2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

എന്റെ ഹൃദയമേ

എന്റെ ഹൃദയമേ നീ എന്നെ എങ്ങനെയാണ് തോല്‍പ്പിക്കുന്നത്
നിന്റെ ഇണക്കം കൊണ്ടോ ...
പിണക്കം കൊണ്ടോ...
അതോ പരിഭവം കൊണ്ടോ .. ..
.ഞാന്‍ എന്നെ നിനക്കായ്‌ എന്നേ സമര്‍പ്പിച്ചു കഴിഞ്ഞു.
കൊഴിഞ്ഞു പോയ ദിനങ്ങളുടെ ഓരോ
ഇതളുകളിലും നമ്മുടെ പ്രണയത്തിന്റെ പരാഗണങ്ങള്‍ തിളങ്ങി നിന്നിരുന്നു.
നമ്മെ ചുറ്റി കടന്നു പോയ കാറ്റിന്റെ
ചുണ്ടതും തളിരിടാന്‍ വെമ്പുന്ന
സ്നേഹത്തിന്റെ ശീലുകള്‍ മൃദു മന്ത്രങ്ങള്‍ പോലെ പോഴിയുന്നുണ്ടായിരുന്നു .
പ്രഭാതം നമുക്ക് നല്‍കിയത് അവളുടെ തുടുത്ത
കവിളുകളില്‍ മുത്തം വെക്കുന്ന പകലുകള്‍ മാത്രം ആയിരുന്നില്ല .
നമ്മിലേക്കുള്ള ദൂരം ഒരാലിംഗനത്തിന്റെ
അത്രയും അടുത്തേക്ക് നമ്മുടെ മനസ്സുകള്‍ ചേരുന്ന നിമിഷങ്ങളായിരുന്നു .

2010, ജൂലൈ 9, വെള്ളിയാഴ്‌ച

അമ്മ

അന്ന് രാത്രി അവന്‍ നാട് വിട്ടു .
അച്ചനോട് പിണങ്ങി.
അമ്മയുടെ കരയുന്ന മുഖം മാത്രം ആണ് അവനെ ഇടക്ക് ആശക്തനാക്കുന്നത്.
അമ്മ കരയുന്നത് മാത്രം അവനു സഹിക്കില്ല .
അമ്മ ഒരു പാട് കരഞ്ഞിട്ടുണ്ട് .
അന്നെല്ലാം തീരുമാനിക്കും അമ്മയെ ഇനി ഒരിക്കലും കരയാന്‍ സമ്മതിക്കരുതെന്ന്.
പക്ഷെ അമ്മ വീണ്ടും കരയും.
പണ്ട് കുഞ്ഞായിരിക്കുമ്പോള്‍ അമ്മയുടെ മടിയില്‍ കിടന്നു ഉറങ്ങിയിരുന്നത്
അവനു ഓര്‍മ്മ വന്നു.
അമ്മ ഒരു പഴയ സിനിമ പാട്ടിന്റെ ഈരടികള്‍ മൂളുമായിരുന്നു
"പാപം കുഞ്ഞേ നീ ചെയ്യരുതേ
ദൈവ കോപം നിന്റെ മേല്‍ ആഞ്ഞു വീഴും
ഭീഷണി എത്ര മുഴങ്ങിയാലും
നിന്റെ കൂടുകാര്‍ എത്ര പിണങ്ങിയാലും "
ജീവിതത്തില്‍ ഇന്ന് വരെ ആ ഓര്‍മ്മകള്‍
ഒരു നിധി പോലെ ഞാന്‍ സൂക്ഷിക്കുന്നു .
മുതിര്ന്നപ്പോളും
അമ്മയെ ഓര്‍ക്കുബോളൊക്കെ മനസ്സ് സ്നേഹം കൊണ്ടും സങ്കടം
കൊണ്ടും വീര്‍പ്പു മുട്ടും.
അമ്മ അറിയാതെ അമ്മയെ പോയി നോക്കി നില്‍ക്കും.
എത്ര സാധുവും നിഷ്കളങ്കയുമാണ് എന്റെ അമ്മ.
വലിയ വിദ്യഭ്യാസം ഒന്നും ഇല്ലെങ്കിലും അമ്മ പറയുന്നത്
അതേപടി സംഭവിച്ചിരുന്നത് അച്ഛന്റെ കാര്യത്തില്‍ ആയിരുന്നു.
സ്വന്തം ഇഷ്ട്ട പ്രകാരം അച്ഛന്‍ ചെയ്തു കൂട്ടുന്നതിന്റെ ഭവിഷ്യത്ത് അമ്മ മുന്‍ കൂട്ടി പറയും. പാളിച്ചകള്‍ സംഭവിക്കുമ്പോള്‍ അച്ഛന്‍ അമ്മയെ പഴിക്കും.
നീ അങ്ങനെ പറഞ്ഞത് കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.
അമ്മ ചിരിക്കും.
പിന്നീട് എന്റെ ജീവിതത്തിലും അമ്മ ഒരു വാക്കായി മാറി.
അമ്മ എന്ത് പറഞ്ഞാലും ഞാന്‍ അനുസരിക്കുമായിരുന്നു.
അമ്മ പറയുന്നത് പോലെ ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെ ആണ്.
പക്ഷെ ഇന്ന് എനിക്ക് എന്‍റെ അമ്മയെ വേദനിപ്പിക്കേണ്ടി വരും .
നാളെ നേരം വെളുക്കുമ്പോള്‍ അമ്മ ചായ ഉണ്ടാകി വെച്ച് വിളിക്കും
മോനെ ,,,ദാ ചായ ..
ചെല്ലാന്‍ വൈകിയാല്‍ അമ്മ മുറിയുടെ വാതിലില്‍ മുട്ടും
ചായ്‌ കുടിക്കു കുഞ്ഞേ. അമ്മക്ക് ജോലിയുണ്ട്.
അമ്മ അങ്ങനെ ആണ് .
ഞാന്‍ ചായ കുടിക്കണം എന്ന് നിര്‍ബന്ധം ഉള്ളത് പോലെ.
കാരണം അടുക്കളയുടെ കോണില്‍ കെട്ടിയ തൊഴുത്തില്‍ നില്‍ക്കുന്ന
ചുവന്ന നാടന്‍ പശുവിന്റെ പാലിന് ഞാന്‍ അവകാശിയാണ് പോലും.
അവള്‍ക്കു വേണ്ടുന്ന വൈക്കോല്‍ കൊടുക്കുന്നതും
രാത്രി പിണ്ണാക്ക് കുതിര്‍ത്ത വെള്ളം കുടിക്കാന്‍ കൊടുക്കുന്നതും
മിക്കപ്പോഴും ഞാന്‍ തന്നെ.
അവള്‍ക്ക് അമ്മയെ പോലെ തന്നെ എന്നോടും പ്രിയമാണ്.

അടുത്ത് ചെന്നാല്‍ നീണ്ട നാവു കൊണ്ട് നക്കി നനയ്ക്കും.
മുഖത്ത് തടവിയാല്‍ അനങ്ങാതെ നില്‍ക്കും.


ബസ്സിന്റെ സൈഡ് സീറ്റില്‍ തന്നെ ഇടം പിടിച്ചു
ഏതോ ഫാസ്റ്റ് പാസ്സഞ്ചര്‍ ആണ്
കുമളി ബോര്‍ഡ്‌ ആണ് കണ്ടതെന്നു തോന്നുന്നു
കണ്ടക്ടര്‍ ടിക്കറ്റ്‌ ടിക്കറ്റ്‌ എന്നും പറഞ്ഞു വന്നു.
പോക്കറ്റില്‍ ഉണ്ടായിരുന്നു രൂപ എടുത്തു നീട്ടി
എങ്ങോട്ടാ..?
നാട് വിട്ടവന് എങ്ങോട്ട് പോയാല്‍ എന്താ.
വായില്‍ വന്ന സ്ഥലം പറഞ്ഞു. കുമളി.
ടിക്കെറ്റില്‍ എന്തോ കുത്തി കുറിച്ച് ബാക്കി തന്ന് അയാള്‍ പോയി
നല്ല തണുപ്പുണ്ട്. ഷട്ടര്‍ താഴ്ത്തിയിട്ടു
ബസ്സിനുള്ളില്‍ കുറച്ചു യാത്രക്കാരുണ്ട്.
മിക്കവരും നല്ല ഉറക്കത്തിലാണ്.എനിക്കും ഉറക്കം വരുന്നു.
ഇപ്പോള്‍ മനസ്സ് ശൂന്യമാണ്. ഒന്നും ഓര്‍ക്കാന്‍ ഇഷ്ട്ടപെടുന്നില്ല.
ബസ്‌ അമിത വേഗതയില്‍ ആണെന്ന് തോന്നി.
ഇടക്ക് കുഴിയില്‍ ചാടുമ്പോള്‍ യാത്രക്കാര്‍ ബസ്സിന്റെ കമ്പികളില്‍ മുറുക്കെ പിടിക്കും. കുമളിയില്‍ ഇതിനു മുന്പ് പോയിട്ടുണ്ട്. തേക്കടിയില്‍ .
അച്ഛനും അമ്മയ്ക്കും ഒപ്പം രണ്ടു മണിക്കൂറോളം ബോട്ടില്‍ ഒരു യാത്ര.
തടാകത്തിന്റെ ഇരു കരകളിലും വലിയ വൃക്ഷങ്ങള്‍ നിറഞ്ഞ കാടുകള്‍.
കൊറേ ആനകളെയും പന്നി കൂട്ടങ്ങളെയും കണ്ടു അന്ന് ത്രിപ്തി പെടേണ്ടിവന്നു.
ബസ്‌ എത്ര മണിക്ക് കുമളിയില്‍ എത്തും എന്നറിഞ്ഞു കൂടാ
കുറഞ്ഞത് നാലു മണിക്കൂര്‍ എങ്കിലും വേണം
അത്രയും നേരം ...ഉറങ്ങാതെ ..
പകല്‍ മുഴുവനും ജോലിയില്‍ ആയിരുന്നു.
പുതിയ വീടിന്റെ പണി നടക്കുന്നു . അന്ന് രാവിലെ
അച്ഛന്‍ ഓഫീസില്‍ പോയപ്പോള്‍ കുറേയേറെ ജോലികള്‍ ഏല്‍പ്പിച്ചിരുന്നു.
പണിക്കാരുടെ ഒപ്പം ഉച്ച വരെ. ഇടക്ക് വെള്ളം കോരിയും
ഇഷ്ട്ടിക നീക്കി വെച്ചും മണല്‍ അരിച്ചും..അങ്ങനെ സമയം പോയതറിഞ്ഞില്ല.
ഉച്ച ഊണിനു വീട്ടില്‍ പോയപ്പോള്‍ അമ്മയുടെ മുഖത്ത്‌ ഒരു പന്തികേട്.
എന്താ അമ്മെ? അമ്മ മിണ്ടുന്നില്ല.
എനിക്ക് ദേഷ്യം വന്നു. എന്താ അമ്മെ, പറ.
ഒന്നുമില്ലെടാ . ഓരോന്ന് ഓര്‍ത്തു പോയതാ ..
ഈ അമ്മയുടെ ഒരു കാര്യം. ഇടക്ക് പഴയതെല്ലാം ഓര്‍ത്തു സങ്കടപ്പെടും
പിന്നെ അന്ന് മുഴുവനും നെടുവീര്‍പ്പുകളും കണ്ണ് നീരുമാണ്.
അമ്മെ എനിക്ക് വിശക്കുന്നു.
കറി വെന്തില്ല. നീ പോയി ടി വി കാണ്.
അല്ലെങ്കില്‍ പോയി കുളിക്ക് അപ്പോഴേക്കും ചോറ് വിളമ്പാം
ഒന്ന് കുളിക്കാം . കുളി കഴിഞ്ഞു. മുറിയില്‍ കയറി വാതില്‍ അടച്ചു.
ഫാന്‍ കൂട്ടിയിട്ടു.നേരെ കട്ടിലില്‍ കയറി ഒറ്റ കിടത്തം. നല്ല ക്ഷീണമുണ്ട്.
അല്‍പ്പം കഴിഞ്ഞപ്പോള്‍ അമ്മ വാതിലില്‍ മുട്ടി
മോനെ ചോര്‍ എടുത്തു, നീ വന്നു കഴിക്ക് , അമ്മ അല്പ്പംകിടക്കട്ടെ ,
അമ്മ ഉണ്ണുന്നില്ലേ?
പിന്നെ കഴിച്ചോളാം. അമ്മക്ക് വിശപ്പില്ല.
ഓ ശെരി. ഞാന്‍ കഴിച്ചോളാം. അമ്മ പോക്കോ.
ഞാന്‍ ഊണ് കഴിച്ചു . പാത്രങ്ങള്‍ കഴുകി അടുക്കി വെച്ചു.
വീണ്ടും പോകാനിറങ്ങി. അമ്മെ ഞാന്‍ പോകുന്നു.
മറുപടിയില്ല. അമ്മേ.....
അല്‍പ്പം ഉച്ചത്തില്‍ വിളിച്ചു . മിണ്ടുന്നില്ല.
മുറിയുടെ വാതില്‍ തുറന്നു കിടക്കുന്നു. അമ്മ കട്ടിലില്‍ കിടപ്പുണ്ട്
അടുത്ത് ചെന്ന് വിളിച്ചു.അനങ്ങുന്നില്ല
നെഞ്ചില്‍ ഒരു ഇടി വെട്ടിയപോലെ. കുലുക്കി വിളിച്ചു .
ഒരു നിമിഷം എന്റെ കണ്ണില്‍ ഇരുട്ട് കയറി.
അല്‍പ്പം വെള്ളം കൊണ്ടുവന്നു മുഖത്ത് തളിക്കാം
അതിനു മുന്പ് ലെക്ഷ്മി ചേച്ചിയെ ഒന്ന് വിളിക്കാം.
തൊട്ടടുത്ത വീടാണ് . ചേച്ചി ഓടി വന്നു
വെള്ളം കൊണ്ടുവാ മോനെ.
ചേച്ചി മുഖത്ത് വെള്ളം തളിച്ചു
അമ്മ പതുക്കെ കണ്ണു തുറന്നു. എന്ത് പറ്റി അമ്മേ?
തല കറങ്ങിയതാണോ?
എന്തായാലും ആശുപത്രിയില്‍ കൊണ്ട് പോകാം
പെട്ടന്ന് ഞാന്‍ ഒരു ഓട്ടോറിക്ഷ വിളിച്ചു കൊണ്ട് വന്നു
അമ്മയെ താങ്ങി പിടച്ചു ഓട്ടോയില്‍ കയറ്റി. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ പ്രഷര്‍ പരിശോദിച്ചു
പ്രഷര്‍ അല്‍പ്പം കൂടുതലാണ്. മരുന്ന് കൊടുത്തു. അന്ന് വൈകുന്നേരം വരെ
അമ്മയുടെ കൂടെ ആശുപത്രിയില്‍. ഒന്ന് രണ്ടു ബന്ധുക്കള്‍ കാണാന്‍ വന്നു.
അച്ഛന്‍ വൈകിട്ട് വരുമല്ലോ.. ഓഫീസിലേക്ക് വിളിച്ചു പറയാന്‍ ഒന്നും പോയില്ല.
വളരെ വൈകിയാണ് അന്ന് രാത്രി അച്ഛന്‍ വന്നത് .
അച്ഛന്‍റെ മുഖം ആകെ ഇരുണ്ടിരുന്നു .
വന്നപ്പോള്‍ തന്നെ എന്നെ തുറിച്ചു നോക്കി.ദേഷ്യത്തില്‍ അകത്തേക്ക് പോയി.
അമ്മയോടെന്തോ പറഞ്ഞു. പ്രതികരണം ഇല്ലാത്തതിനാല്‍ തിരികെ എന്റെ അടുക്കല്‍ വന്നു .
ഡാ.. ഒറ്റ വിളി.
നീ എന്താ പണിക്കാര്‍ക്ക് കൂലി കൊടുക്കാഞ്ഞത് ?
രാത്രി ഞാന്‍ വരുന്നത് വരെ എന്നെ നോക്കി അവര്‍ ടൌണില്‍ തന്നെ ഉണ്ടായിരുന്നു. നാണക്കേടായി പോയി .
നിന്റെ കൈയ്യില്‍ തന്ന പൈസ എവിടെ ?
കൊണ്ടേ കളഞ്ഞോ ?
അച്ഛാ. അത് ..
നിനക്ക് വേറെ എന്താ പണി ?
തോന്നിയത് പോലെ നടക്കാന്‍ ഇവിടെ പറ്റില്ലാ..
ഇറങ്ങി പൊക്കൂടെ... എവിടാന്ന് വെച്ചാല്‍.അച്ഛന്‍ കത്തി കയറുകയാണ് .

അമ്മ എവിടെ ? ഞാന്‍ എന്റെ അമ്മയെ തിരഞ്ഞു.
ഒന്നും മറുത്തു പറയാന്‍ തോന്നിയില്ല. എന്നിലെ കൌമാരക്കാരന്
ആകെ വേദനിച്ചു ..എന്റെ അമ്മ എവിടെ ?അമ്മക്ക് വയ്യ ..
അകത്തൊരു ഞരക്കം.
അമ്മക്ക് അച്ഛനോട് എന്തോ പറയണം എന്നുണ്ടാകും.

എന്റെ നിരപരാധിത്വം ഇപ്പോള്‍ അമ്മയുടെ കൈകളിലാണ് .
എനിക്ക് എന്‍റെ അമ്മയുടെ സംരക്ഷണം വേണം .
എന്നെ ഒന്ന് സമാധാനിപ്പിക്കുക എങ്കിലും ചെയ്യമ്മേ..

അമ്മെ
അമ്മേ...ഞാന്‍ നിരാശ്രയനായി മനസ്സ്‌ കൊണ്ട് അമ്മയെ വിളിച്ചു കരഞ്ഞു.

അമ്മയെ തിരഞ്ഞെന്റെ കണ്ണുകള്‍ ചുറ്റി നടന്നു .

അമ്മക്ക് സുഖമില്ലല്ലോ .. കിടക്കെട്ടെ .. അമ്മ ഇനി ഇതിന്റെ പേരില്‍ കരയേണ്ട ..
ഒന്നും മിണ്ടാതെ മുറിക്കുള്ളില്‍ കയറി കതകടച്ചു ..
അച്ഛന്‍ വീണ്ടും എന്തൊക്കെയോ പറയുന്നു ..
എന്‍റെ മനസ്സ് വേര്‍പെട്ട പട്ടം പോലെ അലഞ്ഞു തിരഞ്ഞു.
വീട് തനിക്ക് ക്ഷണ നേരം കൊണ്ട് അന്യമായി.
ജനാല തുറന്ന് എന്‍റെ പ്രിയപെട്ട പാരിജാതത്തെ നോക്കി.
ഞാന്‍ മിക്കപ്പോഴും സങ്കടം പറയുന്നത് അവളോടാണ്.

തണുപ്പത്ത് അവള്‍ കണ്ണും പൂട്ടി നില്‍ക്കുകയാണ്.
ഇലകളില്‍ മഴത്തുള്ളികള്‍ പൊഴിയുന്ന ശബ്ദം. മഴ പെയ്യുന്നുണ്ടോ ?
ചിലപ്പോള്‍ മഞ്ഞു പെയ്യുന്നതായിരിക്കും.

കരച്ചില്‍ വരുന്നുണ്ട് ..

നീ ഇത്തവണ കൂടി കഷമിക്ക്. ഞാന്‍ ഒന്ന് കരഞ്ഞോട്ടെ. ഒരിക്കല്‍ കൂടി മാത്രം .ഇനി ഉണ്ടാകില്ല . നിസ്സബ്ദമായ്‌ നിന്ന് കരഞ്ഞു.
മനസ്സിലെ ബന്ധങ്ങളും കെട്ടുപാടുകളും ക്ഷണ നേരം കൊണ്ട്
പാറിപ്പറന്നു പോയി ..
ഇപ്പോള്‍ ശൂന്യതയാണ് . ഞാന്‍ പെട്ടന്ന് ഒറ്റക്കായത് പോലെ
അച്ഛന്‍ പറഞ്ഞത് ഇറങ്ങി പോകാനല്ലേ. ഇറങ്ങി പോകാം .. എനിക്ക് പുറത്തേക്കുള്ള വഴി തുറന്നു കിട്ടിയിരിക്കുന്നു.
സ്വതന്ത്രമായി പോകാം .. ഇന്ന് രാത്രി തന്നെ ..അമ്മ മാത്രമാണ് എന്റെ മനസ്സില്‍ .
അമ്മ കരയുമോ ? വേണ്ട ഒന്നും ഓര്‍ക്കേണ്ട ..ചിലപ്പോള്‍ ഞാന്‍ വീണ്ടും

ഇവിടെ കെട്ടിയിടപ്പെട്ടേക്കാം .കാര്യമായി ഒന്നും എടുക്കാനില്ല . ...ഒരു തോള്‍ സഞ്ചിയും ഒരു ബുക്കും പേനകളും എന്‍റെ രണ്ടു ഡയറികളും . മറ്റുള്ളതെല്ലാം അച്ഛന്‍ വാങ്ങി തന്നതാണ്
അന്ന് രാത്രി ആരും ഒന്നും കഴിച്ചില്ല .. ആരും സംസാരിക്കുന്നതും കേട്ടില്ല .
ആരോ ലൈറ്റുകള്‍ അണച്ചു . ഉമ്മറത്ത്‌ മാത്രം വെട്ടമുണ്ട് .

അച്ഛന്‍ പണിക്കാര്‍ക്ക് കൂലി കൊടുക്കാന്‍ തന്ന പണം മേശപ്പുറത്തു വെച്ചു.
കഴിഞ്ഞ അവധിക്കാലത്ത് അമ്മാവന്‍ വാങ്ങി തന്ന പാന്റ്സും ഷര്‍ട്ടും എടുത്തിട്ടു. സ്കൂളില്‍ നിന്നും ടൂര്‍ പോകുമ്പോള്‍ ചിലവാക്കാന്‍ കരുതി വെച്ചിരുന്ന പണം എടുത്തു പോക്കറ്റില്‍ വെച്ചു .
അമ്മയോട് മനസ്സാ മാപ് പറഞ്ഞു ...അമ്മയുടെ
ഒരു ചെറിയ ഫോട്ടോ കൂടി എടുത്തു പേഴ്സില്‍ വെച്ചു ..
ശബ്ദം ഉണ്ടാക്കാതെ കതകടച്ചു .. ഞാന്‍ വീട് വിട്ടു പോവുകയാണ് ..
മനസ്സില്‍ വിങ്ങല്‍ നിറഞ്ഞു . കണ്ണുനീര്‍ ഒഴുകിയിറങ്ങി .
താന്‍ ഓമനിച്ചു വളര്‍ത്തിയ നിശാഗന്ധി തന്നെ നോക്കിനില്‍ക്കുന്നു .
ഞാനും നീയും ഇനി ഒറ്റക്കാണ് . സാരമില്ല എന്നെങ്കിലും തിരികെ വരുമ്പോള്‍ കാണാം .
നീ തന്ന സ്നേഹത്തിനും കരുതലിനും ഒന്നും പകരമാകില്ല. അവളെ ഒന്ന് ചുംബിക്കണം എന്നുണ്ടായിരുന്നു . അവള്‍ ഇലകള്‍ ആട്ടി തന്നെ വിളിക്കുന്നത്‌ പോലെ .പക്ഷെ സമയമില്ല .
സമയം രണ്ടു മണിയോടടുക്കുന്നു ഇപ്പോള്‍ ചെന്നാല്‍ ഏതെങ്കിലും ദീര്‍ഗ്ഗ ദൂര വണ്ടികള്‍ കിട്ടും .. ഇല്ലെങ്കില്‍ ചെങ്ങന്നൂരില്‍ നിന്നും ട്രെയിന്‍ പിടിക്കാം ..
എങ്ങോട്ട് എന്ന ചിന്ത ഉണ്ടായിരുന്നില്ല , എങ്ങോട്ടെങ്കിലും പോയാല്‍ മതി ..

തിരിഞ്ഞു നോക്കാതെ നടന്നു.
പക്ഷെ ചെന്ന് അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. ആദ്യം നിര്‍ത്തിയ ബസ്സില്‍ തന്നെ കയറി . ഞാന്‍ ഇപ്പോള്‍ സ്വതന്ത്രന്‍ ആയി .. പക്ഷെ എന്തെല്ലാമോ പിന്നില്‍ നിന്നും പിടിച്ചു വലിക്കുന്നു ..
ബന്ധങ്ങള്‍ ആണ് .. എനിക്ക് പ്രകൃതി ഉണ്ടായ കാലം മുതല്‍ എന്റെ അമ്മയാണ് എല്ലാം .. എത്ര കഷ്ട്ടപ്പാടുകള്‍ സഹിച്ചു..... ഓര്‍മ്മകള്‍ ഈറനണിയിനച്ചു കൊണ്ട് ഒന്നൊന്നായി കടന്നു വരുന്നു.കണ്ണ് നിറഞ്ഞത് ആരും കണ്ടു കാണില്ല .

പെട്ടന്ന് ബസ്സ് നന്നായി ഒന്ന് കുലുങ്ങി ..

യാത്രക്കാരെല്ലാം ഉണര്‍ന്നു...

ബസ്‌ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങി .. കണ്ടക്ടര്‍ ഒപ്പം ചെന്നു.

അല്‍പ്പനേരം ഡ്രൈവര്‍ ബസിനടിയില്‍ എന്തൊക്കെയോ പരിശോദിച്ചു.

ആക്സില്‍ പോയതാ . ബസ്‌ പോകില്ല . എല്ലാവരും ഇറങ്ങിക്കോ

ഡ്രൈവര്‍ വിളിച്ചു പറഞ്ഞു .

ഞാന്‍ വാച്ചില്‍ നോക്കി. മൂന്നു മണി .. വെട്ടം വീഴാന്‍ ഇനിയും ഒരുപാടു നേരമുണ്ട്. യാത്രക്കാര്‍ ആരും ഒന്നും മിണ്ടുന്നില്ല .
എല്ലാവരും മുഖത്തോട് മുഖം നോക്കി ഇരിക്കുന്നു ...
ഇറങ്ങിക്കോ ..വേറെ ബസ്സ് വന്നാല്‍ നിര്‍ത്തി തരാം .. കണ്ടക്ടര്‍ എല്ലാവരോടുമായി പറഞ്ഞു ..
ഞാന്‍ ഷട്ടര്‍ ഉയര്‍ത്തി പുറത്തേക്കു നോക്കി ..തിരുവല്ല അടുത്ത് കാണും ..
തിരുവന്‍വണ്ടൂര്‍ ആണെന്ന് തോന്നുന്നു ...അതോ കുറ്റൂരോ ?
മനസ്സിനൊരു ഉണര്‍ച്ച .അതുവരെ ഉണ്ടായിരുന്ന വിമ്മിഷ്ട്ടം മനസ്സില്‍ നിന്നും പോയ്പ്പോയിരിക്കുന്നു ..ഉന്മേഷം തോന്നുന്നു ..
ബസ്സിനു പുറത്തിറങ്ങിയപ്പോള്‍ നല്ല തണുത്ത കാറ്റ് വീശി .

ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും അല്‍പ്പം നടന്നു ..
തോളത് തൂങ്ങുന്ന ബുദ്ധി ജീവി സഞ്ചിയില്‍ ഒരു ബൂക്കുണ്ട്
ഗുര നിത്യ ചൈതന്യ യതിയുടെ ഭാരതീയ മനശാസ്ത്രം ...
അത് മാത്രമേ എടുത്തു വെക്കാന്‍ തോന്നിയുള്ളൂ ..
മാസങ്ങളായി ഞാന്‍ ആവര്‍ത്തിച്ചു വായിക്കുന്ന പുസ്തകം .. മിക്കപ്പോഴും വായിച്ചതു അപ്പോള്‍ തന്നെ മറന്നു പോകും .. അത്ര ആഴമുള്ള പഠനങ്ങളാണ്.
സാധാരണക്കാരന് മനസിലാക്കാന്‍ തീരെ പ്രയാസം ..
അതൊപ്പം കൊണ്ട് പോന്നു .. എനിക്ക് എന്നെ തന്നെ മനസിലാകാത്ത

ഒരു ഘട്ടത്തിലാണ് ഇപ്പോള്‍.
ബസ്സില്‍നിന്നും ഇറങ്ങിയ യാത്രക്കാര്‍ അവിടെയും ഇവിടെയും കൂട്ടം കൂടി നില്‍പ്പുണ്ട്.

ഒരാള്‍ വഴിവിളക്കിന്റെ വെട്ടത്തില്‍ പഴയ പത്രം മറിച്ചു നോക്കി നില്‍ക്കുന്നു ...
ഏതെങ്കിലും ബസ്‌ വന്നാല്‍ കയറ്റി വിടാം എന്ന് കണ്ടക്ടര്‍ ആവലാതി

പറയുന്ന യാത്രക്കാരോട് ഇടക്ക് ഉറക്കെ പറയുന്നുണ്ട് .

ഒന്ന് രണ്ടു ചരക്കു ലോറികള്‍ കടന്നു പോയി .

എതിര്‍ ദിശയിലേക്ക് ചില ബസ്സുകള്‍ വരുന്നുണ്ട് . ഇനി എത്ര നേരം കാത്ത് നില്‍ക്കണമോ ആവോ . ഞാനും വഴിവിളക്കിന്റെ ചുവട്ടിലേക്ക് മാറിനിന്നു.

യാത്രക്കാര്‍ ഉറക്കച്ചടവിലാണ്. തണുപ്പിന്റെ അലോസരത്തില്‍ ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ ഉയര്‍ന്നു . അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി നിന്നു.

തന്റെ ഉള്ളിലും ഒരു കുഞ്ഞു കരയുന്നുണ്ടോ . അമ്മയുടെ വാല്‍സല്യം നുകര്‍ന്ന്,

അമ്മ പാടുന്ന പാട്ട് കേട്ട് ഉറങ്ങാറുള്ള ഒരു കുഞ്ഞ്‌ .. ഓര്‍മ്മകള്‍ വീണ്ടും തിരക്കിട്ട് കയറി വരുന്നു . ഒന്നും ഓര്‍ക്കേണ്ട . നിയോണ്‍ വെട്ടം തലയ്ക്കു മുകളില്‍ ജ്വലിച്ചു നില്‍ക്കുന്നു .

തോള്‍ സഞ്ജി തുറന്നു. കൈയ്യില്‍ തടഞ്ഞതു യതിയാണ് . തുറന്നപ്പോള്‍ കിട്ടിയ പേജ് വായിച്ചു തുടങ്ങി ...
"ആദ്യത്തെ ഒന്നു രണ്ടു വര്ഷം നമ്മുടെ ജീവിതത്തിലെ ഒരേ ഒരു കൂട്ടുകാരി ഈ അമ്മയാണ് . അമ്മയെന്ന് വിളിക്കുന്നുണ്ടെങ്കിലും കുട്ടിത്തം മാറിയിട്ടില്ലാത്ത ഒരു സ്വപ്ന ജീവി . അവരുടെ കണ്ണ് കൂടെ കൂടെ നിറയും, ഉള്ളില്‍ വിതുംബലുണ്ടാകും . ഏതോ മോഹ ഭംഗം കൊണ്ട് ജീവിതം കൈവിരലുകളില്‍ നിന്ന് വഴുതിപോകുന്നതായി തോന്നുന്ന നിരാലംഭയായ ഒരു സ്ത്രീ . അവരുടെ എല്ലാ ദുഖത്തിനും സാക്ഷിയായിരിക്കേണ്ടുന്നത് അവര്‍ നെഞ്ചത്ത് അടക്കി പിടിച്ചിരിക്കുന്ന ശിശുവായിരിക്കും .....വാല്സല്യത്തിന്റെയും കരുതലിന്റെയും സ്നേഹ വായ്പ്പിന്റെയും ശ്വാസം മുട്ടിക്കുന്ന ആദ്യത്തെ അനുഭവങ്ങള്‍ നമുക്ക് നല്‍കുന്നത് ആ അമ്മയായിരിക്കും ..."
എന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞൊഴുകി ..
വഴിയരുകില്‍ ഞാന്‍ വീണ്ടും ഒറ്റപ്പെട്ടു .. മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഞാന്‍ എകനായി ..
എനിക്ക് ആരെങ്കിലും ഒക്കെ വേണം ..
അമ്മ തന്നെ വേണം..
അമ്മയുടെ പാട്ട് ഒഴുകി വരുന്ന പോലെ ..
അമ്മയുടെ സാരിയുടെ തലപ്പ് പുതച്ച് അമ്മയോട് ചേര്‍ന്നിരുന്ന നിമിഷങ്ങള്‍ ..
ഹൃദയത്തിനുള്ളില്‍ എവിടെ നിന്നോ സ്നേഹ മസൃണമായ ഒരു വിളി ,,

മോനെ ..
ചായ എടുത്തു വെച്ചിരിക്കുന്നു .. വന്നു കുടിക്കു ..
അമ്മക്ക് പണിയുണ്ട് ..
ദാ വരുന്നമ്മെ..
ഞാന്‍ അറിയാതെ പറഞ്ഞു പോയി ..
തന്റെ എല്ലാ സങ്കടങ്ങളും അവസാനിച്ചിരിക്കുന്നു ..തന്റെ മുന്നില്‍ എല്ലാ വഴികളും തുറക്കപ്പെട്ടിരിക്കുന്നു .മനസ്സ് കെട്ടി പൊക്കിയ കപട നാടക രംഗം കഴിഞ്ഞു. ക്ഷണ നേരം കൊണ്ട് ഞാന്‍ ഒരു കുട്ടിയായ്‌ മാറി. അനുസരണ കേടും കുസൃതികളും കുറുമ്പുമുള്ള എന്റെ അമ്മയുടെ മോന്‍.
അച്ഛനും അമ്മയും സഹോദരങ്ങളും ഉള്ള ഞാന്‍ അനാഥനെ പോലെ ഈ പെരുവഴിയില്‍ നില്‍ക്കുന്നു .
യതിയുടെ പുസ്തകം നെഞ്ചോട്‌ ചേര്‍ത്തു വെച്ചു..
തിരിഞ്ഞു നോക്കാന്‍ പോലും മനസ്സ്‌ അനുവദിക്കുന്നില്ല ..
ബസ്സിനെയും യാത്രക്കാരെയും വിട്ടു തിരികെ നടന്നു.
അല്ല ഓടുകയാണ് ഞാന്‍..
അമ്മ ഉണരുന്നതിനു മുന്പ് വീട്ടിലെത്തണം ..

2010, ജൂൺ 10, വ്യാഴാഴ്‌ച

പുരുഷന്‍

വാളന്‍പുളി പോലെ ഒരുത്തന്‍
ടി ഷര്‍ട്ടില്‍ അച്ചടിച്ച വൃത്തികെട്ട പദങ്ങള്‍.
പിന്നില്‍ ഊര്‍ന്നു കിടക്കുന്ന പാന്റ്സ്
ചെമ്പിച്ചു പിഴച്ച മുടി നാരുകള്‍
തലേന്ന് അടിച്ച പട്ടച്ചാരായം,
പുളിച്ച ഗന്ധം.
കണ്ണിലെ കപടത കാണാതിരിക്കാന്‍
കൊരക്കുന്ന കൂളിംഗ് ഗ്ലാസ്.
അവന്റെ
റാഡോ വാച്ചില്‍
ഭൂമിയുടെ സമയം തെറ്റിയ സൂചികള്‍.
ചെകുത്താന്‍ വരഞ്ഞു കീറിയ
ചെളി കയറിയ നഖങ്ങള്‍.
ഇളിച്ചപ്പോള്‍ വെന്തു കരിഞ്ഞ
മാംസം പോലെ നരകം
പിടയുന്ന വായ.
ചിലച്ചപ്പോള്‍ കാമാന്തന്റെ
പിടയുന്ന വാക്കുകള്‍ .
വെറുത്തു പിന്‍ തിരിഞ്ഞോടി
അന്ന് വീട്ടില്‍ പോയിരുന്നതാണ്
പിന്നെ വീട് തന്നെ ശരണം.

സ്ത്രീ

വീട്ടിലംഗങ്ങള്‍ അഞ്ചാറു പേര്‍
അമ്മ തളര്ന്നതും അച്ഛന്‍ മരിച്ചതും
പിന്നെ പിഞ്ചു കിടാങ്ങളും
വിടരാന്‍ മറന്ന പൂമൊട്ടു പോലവളും
കാലത്ത് പട്ടിണി കോലം
ഉച്ചക്ക് അയല്‍ക്കാരന്റെ
കഞ്ഞിവെള്ളം ദാനം
രാത്രിയില്‍ ദീന നിലവിളി
അമ്മയുടെ പ്രാക്കില്‍
വിശപ്പും വേദനിക്കും വെറുപ്പും .
ഒറ്റക്ക് പോയി തെണ്ടാന്‍ വയ്യെങ്കില്‍
കൂട്ടിനു കുരുന്നുകളുണ്ട് പോല്‍
കൊണ്ട് പോ...
നാശം പിടിച്ചവള്‍
ഇറ്റു വറ്റു തിന്നിട്ടു നാളേറെയായ്‌ .
അമ്മക്ക് വേണ്ടെങ്കില്‍ പിന്നെ
ഈ മകള്‍ക്കെന്തിനു നാണവും മാനവും
തെണ്ടി നോക്കാം
ഇനി കുടുംബം പുലരുവാന്‍
വേണ്ട കൂട്ടിനു കുരുന്നുകള്‍
പട്ടിണി കോലങ്ങള്‍.
പൊട്ടി വീണെന്ന് തെരുവില്‍
കമന്റുകള്‍ നല്ല പുത്തന്‍
ചരക്കെന്നു കാണികള്‍.
കൈ നീട്ടി നോക്കി
കരഞ്ഞു കണ്ണീരില്‍
തൊട്ടു തലോടി നോക്കി
ചിലമൂത്ത പിരാന്തുകാര്‍
അമ്മക്ക് വേണം മരുന്നുവാങ്ങാന്‍
ഒട്ടിയവയറുമായ്‌ കൂടപിറപ്പുകള്‍.
പെട്ടന്ന് വീടണയണം
ഇനി ഒട്ടു കഴിഞ്ഞാല്‍
സന്ധ്യ വരും
പൊയ്‌മുഖ മണിഞ്ഞ
രാവെന്നുമവള്‍ക്ക് പേടി സ്വപ്നം
ചില്ലറകള്‍ ചേര്‍ത്തെണ്ണി
വേഗം നടന്നവള്‍
മുഴുജന്മം നടന്നാലും തീരില്ലി ദൂരം
വിഷപ്പല്ല് രാകി മിനുക്കി
ലോകം വെറുമൊരു പെണ്ണിന്നു വേണ്ടി
അന്നന്തി നേരം.
മാനം കെടുത്തിയവളെ
മാനം കെടാത്തവര്‍
ഇരുളിന്‍ പുതപ്പില്‍
വീണു കിടന്നവള്‍
തെണ്ടിയ ചില്ലറ
ഒട്ടു ദൂരെ തെറിച്ചു പോയ്‌ .
തപ്പി പെറുക്കവേ
ആര്‍ത്തിപണ്ടാരം എന്നാര്‍ത്ത് വിളിച്ചവര്‍
വീശിയെറിഞ്ഞു പെട്ടന്നന്ജ്ജാര്നോട്ടുകള്‍
കൂലിക്ക് മാനം കെടുത്തിയ പോലവര്‍
ഒരു പെണ്ണ് കൂടി
പിഴച്ചു
ലോകം പെണ്ണിനെ
മാത്രം പഴിച്ചു .

2010, ജൂൺ 6, ഞായറാഴ്‌ച

ഒരു പുല്ലു പാട്ട്

പാഷാണത്തില്‍ കല്ല്‌ കടിക്കുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
മാമരം പൂമരം കുത്തി മറിയുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ.
പേമാരി പെയ്തവ പൊട്ടി ത്തെറിക്കുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
കാലനും കൂമനും കൂകി വിളിക്കുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
കുത്തിയും വെട്ടിയും കൊല്ലാതെ കൊല്ലുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
ഉത്തരം മുട്ടിയോന്‍ കൊഞ്ഞനം കുത്തുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
ചന്ത കടവിലെ അമ്മച്ചി പെറ്റത്രേ
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ.
അന്തി കൂരാപ്പിനു പെണ്ണൊരുപ്പെട്ടത്രേ
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
മൂരാച്ചി മൂദേവി മുറ്റം നിറയുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ.
ചത്തവരൊക്കെ ചമഞ്ഞു കിടക്കുന്നു
ദേവി ഞാനൊന്നു ചത്തോട്ടെ .
*******************************************************************************
ഇത് വായിച്ചു കഴിഞ്ഞു ജീവിച്ചിരിക്കുന്നവര്‍ക്കൊക്കെ എന്റെ നമസ്ക്കാരം .
എങ്ങനെയും വായിക്കാം. വിമര്‍ശിക്കാം .
ഒരപേക്ഷ ...ഇതെന്താണെന്ന് മാത്രം ചോതിക്കരുത് .
എനിക്ക് വിശദീകരണം ഇല്ല .
എങ്കിലും പറയാം ....
ഞങ്ങളുടെ നാട്ടില്‍ "ദബ്ബുസുഗി" എന്ന ഇരട്ടപെരുള്ള
ഒരു വയസ്സി ഭ്രാന്തി ഉണ്ട്.
ഒരു പശു കുട്ടി ആണ് അവരുടെ എല്ലാം .
അതിനെ മേയ്ക്കുമ്പോള്‍ അവര്‍ ഒരു വടിയും വീശി നിന്ന് തുള്ളി പാടുന്ന പാട്ടാണിത് .
ആര്‍ക്കും മനസിലാകാത്ത അവരുടെ വികാരം ആകണം ഈ വരികള്‍
ഒന്ന് രണ്ടു മൂന്നു വരികളില്‍ ഞാന്‍ കൈ കടത്തിയിട്ടുണ്ട്.
കാരണം അവര്‍ പാടുന്നത് ഒരിക്കലും മനസിലാകാത്ത ഒരു മുക്ക്രയോടെ ആണ് .
ഭ്രാന്തി എന്നോട് ക്ഷമിക്കും എന്ന് കരുതുന്നു .
********************************************************************************

2010, മേയ് 11, ചൊവ്വാഴ്ച

മത്തി മാഹാത്മ്യം

മത്തി .
സ്നേഹപൂര്‍വ്വം ഞാന്‍ നിന്നെ എന്ത് വിളിക്കും .
മത്തി മോള്‍ എന്നോ മത്തി മോന്‍ എന്നോ വിളിക്കട്ടെ.
പാവപ്പെട്ടവന്‍ ഉച്ചക്കും അത്താഴത്തിനും നിന്നെ കൂട്ടാന്‍ വെച്ചും വറുത്തും കഴിക്കും .
സാധാരണക്കാരന്റെ ഇഷ്ട്ട മല്‍സ്യം ആണ് നീ .
പക്ഷെ എനിക്ക് നീ ഒരു മീന്‍ മാത്രം അല്ല.
എന്റെ കൌമാര ദശയുടെ ആരംഭ കാലം മുതല്‍ക്കു നിന്നെ ഞാന്‍
ആദരവോടെ ആണ് നോക്കി കാണുന്നത് .
ഒരു ചെറുപ്പക്കാരന്റെ കന്യകനായിരിക്കാനുള്ള മോഹം ആര്‍ക്കും
നിഷേധിക്കാനോ തകര്‍ത്തു കളയാനോ പാടുള്ളതല്ല .
ഒരു മത്തിക്ക് പോലും അവിടെ ഇടപെടാം ..
ആ കഥ ഞാന്‍ പറഞ്ഞാല്‍ ആരും കോപിക്കരുത് .
അതി സ്വകാര്യങ്ങള്‍ പരസ്യം ആകുന്നതു നന്നല്ല എങ്കിലും പലതും
പറയാന്‍ വെമ്പി നില്‍ക്കുന്ന ഒരു മത്തി എന്റെ ഉള്ളില്‍ കിടന്നു പിടക്കുന്നു.


എന്തിനു വേണ്ടിയാണെന്ന് ഓര്‍ക്കുന്നില്ല .
ഞങ്ങള്‍ ഒരു സമരം നടത്തി .
തൊണ്ട പൊട്ടി മുദ്രാവാക്യം വിളിച്ചു . നാടും നാട്ടാരും വിദ്യഭ്യാസ മന്ത്രിയും
എല്ലാവരും കേള്‍ക്കട്ടെ . ഞങ്ങള്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ തീപ്പൊരി ചിതറുന്നതായിരുന്നു .
"ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാല്‍ അക്കളി തീക്കളി
സൂക്ഷിച്ചോ .."
സമരം നടത്തി കോളേജ് വിട്ടു.
അവധി സമ്പാദിച്ച് കൊടുത്തതിനു ചില മടിയന്മാര്‍ എന്നെ ആരാധനയോടെ നോക്കി .
ചില പുസ്തകപ്പുഴുക്കള്‍ എന്നെ തുറിച്ച് നോക്കി
രണ്ടായാലും സാരമില്ല .
സമരം വിജയിച്ചല്ലോ .
കോളേജ് ജംഗ്ഷനില്‍ കുറേ നേരം സൊറ പറഞ്ഞിരുന്നിട്ട് വീട്ടില്‍എത്തിയപ്പോള്‍ ഉച്ചയായി .
വിശക്കുന്നുണ്ട് .
നേരെ അടുക്കളയില്‍ കയറി
വെന്ത ചോറും മീന്‍ കറിയും.
കുശാലായി .
അമ്മയുടെ കൈകൊണ്ടു വെച്ച മീന്‍ കറിക്ക് എന്നും
ഒരു പ്രത്യേക സ്വാദാണ് .
വയറു നിറച്ചു കഴിച്ചു .
ഇനി ഒന്നുറങ്ങണം
നല്ല ചൂടുണ്ട് .
ഫാന്‍ പരമാവധി സ്പീഡില്‍ ഇട്ടു .
ആര്‍ത്തലച്ചു കരയാന്‍ വെമ്പുന്ന പോലെ ഫാന്‍ എന്നെ ദയനീയമായി നോക്കി .
എനിക്ക് വയ്യ കറങ്ങാന്‍ എന്ന് പറയുന്നത് പോലെ .
പറ്റില്ല നീ കറങ്ങിയെ പറ്റു .
കറങ്ങു .
ഞാന്‍ മനസ് കൊണ്ട് ആജ്ഞാപിച്ചു
പാവം ഫാന്‍.
അനുസരിക്കാതെ നിവര്‍ത്തിയില്ലല്ലോ .
എന്റെ ശക്തമായ് മനോ നിയന്ത്രണത്തില്‍
ഇലക്ട്രിക് ഫാന്‍
കിറു കിറ ശബ്ദ മുണ്ടാകി കറങ്ങി തുടങ്ങി .
എന്റെ മുറിയില്‍ ഉള്ള എല്ലാ വസ്തുക്കളോടും എനിക്ക് ഒരു ആത്മബന്ധമുണ്ടായിരുന്നു .
പല്ലി മുതല്‍ പാറ്റ വരെ എന്റെ ലിസ്റ്റില്‍ പെടും .
സ്ഥിരമായി എന്റെ മേല്‍വീഴുന്ന ഒരു വലിയ പാറ്റ ചോദിക്കും
"നീ എന്താ എന്നെ ചെരുപ്പ് കൊണ്ട് അടിച്ചു അടിച്ചു കൊല്ലാത്തത്?"
"നിന്നെ കൊന്നാല്‍ പിന്നെ മറ്റാരാണ്‌ ഇങ്ങനെ എന്റെ മേല്‍ വന്നു വീഴാന്‍ ഈ മുറിയില്‍ ഉള്ളത് ? ".
പാറ്റക്ക് നാണം.
അവള്‍ ഓടി ഒളിച്ചു.
അടുക്കി വെക്കാത്ത എന്റെ പുസ്തക കൂട്ടങ്ങള്‍ക്കിടയില്‍ മുട്ടയിട്ട ഒരു പല്ലി എന്നെ നോക്കി ഇബ്‌ലീസിനെ പോലെ ചിരിച്ചു കാണിച്ചു .
"നിന്നെ ഒരു ചെറു വിരല്‍ കൊണ്ട് അടിച്ചു കൊല്ലാന്‍ വയ്യാഞ്ഞിട്ടല്ല . നിന്റെ കുഞ്ഞുങ്ങള്‍ ഒന്ന് വിരിഞ്ഞോട്ടെ, അല്ലെങ്കില്‍ അവര്‍ അനാഥരായി പോകും ".
അമ്പട ഞാനെ!!!!!!!!!!!!
എന്റെ ഒരു ഫിലോസഫി .
ചുമ്മാതല്ല എന്റെ മുറിയുടെ വാതുക്കല്‍ ഇടക്ക് ചില ബോര്‍ഡ്‌കള്‍ തൂങ്ങാറുള്ളത്.
പ്രേതമുറി , കാഴ്ചബംഗ്ലാവ് അങ്ങനെ ചിലവ.
ജനാലകളും വാതിലും തുറന്നു തന്നെ കിടക്കട്ടെ . എന്റെ അന്തേവാസികള്‍ക്കും ഇടക്കെല്ലാം ഒന്ന് പുറത്തു പോയി വരണമല്ലോ.
ഞാന്‍ അല്‍പ്പം ഔദാര്യവാന്‍ ആയി .
ആളെ കാണാന്‍ കഴിയാത്ത രീതിയില്‍ കുഴിഞ്ഞു പോകുന്ന ഒരു വലിയ സ്പോന്ജ് മെത്തയില്‍ കയറി ഒറ്റകിടപ്പ്
ഹോ എന്തൊരാശ്വാസം .
ഇനി ഒറക്കം കൂടി വരണം .
ഞാന്‍ കഷണിച്ചു .
അവള്‍ എന്റെ കൂടെ കട്ടിലിലേക്ക് കയറി .
പാറി നടന്നിരുന്ന എന്റെ കാഴ്ചകളെ അവള്‍ കാര്‍കൂന്തല്‍ കൊണ്ട് മറച്ചു
നിശാഗന്ധിയുടെ ഇതളുകള്‍ ചൂടിയ ആ മുടിയിഴകളില്‍ എവിടെയോ എന്റെ ബോധ മനസ്സു അലിഞ്ഞു ചേര്‍ന്നു.
സ്വപ്‌നങ്ങള്‍ നിറം പിടിപ്പിച്ച ലോകത്തേക്കുള്ള ജനാലകള്‍
തുറന്നിട്ട്‌ അവള്‍ കടന്നു പോയി
ഇപ്പോള്‍ എന്റെ ശരീരം ഒറ്റക്കായിരികുന്നു . ആര്‍ക്കും എന്നെ കീഴ്പെടുത്താം
മുറിയിലെ പല്ലികള്‍ക്കും പാറ്റകള്‍ക്കും കൌതുകം തോന്നുന്നുണ്ടോ?
(നിശ്ചലമായി കിടക്കുന്ന ഈ ശരീരത്തില്‍ പ്രപഞ്ചം സൂക്ഷമതയോടെ ചുറ്റി വരിഞ്ഞിരികുന്ന
ജീവന്റെ തന്ത്രികള്‍ എവിടെയെല്ലാം ആണ് തുടിക്കുന്നത് .
മനസ് ഇപ്പോള്‍ എവിടെയാണ് . ശരീരം ഒരു മരണം അഭിനയിക്കുന്നുണ്ടോ ? ഈ അടിസ്ഥാന ജീവി വര്‍ഗത്തിന് പോലും ഇപ്പോള്‍ എന്തെല്ലാം സംശയങ്ങളാണ്. ഞാന്‍ അറിയുന്നുണ്ട് , ഉണരെട്ടെ എന്നിട്ട് പറഞ്ഞു തരാം എല്ലാം .)
ഉറക്കം കൊണ്ടു പോവുകയാണ് .
വലിയ താഴ്വരകളിലൂടെ ഞാന്‍ പറന്നു നടക്കുന്നു. പറന്നു താഴ്ന്നു വരുമ്പോള്‍ അടിവയറ്റില്‍ ഒരു ആളല്‍ . വെള്ളാരം കല്ലുകള്‍ നിറഞ്ഞ പുഴ
പ്രൌഡമായി ഒഴുകുന്നു . സ്നേഹമസൃണമായ കരങ്ങള്‍

കൊണ്ട് അവള്‍ ഭൂമിയെ ചുറ്റി പിടിച്ച് ആശ്ലേഷിക്കുന്നു .
സ്നേഹ മുദ്രകള്‍ കൊണ്ട് കവിളുകളില്‍ തഴുകുന്നു. കണ്ണുകളില്‍ ചുംബിക്കുന്നു .
(ഒരു പുഴയ്ക്കു എന്തെല്ലാം ചെയ്യാം .. )
പെട്ടന്ന് ആരോ എന്റെ ചിറകുകള്‍ കൂട്ടി പിടിച്ചതുപോലെ .
ഞാന്‍ പറക്കട്ടെ.... വിടു
ഇല്ല വിടില്ല .
ആഴമുള്ള പുഴയുടെ അഗാധതതകളിലേക്ക്
ഞാന്‍ ആണ്ട് പോകുന്നത് പോലെ .
വിചിത്രമായ എന്തോ എന്നിലൂടെ പരകായ പ്രവേശനം നടത്തുന്നു .
കാലുകളില്‍ ഞരമ്പുകള്‍ വീര്‍ത്തു വരുന്നു .
ഒറ്റ തള്ളല്‍ .
ഞെട്ടി ഉണര്‍ന്നു .
ആരാണ് ആ നില്കുന്നത്‌
കണ്ണ് തിരുമി നോക്കുമ്പോള്‍ ഒരു സ്ത്രീ രൂപം
ഈ മുറിയില്‍ ഇങ്ങനെയും ഒരന്തേവാസിയോ?
എവിടെ ഒളിച്ചിരുന്നു?
ഞാന്‍ കാണാതെ ...
അല്ല യാഥാര്‍ത്ഥ്യം തന്നെ .
അവര്‍ എന്നെ നോക്കി ചിരിക്കുന്നു .
വീണ്ടും അടുത്തേക്ക് വരുന്നു .
ഞാന്‍ ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു .
ആളെ മനസിലായി . നാട്ടുകാരി തന്നെ .
ഇടക്കെല്ലാം കാണാറുണ്ട് . കാണുമ്പോള്‍ അവളുടെ
കടക്കണ്ണിലെ മദന പൂവമ്പുകള്‍ എന്റെ ഹൃദയകവാടങ്ങളില്‍ ചിന്നി ചിതറി വീഴാറുണ്ട്‌ .
അതല്ലാതെ ..
ഇങ്ങനെ ഒരു അക്രമത്തിനു പ്രേരിപ്പിക്കുന്ന തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ല .
വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് തന്നെ അവള്‍ അതിനു തിരഞ്ഞെടുത്തു .
പുണ്യവാളന്‍ ആയ ഞാന്‍ ഇതാ മരണാസന്നന്‍ ആയിരിക്കുന്നു .
ആരെങ്കിലും എനിക്കല്‍പ്പം ജലം തരു . ഞാന്‍ ഈ സ്ത്രീയുടെ കയ്യില്‍ കിടന്നു മരിക്കാന്‍ പോകുന്നു .
അവര്‍ എന്നെ കട്ടിലില്‍ വീണ്ടും തള്ളിയിട്ടു.
എന്താണിവര്‍ക്ക് വേണ്ടത് ?
കൊല്ലാന്‍ ആണെങ്കില്‍ ഇതിന്റെ ആവിശ്യം ഇല്ലല്ലോ .
ഞാന്‍ ഉറങ്ങി കിടന്നപ്പോള്‍ ആകാമായിരുന്നില്ലേ ?
ഹോ ഇനി വല്ല ബലാല്‍സംഗവും?
ആലോചിച്ചപ്പോള്‍ ഉള്ളില്‍ കുളിര് കോരി ഇടുന്നപോലെ .
ഗൂഡമായ ഒരു ഭാവം എന്റെ മനസ്സിലും മുഖത്തും ചെമ്പരത്തി പൂ പോലെ വിരിഞ്ഞു .
പക്ഷെ മറ്റു ചില ചിന്തകള്‍ കൂടി ഒപ്പം കടന്നു വന്നു .
സുരക്ഷക്കായി എന്റെ കയ്യില്‍ ഒന്നും തന്നെ ഇല്ല .
എന്റെ അല്പ്പമായ ആരോഗ്യം പോലും ഈ തടിമാടത്തിയുടെ മുന്നില്‍ വിലപോവില്ല.
വായിച്ച പുസ്തകങ്ങളിലെ അല്പവസ്ത്രധാരികളായ മാരക രോഗങ്ങള്‍ എന്റെ മുന്നില്‍ നിന്ന്
ഉറഞ്ഞു തുള്ളുന്നു .
കാണുന്ന എല്ലാ ആരോഗ്യ പുസ്തകങ്ങളും
വായിക്കരുത് . വായിച്ചാല്‍ ചിലപ്പോള്‍ ഇത്തരം സമയങ്ങളില്‍ അറിവ് തടസമാകും .
(ഹോ എന്റെ ഒരു നാശംപിടിച്ച അറിവ് .)
ഈ സമയത്ത് അതോര്‍ക്കെണ്ടായിരുന്നു.
ഒന്നിനും നേരമില്ല രണ്ടിലൊന്ന് ഇപ്പോള്‍ തീരുമാനിക്കണം .
നീരാളിപോലെ ആണ് ഈ സ്ത്രീ .
ആകെ ചുറ്റി വരിയുന്നു .
എന്റെ ദൈവമേ ..
മൂടികിടന്നിരുന്ന തീകനലുകള്‍ ആളി പടരുന്നു .
കാറ്റില്‍ തീനാളങ്ങള്‍ ആടിയുലയുന്നു .
തീ കത്തി കയറുകയാണ് .
സര്‍വവും ദഹിപ്പിക്കുന്ന അഗ്നി ...
നാലു കണ്ണുകള്‍ കൂടി മുട്ടി
കാലാതീതമായ പ്രവാഹം പോലെ സ്ത്രീയും പുരിഷനും മാത്രമാകുന്ന നിമിഷം .
ഉള്ളില്‍ നിന്നും അപ്പോളും ഒരു സദാചാര പ്രിയനായ
യുവാവ്‌ നിലവിളിക്കുന്നു .
ഞാന്‍ അവനെ ശാസിച്ചു. അടക്കി നിര്‍ത്താന്‍ ശ്രമിച്ചു .
എന്റെ പൌരുഷത്തിനു മേല്‍ കുതിര കേറാന്‍ വരുന്നോ ?
മിണ്ടരുത് ...
സദാചാരവും സമൂഹവും എന്ന വിഷയത്തില്‍ നിനക്ക് പിന്നെ ക്ലാസ്സ്‌ എടുക്കാം.
ഇപ്പോള്‍ ശരീരവും ശരീരവും തമ്മില്‍ ആണ് മത്സരം .
കീഴ്പെടുത്താന്‍ നിമിഷങ്ങള്‍ മതി .
വിജയിച്ചു വരുമ്പോള്‍ നീ എന്നെ നോക്കി മുദ്രാവാക്യം വിളിക്കണം.

എന്താ പറ്റില്ലെന്നോ ?
വിജയിച്ചവന്റെ ഒപ്പം നില്ക്കാന്‍ നിന്നെ ഞാന്‍ പഠിപ്പിക്കുന്നുണ്ട് .
എന്റെ മുറിയിലെ അന്തേവാസികളില്‍ ആരും മിണ്ടുന്നില്ല ...
പെട്ടന്ന് അസഹനീയമായ ഒരു രൂക്ഷ ഗന്ധം ...
ഒരു ഉളുമ്പ് മണം .
ഓക്കാനം വരുന്നു .
ഈ സ്ത്രീ ഇന്ന് പച്ച മത്തിയാണോ തിന്നത്‌ .
ഇന്നെങ്കിലും അവര്‍ക്ക് ഇതൊഴിവാക്കി കൂടായിരുന്നോ ?
പറ്റുന്നില്ല.
വിയര്‍പ്പില്‍ നനഞ്ഞ പൌഡര്‍ ഒഴുകി വരുന്ന ഒരു തടിച്ച മുഖം എന്റെ അടുത്തേക്ക് വരുന്നു .
ഒപ്പം ഉളുമ്പ് മണക്കുന്ന ശരീരവും .
(നമ്ര മുഖിയായി , മുല്ലപൂ ചൂടി , വെണ്ണിലാവു പോലെ ഒരു സുന്ദരി കടന്നു വരുന്ന ആദ്യ രാത്രിയും സ്വപ്നം കണ്ടു ഉറങ്ങാറുള്ള ഒരു യുവ കോമളന് ഈ മുഖം അസഹനീയം തന്നെ )
ദൈവമേ ..
പിന്നെ ഒന്നും ആലോചിച്ചില്ല. തള്ളി മാറ്റി .
ചാരി വെച്ചത് പോലെ അവര്‍ വിണ്ടും വീണു.
ഇത്തവണ ആഞ്ഞു തള്ളി
കട്ടിലില്‍ നിന്നും എഴുന്നേറ്റ് ഒറ്റ ഓട്ടം .
നേരെ വാഷ്‌ ബേസിനില്‍ പോയി മുഖം കഴുകി.
ഒന്നും അറിയാത്തപോലെ വിസിറ്റിംഗ് റൂമിലെ സോഫയില്‍ പോയിരുന്നു
അപകടം!!!!!!!!!!!
സോഫക്കും ചിലപ്പോള്‍ കട്ടിലിന്റെ സ്വഭാവം ഉണ്ടാകാം.
ഇനി ഒന്നും നോക്കാനില്ല .
വീടിന്റെ വരാന്തയില്‍ ചെന്ന് അന്തം വിട്ട്‌ നിന്നു .
വേണമെങ്കില്‍ സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങി ഓടാനും ഞാന്‍ തയ്യാറായിരുന്നു .
അവര്‍ ഉള്ളില്‍ നിന്നും പതുക്കെ പുറത്തേക്കു വന്നു .
കരുണ വറ്റിയ ആ മുഖത്ത് ഭീഭല്സമായ രണ്ടു കണ്ണുകള്‍ തുറിച്ച് നില്‍ക്കുന്നു.
ഞാന്‍ വ്രഥാ ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു .
വിജയിച്ചില്ല .
എന്നാ പിന്നെ വരാം മോനെ .
(മോനോ?)

വരണ്ട . ഞാന്‍ പറഞ്ഞു
ഇറങ്ങി പോ ...
ഞാന്‍ വഴിമാറി കൊടുത്തു .
നിന്നെ ഞാന്‍ പിന്നെ എടുത്തോളാം ...
പോകുന്ന പോക്കില്‍ ഒരു ഭീഷണിയും .
ഉള്ളില്‍ നിന്നും പൊന്തിവന്ന കടുത്ത അമര്‍ഷം ഞാന്‍
തടുത്തു നിര്‍ത്തി .
(ഇല്ലെങ്കില്‍ മാനം പോയേനെ )
അയല്‍വാസികളുടെയും നാട്ടുകാരുടെയും മുന്നില്‍ പരിഹാസപാത്രമായി നില്‍ക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ തന്നെ വയ്യ .
എനിക്കെന്റെ മാന്യത നോക്കണമല്ലോ .
അന്ന് മുതല്‍ മത്തി എന്ന മത്സ്യം
എന്റെ ആരാധനാ പാത്രം ആയി .
മത്തിക്കു വേണ്ടി ഇടക്കൊക്കെ ഞാന്‍ ശബ്ദം ഉയര്‍ത്താറുണ്ട്.
മത്തി ഒരു ആഗോള മത്സ്യം ആണെന്നും
മത്തി വറുക്കാനോ കറി വെക്കാനോ പാടില്ലാത്ത ഇനം ആണെന്നും
മനുഷ്യന്റെ മാനം രക്ഷിക്കാന്‍ മറ്റു മല്‍സ്യങ്ങള്‍ക്കില്ലാത്ത ഒരു കഴിവ് മത്തിക്കുണ്ടെന്നും
ഞാന്‍ ഘോര ഘോരം പ്രസ്താവിക്കുന്നു .
മത്തി മഹാത്മ്യം എന്ന പേരില്‍ ഒരു പുസ്തകം തന്നെ എഴുതാന്‍ എനിക്ക് പരിപാടി ഉണ്ട്.

ലോകത്തുള്ള സകലമാന മത്തികളും വിജയിക്കട്ടെ
മത്തികള്‍ കീ ജയ്.
ശുഭം .

2010, ഏപ്രിൽ 5, തിങ്കളാഴ്‌ച

സിന്ധു,ഞാന്‍ പിന്നെ അവനും

ഒറ്റച്ചവിട്ടു
അതും അടിവയറ്റില്‍ .
കണ്ണ് തുറിച്ച് രക്തത്തില്‍ കുളിച്ചു പിടഞ്ഞു മരിച്ചു .
രണ്ടു മാസം എങ്കിലും ഗര്‍ഭം ഉണ്ടായിരുന്നിരിക്കണം.
ചവിട്ടിയത് അവളുടെ അച്ഛന്‍ തന്നെ .

അച്ഛന് ചവിട്ടാം.
തക്കതായ കാരണവും ഉണ്ട് .
പത്താം ക്ലാസ്സ് കാരിയായ ഇളയമകള്‍ തറവാടിനു മാനക്കേടുണ്ടാക്കിയിരിക്കുന്നു.
അവിഹിത ഗര്‍ഭം തന്നെ .
ഉത്തരവാദി ആരാണെന്ന് ആരും പറഞ്ഞു കേട്ടില്ല .
പക്ഷെ ഞാന്‍ ‍അറിയും അയാളെ .
അറിഞ്ഞിട്ടു എന്ത് ?
പത്താം ക്ലാസ്സുകാരനായ ഒരു ബാലന് എന്ത് ചെയ്യാന്‍ കഴിയും .
പറ്റുന്നത് ചെയ്തു .
അയാളെ നേരിട്ട് കണ്ടു . "എനിക്ക് എല്ലാം അറിയാം" എന്ന് പറഞ്ഞു .
ജീവിതത്തില്‍ ഇത്ര ഭീഷണമായ ഒരു മുഖം ഇതിനു മുന്പ് ഞാന്‍ കണ്ടിട്ടില്ല .
ചീറി കൊണ്ട് ഒരു വരവായിരുന്നു .
അവന്‍ ജോലി ചെയ്യുന്ന കട ആയിരുന്നു രംഗം .
മറ്റാളുകള്‍ ആരും ഇല്ല .
ഞാന്‍ ജീവനും കൊണ്ട് പുറത്തേക്കു ഓടി .
ആ നാട്ടില്‍ പിന്നെ നിന്നില്ല .
സിന്ധുവിനെ മറക്കാന്‍ കഴിയുന്നില്ല . എന്റെ അത്ര അടുത്ത അയല്‍വാസി അല്ല എങ്കിലും
എന്റെ അടുത്ത കൂട്ടുകാരിയായിരുന്നു . സ്കൂളില്‍ പോകുന്നതു മിക്കപ്പോഴും ഞങ്ങള്‍ ഒന്നിച്ചായിരുന്നു . പാരലല്‍ കോളേജില്‍ ടുഷന്‍ പഠിക്കുന്നത് ഒന്നിച്ചായിരുന്നു .
വൈകിട്ട് എന്റെ വീട് വരെ കൂട്ടു കാണും .
ഹൈറേഞ്ച് മലമടക്കുകളില്‍ കുടിയേറി
പാര്‍ത്ത പഴയ തറവാടുകളില്‍ ഒന്നായിരുന്നു അവളുടേത് .
അഭിമാനിയായ അച്ഛന്‍. മൂത്ത രണ്ടു സഹോദരിമാര്‍.
ഇരുവരും കാണാന്‍ അതി സുന്ദരികള്‍ .
അത്ര സൌന്ദര്യവും നിറവും സിന്ധുവിന് ഉണ്ടായിരുന്നില്ല . തടിച്ച ശരീര പ്രകൃതി .
രാവിലെ സ്കൂളില്‍ പോകാന്‍ ഇറങ്ങി റോഡില്‍ എത്തുമ്പോള്‍ സിന്ധു വന്നിട്ടുണ്ടാകും .
ക്ലാസ്സിലെ കഥകളും വിശേഷങ്ങളും പങ്കുവെച്ചു സ്കൂളിലേക്കുള്ള യാത്ര . ഇടക്ക് വച്ച് സിന്ധു പിണങ്ങും .
അല്‍പ്പനേരം മിണ്ടാതെ നടക്കും . വീണ്ടും ഇണങ്ങും. എത്ര കഥകള്‍ വേണമെങ്കിലും
അവള്‍ക്കു പറയാനുണ്ടാകും .
തലേ ദിവസം അമ്മയറിയാതെ പുളി മരത്തില്‍ കയറിയതും മാങ്ങാ എറിഞ്ഞു വീഴിച്ചതും മുതല്‍ തന്നെ നോക്കി എന്നും ചിരിച്ചു കാണിക്കുന്ന അയാളെ കുറിച്ച് വരെ അവള്‍ പറയും.
"ഞാന്‍ അവനെ നിനക്ക് കാണിച്ചു തരാം".
ഒരു ദിവസം അവള്‍ പറഞ്ഞു .
സ്കൂളിന് അടുത്തുള്ള ഒരു ലേഡീസ് സെന്‍ററില്‍ ജോലിക്കാരന്‍ ആണയാല്‍ .
കാഴ്ചക്ക് കുഴപ്പമില്ല . പക്ഷെ ഞാന്‍ അത്ര ലോഹ്യം കാണിച്ചില്ല.
സ്കൂള്‍ വിട്ടു വരുമ്പോള്‍ എന്നും അയാള്‍ കടക്കു പുറത്തിറങ്ങി നില്‍ക്കുന്നത്
കാണാം. സിന്ധു വരുന്നത് കാത്തുള്ള നില്‍പ്പാണ് .
ഒരു പ്രണയത്തിന്റെ നിലാവ് പരന്നതു
പെട്ടന്നാണ്.

പ്രേമം കാഴ്ചയെ മറച്ചു. ഹൃദയം അന്ധമായ്‌.
അവിടെ കുറുകുന്ന രണ്ടു ഇണപ്രാവുകള്‍
പാറി നടന്നു .
സിന്ധു പതിവുപോലെ എന്റെ ഒപ്പം സ്കൂളിലേക്ക് പോരുമെങ്കിലും പഴയ സംസാരമോ കഥ പറച്ചിലോ അവള്‍ക്കുണ്ടായിരുന്നില്ല.
എനിക്കതില്‍ ഈര്‍ഷ്യയും ഉണ്ടായിരുന്നു . എന്നോട് പഴയ സൗഹൃദം

കാണിക്കാത്തതില്‍
എനിക്കുള്ള അനിഷ്ട്ടം
ഞാന്‍ വെട്ടിത്തുറന്നു പറഞ്ഞു .
അതിന് അവള്‍ ഒന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ .
ഞങ്ങള്‍ തമ്മില്‍ പിണങ്ങി.

"നിനക്ക് പുതിയ കൂട്ടുകാരനെ കിട്ടി, അതിന്റെ പ്രശ്നങ്ങളാ.
എല്ലാം ഞാന്‍ അറിയുന്നുണ്ട് ".
വെറുതെ ആണ് അങ്ങനെ പറഞ്ഞത്.
അവളുടെ കണ്ണുകളില്‍ ഭീതി പരന്നു .

"എടാ നീ ആരോടും പറയരുത്,
എന്റെ വീട്ടില്‍ എങ്ങാനും അറിഞ്ഞാല്‍ എന്നെ കൊന്നു കളയും".
ഓഹോ നിനക്കപ്പോള്‍ പേടിയുണ്ട് .
ഞാന്‍ അവളെ ഒന്ന് ഉപദേശിക്കാന്‍ തീരുമാനിച്ചു.
പണ്ടേ ഞാന്‍ ആ കാര്യത്തില്‍ മിടുക്കന്‍ ആണ് .
ഞങ്ങള്‍ ഒളിച്ചോടും ...
എങ്ങോട്ട് ...
ആ..
അവനു നിന്നോട് സത്യത്തില്‍ സ്നേഹമുണ്ടോ..
അതോ..
പിന്നില്ലാതെ...
എങ്കിലും നീ സൂക്ഷിക്കണം ..
എനിക്ക് വേറെ പല ഉപദേശങ്ങളും കൊടുക്കാനുണ്ട് ...
പക്ഷെ .. പറയുന്നത് എങ്ങനെ...
എങ്കിലും പറഞ്ഞു ഒപ്പിച്ചു ...
നിങ്ങള്‍ തമ്മില്‍ എവിടെ വെച്ചാണ് കാണുന്നത് ..
അവന്‍ എന്നും വൈകുന്നേരം കട അടച്ചു കഴിഞ്ഞാല്‍ ഇവിടെ വരും...
എവിടെ ...
ഞങ്ങളുടെ വീടിനടുത്ത്..
അമ്പടാ.
അപ്പോള്‍ ഇത് സ്നേഹം തന്നെ ....
നിന്റെ വീട്ടില്‍ ആരും അറിയില്ലേ ..
ഇല്ല .
ഞാന്‍ പശുവിനു പുല്ലറുക്കാന്‍ പോകുമ്പോള്‍ ....
..
എന്റെ ദൈവമേ....
എനിക്ക് ഇനി ഒന്നും കേള്‍ക്കേണ്ട...
ഞാന്‍ നിര്‍ത്തി..
ഹൃദയത്തില്‍ വല്ലാത്ത ഒരു മിടിപ്പ്...
ഒരു പതിനാലുകാരന്റെ ഹൃദയത്തിനു കാര്യം മനസിലായിരിക്കുന്നു ..
അതാണ്‌ ഈ ഗതി വേഗം..
എങ്കിലും ഒരു ഇച്ചീച്ചി കാര്യം ആണിതെന്നു എനിക്ക് തോന്നി.
മുഖത്തെ ഇഷ്ട്ടക്കേട്‌ മായ്ച്ചിട്ടും പോയില്ല .
അവന്‍ എന്തിനായിരിക്കും അവിടെ ചെല്ലുന്നത്.
സിന്ധുവിനു എന്തോ അപകടം സംഭവിക്കാന്‍ പോകുന്നു.
എനിക്കു ഭീതി തോന്നി .
അവളോട്‌ കാര്യം ചോദിക്കണം എന്നും വിലക്കണം എന്നും ഉണ്ട്.
പക്ഷെ കഴിയുന്നില്ല . എങ്ങനെ പറയും ..
പിറ്റേ ദിവസം മുതല്‍ ഞാന്‍ സിന്ധുവിനെ കാണാന്‍ മനപ്പൂര്‍വം ശ്രമിച്ചില്ല .
അവള്‍ വരുന്നതിനു മുന്പേ
സ്കൂളില്‍ പോകാന്‍ ഇറങ്ങി .
വൈകിട്ട് പതിവിലും നേരത്തെ വീട്ടില്‍ എത്തി .
എന്താടാ നീ സിന്ധുവിനോട് പിണങ്ങിയോ ?
അമ്മയുടെ ചോദ്യം..
എന്താ അമ്മെ ?
ആ കൊച്ചു ഇന്ന് ഒറ്റയ്ക്ക് പോകുന്നത് കണ്ടു .
നീ എന്തിയെ എന്ന് ചോതിച്ചു ..
എന്തൊക്കെയോ പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി ..
വളരെപെട്ടന്നാണ് ദിവസങ്ങള്‍ കടന്നു പോയത് .
പത്താം ക്ലാസ്സിലെ പരീക്ഷ അടുത്ത് വന്നു .
പരീക്ഷ ചൂടില്‍ സകലതും മറക്കാന്‍ ശ്രമിച്ചു..
പരീക്ഷ കഴിയുന്നത്‌ വരെ കുന്നിന്മുകളില്‍ പോയിരിക്കരുതെന്നു അമ്മ നിര്‍ബന്ധപൂര്‍വം
വിലക്കി .അവസാന പരീക്ഷ കഴിഞ്ഞപ്പോള്‍
അടുത്ത കൂട്ടുകാരെ പിരിയുന്നതിലായി സങ്കടം ...
ചിലരോടെല്ലാം യാത്ര പറഞ്ഞപ്പോള്‍ കണ്ണും മനസും നിറഞ്ഞു .. എന്റെ പരിചയങ്ങളും
സൌഹൃദങ്ങളും എല്ലാം ഒരു പക്ഷെ ഇവിടെ അവസാനിക്കും . കാരണം ഞങ്ങള്‍
കുടുംബസമേതം നാട്ടിന്‍ പുറത്തേക്കു പോകുകയാണ് ..

അച്ഛന് ജോലി മാറ്റം . ഇനി തുടര്‍ന്നുള്ള പഠനം അവിടെ തന്നെ .
അടുത്ത എല്ലാ സുഹൃത്തുക്കളേയും
പിരിയുന്നു . അവസാന ദിവസം പലരെയും കാണാന്‍ കണ്ണുകള്‍

തിടുക്കം കൂട്ടി. സിന്ധുവിനെയും കാണണം .
പിണക്കം മറന്നു യാത്ര ചോദിക്കണം . തന്റേതു
സാധാരണ വേര്‍പിരിയല്‍ അല്ല. തനിക്ക് മാത്രം നാടുവിട്ടുള്ള യാത്രയാണ് .

ഇനി ഒരു പക്ഷെ പരസ്പരം കണ്ടില്ലെന്നും വരാം.
റിസള്‍ട്ട്‌ പത്രത്തില്‍ അറിയാം . എങ്കിലും ഒരിക്കല്‍ കൂടി വരണം .
സിന്ധുവിനെ കാണുന്നില്ല . അവള്‍ പരീക്ഷ എഴിതിയില്ലേ ....
ഇല്ല വന്നിട്ടില്ല .. ചിലര്‍ പറഞ്ഞു . എങ്കിലും തിരക്കി ..
ഒടുക്കം കണ്ടു മുട്ടി . സ്കൂളിന് പിന്നിലെ കിണറില്‍ നിന്നും വെള്ളം കോരി കുടിക്കുന്നു .
ഒന്ന് രണ്ടു കൂട്ടുകാരികളും ഉണ്ട് .
തന്നെ കണ്ടപ്പോള്‍ അവള്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു .
സിന്ധു...... ഞാന്‍ വിളിച്ചു
അവളുടെ മുഖത്തു പഴയ തെളിച്ചമില്ല .
നല്ല ക്ഷീണവുമുണ്ട് ...
അവള്‍ ചിരിച്ചെന്നു വരുത്തി .
ഞാന്‍ പോകുവാ..
ഞങ്ങള്‍ വീടും സ്ഥലവും വിറ്റു . ചെങ്ങന്നുരിനു പോകുവാ.
ഇനി ചിലപ്പോള്‍ കണ്ടെന്നു വരില്ല .
അവളുടെ കണ്ണുകള്‍ നിറഞ്ഞു .
നീ പോവാണോ ?
ഇനി എന്നാ കാണുന്നത് ..
ചിലപ്പോള്‍.....
ഞാന്‍ ഇവിടെ വന്നാല്‍ വീട്ടില്‍ വരാം നിന്നെ കാണാന്‍..
വേണ്ട ..
അതെന്താ....?

അവള്‍ ഒന്നും പറഞ്ഞില്ല ...
കൂടുകാരികള്‍ തിടുക്കം കൂട്ടുന്നു ... എന്നാല്‍ പോകട്ടെ ....
അവള്‍ കൈവീശി കാണിച്ചു ...

ആ പോകുന്നത് തന്റെ ഒരു വലിയ സൌഹൃദമാണ് .
അവള്‍ക്കും തനിക്കും ഇടയില്‍ ഇപ്പോഴും അദൃശ്യമായ വലിയ ഒരു ബന്ധം നിലനില്‍ക്കുന്നു .
അത് ഞാന്‍ തിരിച്ചറിയുന്നത്‌ ഇപ്പോളാണോ ?
അവളോട് അകല്‍ച്ച ഭാവിക്കെണ്ടായിരുന്നു .
പാവം അവള്‍ക്കു വലിയ വിഷമം
ഉണ്ടായി കാണും.
കണ്ണ് നിറഞ്ഞു തുളുമ്പുന്ന അവളുടെ
നിഷ്കളങ്കമായ മുഖം തനിക്ക് ഓര്‍ക്കാനേ വയ്യ .
പിന്നെങ്ങനെ ഞാന്‍ ഈ ക്രൂരത കാണിച്ചു .
ഇനി തിരുത്താന്‍ പറ്റുമോ ?
ഇല്ല . ഞാന്‍ പോകുകയല്ലേ ..
ഈ നാടുപോലും എന്നില്‍ നിന്നും കൈവിട്ടു പോകുന്നു ......
വൈകുന്നേരം വീട്ടില്‍ എത്തി അമ്മ കാണാതെ കുറെ നേരം കരഞ്ഞു .
ഇരുട്ടുവോളം വീടിനടുത്തുള്ള ആ കുന്നില്‍ മുകളില്‍ പോയി മാനം നോക്കി കിടന്നു .
സങ്കടം കൊണ്ട് കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്നു .
ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ ഈ കുന്നിന്‍ പുറവും തനിക്ക് അന്യമാകും .
ഈ ചേതോഹര ഹരിത സായന്തനങ്ങള്‍ ആണ് എന്നെ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചത് .
നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലനിരകള്‍ക്കു മുകളിലൂടെ
എത്ര തവണ താന്‍ മനസ്സ് കൊണ്ട്
സഞ്ചരിച്ചിരിക്കുന്നു.......
മറ്റാരുടേതോ ആകാന്‍ പോകുകയാണീ
മണ്ണും ഇവിടുത്തെ തന്റെ വാസസ്ഥലങ്ങളും .

അച്ഛനോട് ട്രാന്‍സ്ഫര്‍ വേണ്ടാന്നു പറഞ്ഞു നോക്കിയാലോ ?
ഹോ ......
ഒരിക്കലേ അങ്ങനെ ചിന്തിച്ചുള്ളൂ. അച്ഛന്‍
കൊമ്പന്‍ മീശ ചുരുട്ടി തുറിച്ചു നോക്കുന്നത് ഓര്‍ത്തപ്പോള്‍ ജീവന്‍ പോയി .
ഏതായാലും വേണ്ട .
വലുതാകുമ്പോള്‍ തനിക്കും ഇവിടൊക്കെ വരാമെല്ലോ.
ഈ കുന്നുംപുറം മൊത്തം വാങ്ങണം
അന്നും ഈ മലനിരകള്‍ ഇവിടെത്തന്നെ കാണും .
ഇരുട്ടിയപ്പോള്‍ വീട്ടിലേക്കു നടന്നു .
അമ്മ കാത്തു നില്‍പ്പുണ്ടായിരുന്നു .
നീ എന്താ വൈകിയത് ?
വെറുതെ ..
നിനക്ക് സങ്കടമുണ്ടോ ?
അമ്മ മുഖത്തേക്ക് നോക്കി .
തന്‍റെ കണ്ണ് നിറഞ്ഞു വന്നു ,
സാരമില്ലെടാ..
നീ ആണ്‍കുട്ടി അല്ലെ ..
കൂട്ടുകാരെ ഒക്കെ കാണാന്‍ പിന്നെ വരാമെല്ലോ
അമ്മ ചേര്‍ത്ത് പിടിച്ചു തലയില്‍ തഴുകി ..
തന്‍റെ സങ്കടം പൊയ്പോയി ...
അടുത്ത ദിവസം നേരം വെളുത്തത്
ഹൃദയഭേതകമായ ഒരു വാര്‍ത്തയോടെ
ആയിരുന്നു .
സിന്ധു ആത്മഹത്യ ചെയ്തു .
അമ്മ കരയുന്നു . ഞാന്‍ നടുങ്ങി പോയി .
എന്റെ ഭാവ പകര്‍ച്ച കണ്ടിട്ടാവണം
അമ്മ അടുത്ത് വന്നു . ഞാന്‍ മുഖം തിരിച്ചു .
ഇപ്പോള്‍ അമ്മ എന്നെ ആശ്വസിപ്പിക്കേണ്ട ..
എനിക്ക് കരയണം . അമ്മ തലയില്‍
തഴുകേണ്ട.
എന്ത് ചെയ്യണം എന്നറിയാത്ത കുറെ നിമിഷങ്ങള്‍ .
പതുക്കെ വീടിനു പുറത്തിറങ്ങി .
ആളുകള്‍ അങ്ങിങ്ങായി റോഡില്‍ കൂട്ടം കൂടി നില്‍പ്പുണ്ട് .
മരണവീട്ടില്‍ പോയി മടങ്ങി വന്ന ചിലര്‍
അടക്കം പറയുന്നു .
തന്നെ കണ്ടപ്പോള്‍ ചിലരുടെ മുഖത്ത് സഹതാപം .
എന്നും ഒന്നിച്ചു സ്കൂളില്‍ പോകുന്നവര്‍
ആയിരുന്നില്ലേ . കൂട്ടുകാര്‍ ...
നീ അറിഞ്ഞോ .... സിന്ധു മരക്കൊമ്പില്‍ കെട്ടിതൂങ്ങി കിടക്കുന്നു . കാലുകള്‍ നിലത്തു
മുട്ടിയിട്ടുണ്ട് ..
ആര്‍ക്കറിയാം .... മറ്റൊരാള്‍ പകുതിയില്‍ നിര്‍ത്തി ...
എന്റെ ദൈവമേ ...
ഉള്ളില്‍ നിന്നും ഒരാളല്‍......

പോലീസ്നു ആള് പോയിട്ടുണ്ട് .
അതൊക്കെ അവളുടെ അച്ഛന്‍ തേച്ചു മാച്ചു കളയും.. കുടുംബത്തിനു മാനക്കേടല്ലേ..
ഇഷ്ട്ടം പോലെ പണം ഇല്ലേ .... അഭിപ്രായങ്ങള്‍ അങ്ങനെ പോകുന്നു .
പകല്ചൂടില്‍ താന്‍ വെന്തു പോകുന്ന പോലെ
എങ്ങനെയും ഇവിടുന്നു രക്ഷപെടണം .
തിരിച്ചു വീട്ടിലേക്കു തന്നെ നടന്നു .
അവസാനമായി സിന്ധുവിനെ കണ്ടത് ഇന്നലെ ആണ് . ഒന്ന് കൂടി കാണണം എന്നുണ്ട് .
പക്ഷെ എങ്ങനെ ആ രംഗം ....
തനിക്കിപ്പോള്‍ കരച്ചില്‍ വരുന്നില്ല . കണ്ണുനീര്‍ വറ്റിയതുപോലെ.
വീട്ടില്‍ വരുന്ന അയല്‍പക്കത്തെ സ്ത്രീകള്‍
അമ്മയോട് പല കഥകളും പറയുന്നുണ്ട് .
സിന്ധുവിനെ ആരോ ചതിച്ചതാണെന്നും
അവളുടെ അച്ഛന്‍ അവളെ ചവിട്ടി കൊന്നു കെട്ടി
തൂക്കിയതാണെന്നും മറ്റും മറ്റും .
ആരാണവളെ ചതിച്ചതെന്നു എനിക്കറിയാം...
ഞാന്‍ പറഞ്ഞാലോ ....
പക്ഷെ എങ്ങനെ പറയും ...
ആരോട് പറയും ..
പലവിധ ചിന്തകള്‍ കൊണ്ട് പകല്‍ ഒടുങ്ങി ...
പോലീസു വന്നു പോയി . ഒന്നും സംഭവിച്ചില്ല
അവളുടെ അച്ഛന്‍ സ്വാധീനിച്ചു കാണും.
വീണ്ടും ഭുമി ഇരുട്ടിവെളുത്തു...

ഇനി ഈ നാട്ടില്‍ ഒരു ദിവസം കൂടി മാത്രം .
വീട്ടു സാധനങ്ങള്‍ മിക്കതും നേരത്തെ തന്നെ
പുതിയ സ്ഥലത്തേക്ക് അയച്ചതിനാല്‍
ഒന്നും കെട്ടി പെറുക്കാനില്ല.
അമ്മ അയല്പ്പക്കതുള്ളവരോട് യാത്ര ചോതിക്കാനുള്ള തിരക്കിലാണ് ...
എനിക്കും ഒരാളെ കാണാന്‍ ഉണ്ട് ..
കാണാതെ പോയിക്കൂട ...
കണ്ടില്ലെങ്കില്‍ ഒരു പക്ഷെ അത് തന്‍റെ ഉള്ളില്‍ എന്നും ഒരു നീറ്റലായി തിരിഞ്ഞും മറിഞ്ഞും കിടക്കും.

നേരെ പോയത് സ്കൂളിനടുത്തുള്ള ആ ചെറിയ ഫാന്‍സി
കടയിലേക്കാണ്....
അവിടെ കൌണ്ടറില്‍ അവന്‍ നില്‍പ്പുണ്ട് .
മുഖത്ത് ഒരു ഭാവ വിത്യാസവുമില്ല.
എന്നെ കണ്ടതും മുഖം ഒന്ന് കനത്തു .
ഒരു മുന്‍കരുതല്‍ എന്ന വണ്ണം ഞാന്‍ പറയാനുള്ളത് ഒന്ന് കൂടി ഓര്‍ത്തുവെച്ചു ..
ഭാഗ്യം കടയില്‍ മറ്റാരുമില്ല .

സിന്ധു മരിച്ചു അല്ലെ ?
"അതിനു ഞാന്‍ എന്ത് വേണം ...
തിടുക്കപ്പെട്ടുള്ള അവന്റെ മറുപടിയില്‍
അസ്വാഭാവികമായ സ്വരവത്യാസം .
വെറുപ്പും അടക്കാനാവാത്ത കോപവും
എന്റെ ഉള്ളില്‍ കുമിഞ്ഞു കൂടി ..
"എനിക്കെല്ലാം അറിയാം .. "
അവന്‍ ഒന്ന് പകച്ചു .. പെട്ടന്ന് എന്റെ നേരെ ചീറി അടുത്തു..
ശത്രുവിന്റെ കഴുത് ഞെരിച്ചു കൊല്ലാനുള്ള അവന്റെ വരവില്‍ നിന്നും
ഞാന്‍ കുതറി ഓടി രക്ഷപെട്ടു .
പുറത്തേക്കു ഓടുകതന്നെ.. നിര്‍ത്താതെ ഓടി ..
ഏറെ നേരം കഴിഞ്ഞാണ് ഓട്ടം നിര്‍ത്തിയത് ...
തിരിഞ്ഞു നോക്കിയപ്പോള്‍ പിന്നില്‍ ആരുമില്ല .
ഭീരു ...
കൂട്ടുകാരിയുടെ മരണത്തിനു കാരണക്കാരന്‍ ആയവന്റെ
രോമത്തില്‍ ഒന്ന് തൊടാന്‍ പോലും ധൈര്യമില്ലാത്തവന്‍.

ഇപ്പോള്‍ ഇരുപതു വര്‍ഷം പിന്നിട്ടിരിക്കുന്നു .
പുതിയവര്‍ പലരും ഭൂമിയില്‍ വന്നു ആധിപത്യം സ്ഥാപിച്ചിരിക്കുന്നു .

പഴയ പ്രഭുക്കന്മ്മാര്‍ അസ്തമിച്ചു മടങ്ങിപോയി .
ചിലരെല്ലാം ഇപ്പോളും ഭൂമിയെ വിടാതെ നൊമ്പരപ്പെടുത്തി ജീവിച്ചു മറിയുന്നു .
അയാളും മടങ്ങിയിട്ടില്ല .
സിന്ധു എന്റെ ഓര്‍മയില്‍ എന്നോടൊപ്പം കഥകള്‍ പറഞ്ഞും
ചിരിച്ചും പിണങ്ങിയും ഇന്നും ജീവിക്കുന്നു .
പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളുടെ വില
എത്ര തുച്ഛവും നിസ്സാരവും ആയിരുന്നു.
സത്യം ജയിക്കാന്‍ ഇനി ആരുടെ കോടതിയാണ് കനിയേണ്ടത് ..
എന്റെ മനസ്സില്‍ അവനുള്ള ശിക്ഷ വിധിച്ചതാണ് ..
പക്ഷെ നടപ്പാക്കാന്‍ .....
ഞാന്‍ അധികാരിയും ജന്മിയും അല്ലെല്ലോ ...
ഞാന്‍ നിന്റെ സുഹൃത്ത്‌ മാത്രം ആയിരുന്നില്ലേ ..
ഇടയ്ക്ക് പിന്നെ നീ എന്തിനാണ് എന്റെ
ഉള്ളില്‍ ഇരുന്നു തേങ്ങുന്നതു. നിന്റെ കണ്ണ് നീര്‍ തളം കെട്ടി
എന്റെ മനസിപ്പോള്‍ ഒറ്റപ്പെട്ട ഒരു തുരുത്ത് പോലെ ആയിരിക്കുന്നു .
ഞാന്‍ നിര്‍ത്തുകയാണ് .. ഇനി എഴുത്ത് തുടര്‍ന്നാല്‍ ...
ചിലതെല്ലാം കൂടി പറയേണ്ടി വരും .. വേണ്ട ..
അത് എന്റെ ഉള്ളില്‍ തന്നെ ഇരിക്കെട്ടെ ..
നിന്റെ ജീവിക്കുന്ന ഓര്‍മകള്‍ക്ക് മുന്നില്‍
എന്റെ ദുഖാര്‍ദ്രമായ ഹൃദയവും ഈ അക്ഷരങ്ങളും

ഞാന്‍ സമര്‍പ്പിക്കുന്നു .

2010, മാർച്ച് 27, ശനിയാഴ്‌ച

ആദ്യ രാത്രി

എനിക്കിപ്പോള്‍ വയസ്സ് ഇരുപത്തി എട്ട് . വിവാഹിതന്‍ . ഏര്‍ലി മാര്യേജ് ആണ് . അങ്ങനെ പറഞ്ഞപ്പോള്‍ നിങ്ങള്ക്ക് എന്താണ് തോന്നിയത് . സാധാരണ ലേറ്റ് മാര്യേജ്
എന്നാവും നിങ്ങള്‍ കേട്ടിട്ടുള്ളത്. ഞാന്‍ വളരെ നേരത്തെ വിവഹം കഴിച്ച ഒരാള്‍ ആണ്
ഇരുപതാമത്തെ വയസ്സില്‍ . അന്ന് എനിക്ക് പ്രത്യേകിച്ച് ജോലികള്‍ ഒന്നും ഇല്ല . ബാപ്പ
പറഞ്ഞു നിക്കാഹിനു ഒരുങ്ങിക്കോ, ഇന്ന് ഒരു പെണ്കുട്ടിയെ കാണാന്‍ പോകണം .
തൊണക്കാരെ കൂടെ കൂട്ടിക്കോ . അങ്ങനെ തികച്ചും യാദ്രശ്ചികമായി ഞാന്‍ പെണ്ണ് കാണാന്‍ പുറപ്പെട്ടു .അടുത്ത ചങ്ങാതിമാരായ ശുക്കൂരും സലീമും ഒത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി .
നല്ല സ്വീകരണം . ബാപ്പ മുന്‍കൂര്‍ അറിയിച്ചത് കൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി .അധികം ചോദ്യങ്ങള്‍ ഒന്നും ഉണ്ടായില്ല.
തന്നെ കുറിച്ച് അവര്‍ക്ക് അറിയാം എന്ന് തോന്നുന്നു .
ഒറ്റ മകന്‍ ആണ് . ബാപ്പയുടെ തരക്കേടില്ലാത്ത സമ്പത്തിന് ഏക അവകാശി . അവര്‍ക്ക് അതിലാണ് നോട്ടം എന്ന് കരുതുന്നതില്‍ തെറ്റുണ്ടോ ? താന്‍ എത്ര വരെ പഠിച്ചിട്ടുന്ടെന്നോ, എന്താണ് ജോലി എന്നോ അവര്‍ ചോദിച്ചില്ല .
അല്ല ചോദിക്കാഞ്ഞത് ഭാഗ്യം . എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്ലാസ്സില്‍ ഇരുന്നു ചാര്‍മിനാര്‍ സിഗരെട്ടു വലിച്ചതിന് ആ തെക്കത്തി സുനിതാ കുമാരി ടീച്ചര്‍ തന്നെ ക്ലാസ്സില്‍ നിന്നും പുറത്താക്കിയതാണ്. അതില്‍ പിന്നെ സ്കൂളിന്റെ പടി ചവിട്ടിയിട്ടില്ല . "ഓന് ബേണ്ടങ്കില്‍ ബേണ്ട" എന്നു ബാപ്പ പറഞ്ഞതോട് കൂടി സ്കൂളില്‍ പോക്കും നിന്നു .
പഠിക്കാത്തതില്‍ ഇന്നും ഒട്ടും വിഷമം എനിക്കില്ല . പഠിച്ചവരേക്കാള്‍ നല്ല ജോലിയും തക്ക വരുമാനവും ഇന്നെനിക്കുണ്ട്. പറഞ്ഞു വന്നത് പെണ്ണ് കാണല്‍ ചടങ്ങിനെ കുറിച്ചാണ് . ഒരു പ്ലേറ്റില്‍ നിറയെ പലഹാരങ്ങളും മറ്റൊരു പ്ലേറ്റില്‍ അലുവയും മധുരവും . അത് നേരത്തെ തയ്യാരാക്കി വെച്ചത് മേശപുറത്തുണ്ട് . പെണ്‍കുട്ടിയുടെ ബാപ്പ അകത്തേക്ക് നോക്കി "ഓളെ ഇങ്ങോട്ട് വരാന്‍ പറ" എന്നു പറഞ്ഞു . ഹൃദയത്തില്‍ ആകാംഷ പെരുമ്പറ മുഴക്കുന്നു . കൊലുസുകള്‍ കിലുങ്ങുന്നു .
അവള്‍ വന്നെത്തി കഴിഞ്ഞു . ചുവന്ന ചുരിദാറും തലമറക്കുന്ന ഒരു തട്ടവും ഇട്ടു കൊലുന്നനെ ഒരു പെണ്‍കുട്ടി . മുഖം അടുത്ത് വന്നതിനു ശേഷം ആണ് വ്യക്തമായി കണ്ടത് . നിഷ്കളങ്കത തുടിക്കുന്ന ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയുടെ മുഖം. ഒരു എട്ടാം ക്ലാസ്സ്‌
കാരിക്ക് ചേരുന്ന ശരീര വലുപ്പം . പരിഭ്രമം കൊണ്ട് ചാടിതുള്ളുന്ന പരല്‍മീനിനെ പോലെ കണ്ണുകള്‍.വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു നില്‍ക്കുന്ന മുഖം .
അവളുടെ മുഖത്തെക്ക് ഞാന്‍ ഒന്ന് കൂടി നോക്കി . നാണം കൊണ്ട് അവള്‍ മുഖം താഴ്ത്തും എന്ന എന്റെ സങ്കല്പം അപ്പാടെ പൊളിഞ്ഞു . അവള്‍ എന്നേ തുറിച്ചു നോക്കുന്നു . വഴക്കുണ്ടാക്കാന്‍ വന്ന സഹപാഠിയെ ദേഷ്യത്തോടെ നോക്കുന്ന ഒരു കൊച്ചു കുട്ടി അവളില്‍ നിഴല്‍ പോലെ നില്‍ക്കുന്നു . പൊക്കോ . ബാപ്പയുടെ ഒറ്റ വാക്കില്‍ രംഗം അവസാനിച്ചു . ഇനി ഞങ്ങള്‍ കാരണവന്മാര്‍ സംസാരിക്കും . വിഷയത്തില്‍ തീര്‍പ്പായി .
പതുക്കെ എഴുന്നേറ്റു സലാം പറഞ്ഞു കൂട്ടുകാരുമായി പുറത്തേക്കു നടക്കുന്നതിനിടയില്‍ ഭാവി അമ്മോശന്‍ ഒരു കമന്റ്‌ കൂടി പാസ്സാകി . നാട്ടില്‍ നില്‍ക്കാതെ ദുബൈക്കോ മറ്റോ ഒന്ന് പോയ്‌ വന്നു കൂടെ . ഓഹോ മൂപ്പിലാന്‍ ഇപ്പോളെ തന്നെ പായ്ക്ക് ചെയ്യാനുള്ള പുറപ്പാടാണോ ?
പടച്ചോനെ!! കെട്ടാന്‍ പോകുന്ന കുട്ടിയുടെ പേര് പോലും ചോദിച്ചില്ല .ധൈര്യമില്ലാത്തത് കൊണ്ട് തന്നെ ഇഷ്ട്ടപ്പെട്ടോ എന്നും ചോദിക്കാന്‍ കഴിഞ്ഞില്ല.
പ്രായം എത്ര എന്നു പോലും ഉറപ്പില്ല . എന്തായാലും സ്കൂള്‍ കഴിഞ്ഞിട്ടില്ല എന്നുറപ്പാണ് .ബാപ്പയുടെ മുന്പില്‍ നിന്നാല്‍ മുട്ട് വിറക്കും അല്ലെങ്കില്‍ തനിക്കിപ്പോള്‍ വിവാഹം വേണ്ടെന്നു പറയാമായിരുന്നു . ആ കുട്ടിക്കും വിവാഹം കഴിക്കാനുള്ള പ്രായം ആയിട്ടില്ല . പക്ഷെ നാട്ടുനടപ്പനുസരിച്ച് പെണ്ണ് കണ്ടു. ഇനി കാര്‍ന്നോന്മാര്‍ തീരുമാനിക്കും .
അങ്ങനെ ഒരുദിവസം താന്‍ പുയ്യാപ്ല ആയി . അമ്മോശന്‍ കൈയില്‍ പിടിച്ചു വച്ച് രണ്ടുമൂന്നു കൂട്ടം അറബിയും പിന്നെ മലയാളവും പറഞ്ഞു . രണ്ടുമൂന്നാവര്‍ത്തി പറഞ്ഞപ്പോള്‍ എല്ലാം തെറ്റാതെ പറയാന്‍ പറ്റി ഇല്ലെങ്കില്‍ നാണക്കേടായേനെ .
ഒരു വിധത്തില്‍ ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോള്‍ രാത്രി ആയി . മണിയറയില്‍ പിടക്കുന്ന ഹൃദയത്തോടെ ഞാന്‍ കാത്തിരുന്നു . നമ്രമുഖി ആയി അവള്‍ കടന്നു വരുമ്പോള്‍ സിനിമയിലെ ശ്രീനിവാസനെ പോലെ വെപ്രാളപ്പെടരുതെന്നു ഉള്ളില്‍ കടുത്ത തീരുമാനം എടുത്തു
എന്നിട്ട് മനസിനെ കരിങ്കല്ലാക്കി നാവിനെ ബന്ധിച്ചു നിര്‍ത്തി . ഒന്നും പറയരുത് . ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്ത് പറഞ്ഞാലും ചിലപ്പോള്‍ അബദ്ധമാവും . അങ്ങനെ കുറെ നേരം കാത്തിരുന്നു . കനവുകള്‍ മാറിമറിയുന്നു . തന്റെ ചെറിയ മനസിനുള്ളില്‍ ഇത്ര വലിയ സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നോ . പണ്ട് കുട്ടി ആയിരിക്കുമ്പോള്‍ അയല്‍പക്കത്തുള്ള സമപ്രായക്കാരി ഖദീജയുടെ കൂടെ ഭാര്യവും ഭര്‍ത്താവും കളിച്ചത് അയാളുടെ മനസ്സില്‍ ഓടി എത്തി . ഖദീജ ഭാര്യ ആയാല്‍ ഉടനെ ശകാരം തുടങ്ങും . അവള്‍ പറയുന്നത് തന്റെ വീട്ടില്‍ ഇങ്ങനെ ആണെന്നാണ്. താന്‍ ഭര്‍ത്താവായി അഭിനയിച്ചാല്‍ ഉടനെ ഗൌരവക്കാരന്‍ ആകും . ഇരുത്തി മൂളാന്‍ തുടങ്ങും . കാരണം തന്റെ ബാപ്പ അങ്ങനെ ആണ് . ചില പോലീസു ഏമാന്മാരെ പോലെ അമര്‍ത്തി മൂളി കൊണ്ടായിരിക്കും എപ്പോളും ചോദ്യങ്ങള്‍ . ഉം....? എന്തെ .....? . ശകാരം കഴിഞ്ഞാല്‍. ഖദീജ കരയാന്‍ തുടങ്ങും . മൂക്കൊലിപ്പിച്ചുള്ള അവളുടെ അഭിനയം ഉഷാറായി മുന്നേറുമ്പോള്‍ താന്‍ അഭിനയത്തിന്റെ അടുത്ത ഭാഗത്തേക്ക്‌ കയറും . അപ്പോള്‍ ഖദീജ ചീറും. ഉമ്മാന്റെ കിടക്കയില്‍ കയറി ആഗ്യഭാഷയില്‍ ഇവിടെ ബാ
എന്നു വിളിക്കും. ചിണുങ്ങി കൊണ്ട് അവള്‍ തന്റെ അടുത്ത് വന്നു നില്‍ക്കും . അവളെ വലിച്ചു പുതപ്പിനടിയില്‍ കയറ്റി കുറെ നേരം കിടക്കും .
കാരണം തന്റെ ബാപ്പ അങ്ങനെ ആണ് . അയാള്‍ക്ക്‌ ചിരിപൊട്ടി . ബാല്യകാല കുസൃതികള് അവിടം കൊണ്ട് നിന്നിരുന്നു.
സമയം വീണ്ടു കടന്നു പോകുന്നു . അവള്‍ വന്നിട്ടില്ല .മണിയറയില്‍ ഏകാന്തനായി എത്ര നേരം .വരേണ്ട ആള്‍ മാത്രം വന്നില്ല . അയാള്‍ പഴയ ഒരു സിനിമാപ്പാട്ടിന്റെ ഈരടികള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു . പുറത്തു ആരുടേയും സംസാരം കേള്‍ക്കുന്നുമില്ല . പടച്ച തമ്പുരാനെ എല്ലാവരും കിടന്നോ .
മണിയറയും അലങ്കാരങ്ങളും എല്ലാം ഒരു നിമിഷം തനിക്കു ചുറ്റും കറങ്ങുന്നത് പോലെ.
ഇല്ല . ആരോ വരുന്നുണ്ട്. അത് അവള്‍ ആയിരിക്കണേ റബ്ബേ ...
കാലടി ശബ്ദങ്ങള്‍ അടുത്ത് വരുന്നു .
കതികില്‍ മുട്ടുന്നു . അതു അവള്‍ തന്നെ. പുറത്തു
അടക്കി പിടിച്ച വര്‍ത്തമാനവും ചിരിയും. കതകു തുറന്നു കിടക്കുക അല്ലെ . തനിക്കു സംശയം.
കയറി വരാമെല്ലോ . പിന്നെയും മുട്ടുന്നു . കട്ടിലില്‍ നിന്നും എഴുന്നേറ്റു . കതകു തുറന്നു നോക്കി . രണ്ടു സ്ത്രീകള്‍ . തന്റെ ബന്ധുക്കള്‍ ആണ് .
അവള്‍ക്കു പേടിയാത്രെ.
ഉമ്മാന്റെ കൂടെ കിടന്നു .
അത് പറഞ്ഞതും അവര്‍ തിരിച്ച്‌ ഒറ്റ നടത്തം ..
വീട്ടിനുള്ളില്‍ അടക്കി പിടിച്ച സംസാരവും ചിരികളും .
വേഗം മുറിക്കുള്ളില്‍ കയറി ലൈറ്റ് അണച്ചു.
വിളറി വെളുത്തു പോയ തന്റെ മുഖം തനിക്ക് തന്നെ തല്ലി ഉടക്കണം എന്ന് തോന്നി . മുഷ്ട്ടി ചുരുട്ടി മുല്ലപ്പു വിരിച്ച മെത്തയില്‍ രണ്ടു ഇടി
പാസ്സാക്കി . മാലാഖമാര്‍ ആയിരുന്നു തനിക്ക് ചുറ്റും ഇതുവരെ . ഇപ്പോള്‍ കറുത്ത വേഷത്തില്‍ ആരാചാരന്മാര്‍ അവസരം കാത്തു നില്‍ക്കുന്നു .
സ്വയം പരിഹസിക്കാന്‍ പോലും ആകാതെ അയാള്‍
തിരിഞ്ഞു കിടന്നു . ഉറക്കം കെട്ടു പോയ ഒരു
ഉറക്കത്തിലേക്കു അയാള്‍ വീണു പോയി .

2010, മാർച്ച് 24, ബുധനാഴ്‌ച

വിവാഹം നരകത്തില്‍

പ്രവാസി ആകുന്നതിനു മുന്പ് എനിക്കിത്തരം ബാല്യ
വിവാഹങ്ങളെ കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല .
കൂടെ ജോലി ചെയ്തിരുന്ന ഒരു മലപ്പുറത്ത്‌കാരന്‍
മൂന്നു പെണ്‍മക്കളുടെ കാര്യം കൂടെ കൂടെ പറയുന്നത് കേട്ടപ്പോള്‍ ആകാംഷ തോന്നി .
മൂത്ത കുട്ടിയുടെ പ്രായം പത്തു വയസ് . അവളെ നിക്കാഹിനു ആലോചിച്ചു ഇപ്പോളെ ചെക്കന്മാര്‍
വരനുണ്ടത്രേ . കുട്ടിക്ക് വളര്‍ച്ച ഉള്ളതിനാല്‍
വൈകിയാല്‍ ചെക്കനെ കിട്ടാന്‍ പാടാണെന്ന് അയാള്‍ പറഞ്ഞു .
തന്നയുമല്ല താഴെ വേറെ രണ്ടു കുട്ടികള്‍ കൂടി ഉള്ളതിനാല്‍ എത്രയും പെട്ടന്ന് കെട്ടിച്ചയക്കണം എന്ന വിചാരമാണ് കുട്ടി യുടെ ഉമ്മക്കും . പത്തു വയസുള്ള എന്റെ സഹോദരിയുടെ മകളെ ഞാന്‍ മനസ്സില്‍ ഒട്ടു നേരം ആലോചിച്ചു പോയി .
ചാടി തുള്ളി കളിച്ചു നടക്കുന്ന പ്രായത്തില്‍ അവളെ ഒരുത്തന്‍ വിവാഹം ആലോചിച്ചു വന്നാല്‍ ഞാന്‍ എന്ത് ചെയ്യും . കുട്ടികളെ പീഡിപ്പിക്കാന്‍ നടക്കുന്ന കൂട്ടത്തില്‍
പെടുത്തി അവനെ ഞാന്‍ ആട്ടി പായിക്കും . കൊച്ചു കുട്ടികളെ തന്നെ കെട്ടിയാല്‍ മതി എന്നു പറഞ്ഞു വരുന്ന
ആ മനോരോഗി യായ ചെറുപ്പക്കാരനെ ചിലപ്പോള്‍ കരണത്തിന് രണ്ടു കൊടുത്തു പോലീസില്‍ ഏല്‍പ്പിക്കാനും
മതി .
എന്റെ മുഖം നിറയെ പരിഹാസം കണ്ടിട്ടാവണം കാക്ക
ഒന്ന് ഉഷാറായി .രണ്ടു ബര്‍ത്താനം പറഞ്ഞു ഓനെ
ആട്ടാന്‍ തീരുമാനിച്ച് എന്റെ നേരെ വന്നു . നിങ്ങള്‍ തെക്കന്മാര്‍ മൂത്ത് നരച്ചു നില്ല്കുന്ന പെണ്‍കുട്ടികളെ
കെട്ടിയാണ് ശീലം . അതിലൂടെയും ഇതിലൂടെയും പോയതുങ്ങളെ അവിടുള്ളവര്‍ക്ക് മതി .
ഞമ്മക്ക് അത് പോര . പെങ്കുട്ടിയോലെ നല്ല പ്രായത്തില്‍ തന്നെ കെട്ടിച്ചു ബിടണം.
കാക്ക എത്ര ബയസില്‍ ആണ് കെട്ടിയത് ? എന്റെ ചോദ്യം .
ഞാന്‍ ഇരുപത്തി മൂന്നു വയസില്‍ . ബീടര്‍ക്ക് എത്ര വയസായിരുന്നു . എന്റെ അടുത്ത ചോദ്യം .
ഞാന്‍ കെട്ടി രണ്ടാം വര്ഷം ആണ് ഓള്‍ക്ക്
ആര്‍ത്തവം (mensus) വന്നത്.
അതും പറഞ്ഞു കാക്ക വില്ലാളി വീരനായ അര്‍ജുനനെ
പോലെ ഒന്ന് ഞെളിഞ്ഞിരുന്നു .
സാജിയെ അനക്ക്‌ നേരം വെളുത്തിട്ടില്ല .
അന്റെ ഒക്കെ നാട്ടില് പെങ്ങുട്ട്യോള് മൂത്ത് നരച്ചാണ്
നിക്കാഹു കഴിക്കുന്നത്‌ .
ഞങ്ങള്‍ പതിമൂന്നു പതിനാലു വയസ്സിനു മുന്പ് കെട്ടിച്ചു വിടും . അല്ലെങ്കില്‍ പിന്നെ ചെക്കന്‍മാര്‍ വരില്ല .
കുട്ടിക്ക് പ്രായം ഏറി എന്നു പറയും .
ഞാന്‍ നെഞ്ചത്ത് കൈവെച്ചു .
എന്നിട്ട് ?
എന്റെ ഭാര്യ മൂന്ന് പ്രസവിച്ചു .പതിനെട്ടു വയസ്സായപ്പോള്‍
ഓള്‍ക്ക് മൂന്ന് കുട്ടികള്‍ .
സാധാരണ പ്രസവം ആയിരുന്നോ ?
ആദ്യ രണ്ടു ഓപ്പറേഷന്‍.
മൂന്നാമത് പ്രസവം . റബ്ബുല്‍ ആലമീനായ തമ്പുരാനേ ....
പതിനഞ്ചു പതിനാറു വയസില്‍ ഒരു പെണ്‍കുട്ടി ഗര്‍ഭിണി ആകുക . പ്രസവിക്കാന്‍ ശേഷി ഇല്ലാത്തതിനാല്‍
വയറ്റാട്ടി കൈയ്യോഴിയുക . പിന്നെ ആശുപത്രിയില്‍ കൊണ്ട് പോയി ഓപ്പറേഷന്‍ നടത്തുക ...
ഒരു പെണ്ണിനോട് ചെയ്യാവുന്ന ഏറ്റവ്വും വലിയ നീതി കേടു തന്നെ .
കാക്കയുടെ സമീപത്തു നിന്നും പതുക്കെ എഴുന്നേറ്റു
പുറത്തേക്കു നടന്നു . ഇലകളെല്ലാം പൊഴിഞ്ഞു
അസ്ഥിപഞ്ജരം പോലെ നില്‍കുന്ന ഒരു മരത്തിന്റെ
ചുവട്ടില്‍ പോയിരുന്നു . മനസ്സില്‍ നിറയെ
ചെറുപ്രായക്കാരായ കുട്ടികള്‍ ഓടി കളിക്കുന്നു .
ഒരു പെണ്‍കുട്ടി മാത്രം മാറി ദൂരെ നോക്കി നില്‍ക്കുന്നു .
ആകാശത്ത് കൂടി പോകുന്ന വിമാനങ്ങള്‍ അവള്‍ക്കു പ്രതീക്ഷ നല്‍കുന്നുണ്ടോ ? ഒരു കത്ത് പാട്ടിന്റെ ഈരടി
മുഴങ്ങുന്നതുപോലെ . പ്രവാസിയായ ഭര്‍ത്താവിന്റെ വരവും കാത്തിരിക്കുന്ന ഒരു പതിനാലുകാരി.
കൂട്ടുകാരികലോടൊപ്പം സ്കൂളില്‍ പോയി മടങ്ങേണ്ട സമയത്ത് ഭര്‍ത്താവും അയാളുടെ വീടും ഉത്തരവാദിത്യങ്ങളും തന്റെ ചെറു ചുമലുകളില്‍
താങ്ങേണ്ടി വരുക .

മാനസീകമായും ശാരീരികമായും പാകത എത്താത്ത
പ്രായത്തില്‍ വിവാഹവും പ്രസവങ്ങളും . ഭര്‍ത്താവിന്റെ യും വീട്ടു കാരുടെയും അപ്രീതിക്ക് പത്രമായാല്‍
ഒരു മൊഴി ചൊല്ലലും പിന്നീടു സ്വന്തം വീട്ടില്‍ വിധവയെ പോലെ ജീവിതം തളചിടലും
എനിക്കെന്തു ചെയ്യാന്‍ പറ്റും .. ഞാന്‍ നിസ്സഹായന്‍ . ഒരു നാടും അവിടുത്തെ ശീലങ്ങളും ശീലക്കേടുകളും .
പെട്ടന്ന് പിറകില്‍ ഒരു കാല്‍ പെരുമാറ്റം .
സാജിയെ ....
അനക്കെത്ര വയസ്സായി ? കാക്ക പിറകില്‍ എത്തി.
എന്നെ വിടാന്‍ ഭാവമില്ല . ഇരുപത്തി എട്ട് .
ഞാന്‍ പറഞ്ഞു .
അന്റെ പ്രായത്തില്‍ എനിക്ക് കുട്ടികള്‍ മൂന്നായി . നീ ഒക്കെ
കല്യാണം കഴിച്ചു കുട്ടികള്‍ ആയി അവറ്റകള്‍ ഒരു
പ്രായം ആകുമ്പോള്‍ നിനക്ക് വയസ്സാകും . ഞങ്ങളുടെ നാട്ടില്‍
മുപ്പതു വയസ്സായ ഒരു പെണ്ണ് മുത്തശ്ശി ആയിരിക്കും
അനക്ക് ബയസ്സയാല്‍ തുള്ളി വെള്ളം തരാന്‍, സമ്പാദിച്ചു വീട് നോക്കാന്‍ പ്രായമായ മക്കള്‍ പോലും ഉണ്ടായിരിക്കില്ല .
ഞാന്‍ ഒന്ന് ഞെട്ടി .
മുത്തശ്ശി എന്ന സങ്കല്പം എന്റെ മനസ്സില്‍ തകര്‍ന്നു വീണു എന്റെ വലിയമ്മ എന്നെ ഓമനിച്ചു കഥകള്‍ പറഞ്ഞു തന്നിരുന്ന അവരുടെ പ്രായം അറുപതിനും മുകളില്‍ ആയിരുന്നു . മുപ്പതു വയസുള്ള ഇവരുടെ ഭാര്യ ആയ മുത്തശ്ശി എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു .
എന്റെ തളര്‍ച്ച കണ്ടിട്ടാവണം . കാക്കയ്ക്ക് ഉത്സാഹം കൂടി . സ്വന്തം സഹോദരി പ്രസവിച്ചു കിടന്നപ്പോള്‍ ഉമ്മ അപ്പുറത്തെ മുറിയില്‍ പ്രസവിച്ചു കിടന്ന കാര്യം അയാള്‍
സന്ദേഹം ഇല്ലാതെ പറഞ്ഞപ്പോള്‍
എന്റെ സകല നിയന്ത്രണവും പോയി . എന്ത് വികാരം
ആണ് ഞാന്‍ ഇപ്പോള്‍ ഇയാളുടെ മുന്നില്‍ പ്രകടിപ്പിക്കുന്നത്
ചിരിക്കുക തന്നെ .
ആര്‍ത്തു ചിരിച്ചു . കാക്കക്ക് ഒരു കൂസലും ഇല്ല .
മകളുടെ വിവാഹം , അതിന്റെ ചിലവുകള്‍ അയാളുടെ
കണക്കു കൂടലുകള്‍ മുറുകുന്നു

ചിരിച്ചു തള്ളി എങ്കിലും എന്റെ
ഉള്ളില്‍ അപ്പോളും കുറെ ചെറു ബാല്യക്കാരികള്‍
പ്രതീക്ഷ നഷ്ട്ടപ്പെടാത്ത മനസുമായി ദൂരേക്ക് നോക്കി നില്‍ക്കുന്നുണ്ടായിരുന്നു .
അവരുടെ പ്രകാശം നഷ്ട്ടപ്പെട്ട കണ്ണുകളില്‍ ചിലപ്പോള്‍
കണ്ണുനീരിന്റെ ചാലുകള്‍ ഉരുകി ഒലിച്ചു വരാന്‍
നിമിഷങ്ങള്‍ മതിയാകും .
നാടും നഗരവും മാറി മറിയുന്നുന്ടെങ്കിലും
ചില സാമൂഹിക സാഹജര്യങ്ങള്‍ മാറാന്‍
കാലതാമസം ഉണ്ടായെകാം.

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...