ്മ അയല്പ്പക്കതുള്ളവരോട് യാത്ര ചോതിക്കാനുള്ള തിരക്കിലാണ് ...
എനിക്കും ഒരാളെ കാണാന്‍ ഉണ്ട് ..
കാണാതെ പോയിക്കൂട ...
കണ്ടില്ലെങ്കില്‍ ഒരു പക്ഷെ അത് തന്‍റെ ഉള്ളില്‍ എന്നും ഒരു നീറ്റലായി തിരിഞ്ഞും മറിഞ്ഞും കിടക്കും.

നേരെ പോയത് സ്കൂളിനടുത്തുള്ള ആ ചെറിയ ഫാന്‍സി
കടയിലേക്കാണ്....
അവിടെ കൌണ്ടറില്‍ അവന്‍ നില്‍പ്പുണ്ട് .
മുഖത്ത് ഒരു ഭാവ വിത്യാസവുമില്ല.
എന്നെ കണ്ടതും മുഖം ഒന്ന് കനത്തു .
ഒരു മുന്‍കരുതല്‍ എന്ന വണ്ണം ഞാന്‍ പറയാനുള്ളത് ഒന്ന് കൂടി ഓര്‍ത്തുവെച്ചു ..
ഭാഗ്യം കടയില്‍ മറ്റാരുമില്ല .

സിന്ധു മരിച്ചു അല്ലെ ?
"അതിനു ഞാന്‍ എന്ത് വേണം ...
തിടുക്കപ്പെട്ടുള്ള അവന്റെ മറുപടിയില്‍
അസ്വാഭാവികമായ സ്വരവത്യാസം .
വെറുപ്പും അടക്കാനാവാത്ത കോപവും
എന്റെ ഉള്ളില്‍ കുമിഞ്ഞു കൂടി ..
"എനിക്കെല്ലാം അറിയാം .. "
അവന്‍ ഒന്ന് പകച്ചു .. പെട്ടന്ന് എന്റെ നേരെ ചീറി അടുത്തു..
ശത്രുവിന്റെ കഴുത് ഞെരിച്ചു കൊല്ലാനുള്ള അവന്റെ വരവില്‍ നിന്നും
ഞാന്‍ കുതറി ഓടി രക്ഷപെട്ടു .
പുറത്തേക്കു ഓടുകതന്നെ.. നിര്‍ത്താതെ ഓടി ..
ഏറെ നേരം കഴിഞ്ഞാണ് ഓട്ടം നിര്‍ത്തിയത് ...
തിരിഞ്ഞു നോക്കിയപ്പോള്‍ പിന്നില്‍ ആരുമില്ല .
ഭീരു ...
കൂട്ടുകാരിയുടെ മരണത്തിനു കാരണക്കാരന്‍ ആയവന്റെ
രോമത്തില്‍ ഒന്ന് തൊടാന്‍ പോലും ധൈര്യമില്ലാത്തവന്‍.

ഇപ്പോള്‍ ഇരുപതു വര്‍ഷം പിന്നിട്ടിരിക്കുന്നു .
പുതിയവര്‍ പലരും ഭൂമിയില്‍ വന്നു ആധിപത്യം സ്ഥാപിച്ചിരിക്കുന്നു .

പഴയ പ്രഭുക്കന്മ്മാര്‍ അസ്തമിച്ചു മടങ്ങിപോയി .
ചിലരെല്ലാം ഇപ്പോളും ഭൂമിയെ വിടാതെ നൊമ്പരപ്പെടുത്തി ജീവിച്ചു മറിയുന്നു .
അയാളും മടങ്ങിയിട്ടില്ല .
സിന്ധു എന്റെ ഓര്‍മയില്‍ എന്നോടൊപ്പം കഥകള്‍ പറഞ്ഞും
ചിരിച്ചും പിണങ്ങിയും ഇന്നും ജീവിക്കുന്നു .
പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളുടെ വില
എത്ര തുച്ഛവും നിസ്സാരവും ആയിരുന്നു.
സത്യം ജയിക്കാന്‍ ഇനി ആരുടെ കോടതിയാണ് കനിയേണ്ടത് ..
എന്റെ മനസ്സില്‍ അവനുള്ള ശിക്ഷ വിധിച്ചതാണ് ..
പക്ഷെ നടപ്പാക്കാന്‍ .....
ഞാന്‍ അധികാരിയും ജന്മിയും അല്ലെല്ലോ ...
ഞാന്‍ നിന്റെ സുഹൃത്ത്‌ മാത്രം ആയിരുന്നില്ലേ ..
ഇടയ്ക്ക് പിന്നെ നീ എന്തിനാണ് എന്റെ
ഉള്ളില്‍ ഇരുന്നു തേങ്ങുന്നതു. നിന്റെ കണ്ണ് നീര്‍ തളം കെട്ടി
എന്റെ മനസിപ്പോള്‍ ഒറ്റപ്പെട്ട ഒരു തുരുത്ത് പോലെ ആയിരിക്കുന്നു .
ഞാന്‍ നിര്‍ത്തുകയാണ് .. ഇനി എഴുത്ത് തുടര്‍ന്നാല്‍ ...
ചിലതെല്ലാം കൂടി പറയേണ്ടി വരും .. വേണ്ട ..
അത് എന്റെ ഉള്ളില്‍ തന്നെ ഇരിക്കെട്ടെ ..
നിന്റെ ജീവിക്കുന്ന ഓര്‍മകള്‍ക്ക് മുന്നില്‍
എന്റെ ദുഖാര്‍ദ്രമായ ഹൃദയവും ഈ അക്ഷരങ്ങളും

ഞാന്‍ സമര്‍പ്പിക്കുന്നു .

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...