2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

പെണ്‍ ചിലന്തി


ആദ്യം ചിരി ചോദിച്ചു .


പിന്നെ കുട ചോദിച്ചു .

ഇന്ന് കിടക്ക ചോദിച്ചു .

നാളെ കിടപ്പാടം ചോദിക്കും .

മറ്റന്നാള്‍ നിനക്ക് സര്‍ക്കാര്‍ ജോലിയും 

എനിക്ക് സെന്‍ട്രല്‍ ജയിലും .....


2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

എന്റെ രാജ്യം വരേണമേ

എനിക്കൊരു രാജ്യം 
ആവിശ്യമുണ്ട് ..

പടക്കോപ്പുകളും,
 വെടിയൊച്ചകളും,
  ഇല്ലാത്ത രാജ്യം .
നീലാകാശവും ,
വിളഞ്ഞ പാടങ്ങളും,
  നിറഞ്ഞ ധാന്യപ്പുരകളും ,
മഴവില്ലും ,
പൂന്തോട്ടങ്ങളും,
 ഉള്ള രാജ്യം ..

ആരും കരയുകയും ,
കരയിപ്പിക്കുകയും ,
ചെയ്യാത്ത രാജ്യം .
ആരുടെഹൃദയത്തിലും 
മുറിവുകളും ,
 അടങ്ങാ പകകളും 
ഇല്ലാത്ത രാജ്യം .

നീയും ഞാനും  ഇല്ലാത്ത  
നമ്മള്‍ മാത്രമുള്ള രാജ്യം ..



2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

നിന്റെ സ്നേഹത്തിന് മുല്ലപ്പൂവിന്റെ മണമാണ് .

നീ പോകരുത്.
നിന്നെ ഞാനിപ്പോള്‍ സ്നേഹിക്കുന്നില്ലെങ്കില്‍  കൂടി .

വേണമെങ്കില്‍ ഒരുകള്ളം പറഞ്ഞ് 
നിന്നെ എനിക്കൊപ്പം 
അല്‍പ്പ കാലം കൂടി  കൂട്ടാമായിരുന്നു 

ഇപ്പൊ  നല്ല തണുപ്പും  ഈ സീസണിലെ 
മനോഹരങ്ങളായ   ദിവസങ്ങളുമാണ് 

ഈ തടാകത്തില്‍  അരയന്നത്തിന്റെ 
ആകൃതിയിലുള്ള  ഒരു ബോട്ടില്‍ 
നമുക്ക് മാത്രമായി  ഒഴുകി നടക്കാമായിരുന്നു .

പക്ഷെ  നിന്നെ  കൈവിട്ടു കളയാന്‍ 
എനിക്കാവുന്നില്ല , അത് നിന്നോടുള്ള 
സ്നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുതേ ..

 നിന്‍റെ കണ്ണുകള്‍ ഈ തടാക തീരത്തെ 
 കാട്ടു  പൂവ് പോലെയാണ് ..
വന്യമായ പ്രണയം കൊണ്ട്  അവ 
ഈ പ്രകൃതിയെ നിശ്ചലമാക്കിയീരിക്കുന്നു .

നിന്റെ സ്നേഹത്തിന്  മുല്ലപ്പൂവിന്റെ 
മണമാണ് .
നിന്റെ മുടിയിഴകള്‍ എന്റെ മുഖത്തേക്ക് 
ചിതറി വീഴുമ്പോള്‍ 
ത്രസിപ്പിക്കുന്ന യൗവ്വനമാണെനിക്ക് .


പക്ഷെ നിന്നോടെനിക്ക് 
സ്നേഹമില്ലെങ്കില്‍ കൂടി 
നീ പോയ്‌ കഴിഞ്ഞാല്‍ 
ഞാന്‍ വീണ്ടും ആ ഇരുട്ടുമുറിയില്‍ ...
ഒരു  കുപ്പി വോഡ്കയും 
ഗ്ലാസ്സുമായ് ...
 നിന്നെ മാത്രം ആലോചിച്ച്  ...
എല്ലാ ദിവസ്സവും .................







2013, ഫെബ്രുവരി 2, ശനിയാഴ്‌ച

എനിക്കു നിന്നെ സ്നേഹിക്ക വയ്യ ....

ഒരു പനിനീര്‍പ്പൂവും 
ഒരു കുറിപ്പും  നീയെനിക്കു നല്‍കി ..
നിന്റെ ഹൃദയം 
സ്നേഹസംബന്നവും അലിവുള്ളതുമാണെന്ന്  
എനിക്കറിയാം ..

പക്ഷെ 
നിനക്കറിയുമോ , ഞാന്‍ വിവാഹിതനാണെന്ന് .
എന്റെ ഭാര്യ ,
അവള്‍ പ്രായമായ എന്റെ മാതാപിതാക്കളെ 
പരിചരിച്ചും മക്കളെ വളര്‍ത്തിയും 
എനിക്ക് വേണ്ടി ജീവിക്കുന്നു .
ഞാന്‍ അവളോട്‌ വാഗ്ദാനം  നല്‍കിയിട്ടുണ്ട് 
ഒരിക്കലും വേര്‍ പിരിയില്ലെന്ന് 

അതുകൊണ്ട് ..

നീ നല്‍കിയ പുഷ്പം ഞാന്‍ തിരികെ നല്‍കുന്നു 
വീടെത്തുന്നതിനു മുന്പ്  അത് വാടിപ്പോകും .
പക്ഷെ ഈ കുറിപ്പ് ഞാനെടുക്കുന്നു .
എന്റെ പ്രിയതമയെ കാണിക്കുവാന്‍ .
ആര്‍ക്കും സ്നേഹം തോന്നാവുന്നത്ര 
സ്നേഹം ഉള്ളയാളാണ് 
അവളുടെ പ്രിയതമന്‍  എന്ന് അവള്‍ 
പറയുന്നത്  കേള്‍ക്കാന്‍ ......

നിന്റെ കണ്ണുകള്‍ തുളുംബിയല്ലോ ....



2013, ജനുവരി 28, തിങ്കളാഴ്‌ച

പൂര്‍വ്വ കാമുകി


ഇന്നലെ ഞാന്‍ നിന്റെ പ്രണയിനിയെ കണ്ടു ..
അവള്‍ വിവാഹിതയും  രണ്ടുകുട്ടികളുടെ അമ്മയൂമാണ് 

ഒരു മകനും  മകളും ...

എന്നെ കണ്ടയുടന്‍ അവള്‍  കുട്ടികളുമായി 
ഓടിയെത്തി ...
പരസ്പരം വിശേഷങ്ങള്‍  പങ്കുവെച്ചു .

അവള്‍ക് സ്വന്തമായി  വീടുണ്ട് ..
കാറുണ്ട് ..
സ്നേഹ  സമ്പന്നനായ ഭര്‍ത്താവുണ്ട് ..
ജീവിതം സമാധാന പൂര്‍ണം .

അവള്‍ നിന്നെ കുറിച്ച് എന്നോട് ചോദിച്ചു ..
ഞാന്‍ പറഞ്ഞു ....
നീ അന്നത്തെ പോലെ തന്നെ 
ഒരു മാറ്റവും ഇല്ലാതെ ....
.......

അവള്‍ 
നിനക്കായ്‌ ഒരു  കുറ്റബോധം  
നിറഞ്ഞ അന്വേഷണം  എന്നെ ഏല്‍പ്പിച്ചു 
മടങ്ങി ..



2013, ജനുവരി 25, വെള്ളിയാഴ്‌ച

വൃഥാ കാത്തിരിക്കുന്നു ഞാന്‍

ഏതു നിമിഷവും 
നിനക്കായ്‌ തുറക്കാന്‍ 
ഈ വാതിലിനു പിന്നില്‍ 
ഞാന്‍ കാത്തു നില്‍പ്പുണ്ട് .

ജനാലകള്‍ എല്ലാം നേരത്തെ അടച്ചു .
ഒരു കൊച്ചു കാറ്റ് പോലും കടന്നു  വരേണ്ട ഇനി 
നീയില്ലാത്ത ഈ വീട്ടില്‍ 

മുറികളിലെല്ലാം 
തിരശ്ശീല കൊണ്ട്  ഞാന്‍ ഇരുട്ട് നിറച്ചു.
ഒരു തരി വെട്ടം പോലും 
ഇനി മേല്‍ എനിക്കാവശ്യമില്ല .

നിന്റെ സൌന്ദര്യത്തെ അപ്പാടെ 
പുണരുവാന്‍ വെമ്പുന്ന 
ആ  നിലക്കണ്ണാടി  ഞാന്‍  പുതപ്പിട്ടു മൂടി. 
ഇനി മാറ്റാരും അതില്‍ 
മുഖം നോക്കുന്നത്  പോലും
ഞാന്‍ സഹിക്കയില്ല 

നിന്റെ ചിത്രങ്ങളെല്ലാം 
അലമാരയിലെ ഇരുട്ടില്‍ മറഞ്ഞു കഴിഞ്ഞു ..
ഒരുനോക്കില്‍ എന്റെ കണ്ണുനീരാല്‍  അവ കുതിരുന്നത് 
ഓര്‍ക്ക  വയ്യ ..

ഈ മേശമേല്‍  നിന്റെ പ്രിയപെട്ട 
ഗ്ലാസുകള്‍ നിരന്നു കഴിഞ്ഞു ,
നിന്റെ ചുണ്ടുകളുടെ  മൃദു ചുംബനമേല്‍ക്കാന്‍ 
അവ  കാത്തിരിക്കുന്നു ..

നിന്റെ പാദ പദനമേറ്റ 
ഈ ഇടനാഴിയില്‍   ഞാനശക്തനായ് 
വീണുകിടക്കുന്നു .

നീ വരുന്നേരം  നിലച്ചുപോയ എന്റെ ക്ലോക്കിലേ 
സമയ സൂചികള്‍ അതിദ്രുതം മിടിച്ചേക്കാം 
ഭ്രാന്തമായ്  തിരിഞ്ഞെന്നും വരാം ..
അത്രമേല്‍ മോഹമായിരുന്നവക്ക് 
നിന്റെ കണ്‍കളില്‍  ഒരു വേള നോക്കുവാന്‍ 


നീ ഉപേക്ഷിച്ചു വലിച്ചെറിഞ്ഞ ഒരു പഴയ ചീപ്പ് പോലെ 
ഈ തൊടിയില്‍ ഇപ്പോഴും കിടപ്പുണ്ട് ഞാന്‍ .
മുറിയിലെ ചവറ്റു കൊട്ടയില്‍ 
നെയില്‍ പോളിഷിന്റെ  ഒഴിഞ്ഞ 
കുപ്പിയായും ..

മരണം കൊതിക്കുന്ന 
രോഗിയെ പോലെ,
ജന്മം കാത്തിരിക്കുന്ന ശിശുവിനെ 
പോലെ,
കാത്തിരുപ്പിന്റെ   ഈ  നോവില്‍ ഞാന്‍ 
വേവാതെ  വെന്തുപോകുന്നു ....







2013, ജനുവരി 23, ബുധനാഴ്‌ച

രതിയുടെ കലാപം




നിന്റെ കണ്ണുകളില്‍ നിന്നും എനിക്ക് സമയത്തെ 
കുറിച്ചറിയാം ....
ഒരു ദിവസം എത്രയോ  തവണയാണ് നിന്റെ ചുണ്ടുകള്‍ 
ഞാന്‍ പാനം ചെയ്യുന്നത് .

നിന്റെ നിഴലിനെ  നഗ്നമാക്കി 
എന്റെ വിരലുകള്‍  നിന്നിലേ  നുറിവുകളും 
ഒടിവുകളും വരകളും ത്രികോണങ്ങളും 
  അനാവരണം ചെയ്യുബോള്‍ 
എന്നില്‍ നിന്നും നീ മറക്കാന്‍ ശ്രമിക്കുന്ന 
രഹസ്യങ്ങള്‍ അപഗ്രഥിക്കപ്പെടും 

നിനക്കറിയാം മുന്നില്‍ മാത്രമല്ല 
പിന്നിലും നീ സുന്ദരിയാണെന്ന് 
എപ്പോഴും സൌന്ദര്യം 
വളരുന്ന ഒരുത്സവമാണ്‌ നീ. 

നാം പങ്കിട്ടിരുന്ന 
ഒരേ തലയിണയില്‍ നിന്നും 
നീ പിന്‍വാങ്ങുമ്പോള്‍ 
എനിക്കുമാത്രം മറ്റൊരിടം 
കണ്ടെത്താനാവുന്നില്ല .

നമ്മുടെ കണ്ടുമുട്ടലുകള്‍  
ചുംബനങ്ങള്‍  ഇണചേരലുകള്‍ 
എല്ലാം നിനക്ക് മടുത്തുവെങ്കില്‍ 
ദുഖിക്കാതെ  ഒരുതവണയെങ്കിലും 
"അതെ" എന്ന് പറയു. 
എല്ലാ രാത്രികളിലും 
നീ എന്റെ  മാത്രം സ്വന്തമാകുന്നതില്‍ നിന്നും 
വേഗം യാത്ര പറയൂ ..

നിന്റെ കണ്ണുകള്‍ 
നിറച്ച നിര്‍വൃതിയുടെ 
നിമിഷങ്ങളേ നിനക്ക് വിസ്മരിക്കാമെങ്കില്‍ 
ചെമ്പരത്തി യുടെ  കവാടങ്ങള്‍ 
അടച്ച്  അവിടെയൊരു 
മതില്‍  ഞാന്‍ കെട്ടാം 

നമുക്കിടയില്‍ ഇലകള്‍ നിറഞ്ഞ 
മരങ്ങളുണ്ടായിരുന്നു .
പ്രകാശം നിറഞ്ഞ പകലുകളും 
നക്ഷത്രങ്ങള്‍ നിറഞ്ഞ  ആകാശവും 

പക്ഷെ ....

നമ്മുടെ  ഇലകള്‍ക്കും മരങ്ങള്‍ക്കുമിടയില്‍  
പ്രണയത്തിന്റെ 
ദാരിദ്ര്യമുണ്ടായിരുന്നു .....
അല്ലെങ്കില്‍ പ്രണയിക്കാന്‍ രണ്ടുപേര്‍ വേണമായിരുന്നു..


2013, ജനുവരി 22, ചൊവ്വാഴ്ച

എന്റെ വീട് .

ഞാനീ വീട്ടില്‍  ഒറ്റക്കാണ് .
ഒരു ചെറുകാറ്റുപോലും  ഈ വഴിക്കു  വരാറില്ല 
അടഞ്ഞ ജനാലകള്‍  തുറക്കാറില്ല ..
ഒരു ദീപ  നാളം  പോലും ഉമ്മറത്തിണ്ണയില്‍ 
ആരും കൊളുത്താറില്ല ..

പക്ഷെ  ഇന്ന് മറ്റൊരാള്‍  എന്റെ വീട്ടിലുണ്ട്. 
ഉള്ളിലെവിടെയോ ആരോ ശ്വസിക്കുന്നുണ്ട് .
പതിഞ്ഞ കാലടി ശബ്ദം കേള്‍ക്കുന്നുണ്ട് .
ദൈവമേ  ...... നന്ദി ...

 പക്ഷെ 
 അത് ഞാനായിരിക്കരുതേ  ....




2013, ജനുവരി 20, ഞായറാഴ്‌ച

ശുഭയാത്ര ...


നമുക്ക് പിരിയാം 
നമ്മുടെ പാതകള്‍ വേര്‍പെട്ടു കഴിഞ്ഞു ......

ഇനി ഒരിക്കലും ഒത്തുചേരാനാവാത്ത 
രണ്ടു ഭൂഖണ്ഡങ്ങള്‍  പോലെ 
നമ്മള്‍ രണ്ടിടത്തായി  കഴിഞ്ഞു 

നിനക്ക് വെള്ളിതളികയില്‍ ഭക്ഷണം വിളമ്പുമ്പോള്‍ 
എനിക്ക്   സിംഹത്തിന്റെ  മടയിലാണ് ഭക്ഷണം ..

പ്രണയത്തെ കുറിച്ച് നിനക്കിനിയും 
സ്വപ്‌നങ്ങള്‍  കാണാം 
എനിക്ക് അരക്ഷിതമായ ഭാവിയെ 
കുറിച്ച് ആശങ്കപ്പെടാം ..

ഈ നിര്‍ദയമായ  ഇരുട്ടില്‍ ഇനി പുലരാനില്ലാത്ത 
ഒരു പ്രഭാതത്തിനു  വേണ്ടി 
ഞാന്‍  കാത്തിരിക്കേണ്ടതില്ല ..

എങ്കിലും ഞാന്‍ വരും 
നിനക്കേറെ  ഇഷ്ടപ്പെട  മഞ്ഞ നിറമുള്ള 
 കുരുവിയായ്  ..
നിന്റെ പിറനാള്‍  ദിനത്തില്‍ 
കയ്യടികള്‍ക്ക് മദ്ധ്യേ 
നീ രാജകുമാരിയെ പോലെ നില്‍ക്കുമ്പോള്‍ 
നിന്റെ നേര്‍ത്ത  കവിളില്‍ 
ഒരു ചുംബനം കൂടി നല്‍കും .....

(അന്‍ശിയുടെ  ഈ  പുതിയ ചിത്രത്തിനോട്   കടപ്പാട്  )

2013, ജനുവരി 19, ശനിയാഴ്‌ച

പ്രണയത്തിന്റെ നിശ്ശബ്ദത

ഈ സൂര്യന് താഴെ  പറയാത്ത വാക്കുകളില്ല ..
കേള്‍ക്കാത്ത ശബ്ദങ്ങളില്ല ..
മുമ്പാരോ  പറഞ്ഞതേ  ഇനി നിനക്കും 
എന്നോട് പറയാനുള്ളൂ ..
രാത്രിയും പകലും 
നിലാവും നീലവാനവും 
എല്ലാം .........
പുതുതെന്ന് നീ കരുതുന്നതെല്ലാം 
ആരെല്ലാമോ 
ഉപയോഗിച്ച് ഉപേക്ഷിച്ചതാണ് ..
ഞാന്‍ നിന്റെ മുന്നില്‍ 
നിശബ്ദനായി ഇരിക്കാന്‍ ഇഷ്ട്ടപെടുന്നു ...
എന്റെ ഉള്ളിലെ നിന്നോടുള്ള അണയാത്ത പ്രണയത്തിന്റെ 
നിശബ്ദമായ  നിലവിളി 
നിനക്ക് കേള്‍ക്കാമെങ്കില്‍ ..............

2013, ജനുവരി 13, ഞായറാഴ്‌ച

കിറുക്കന്‍


ഞാനിപ്പോള്‍ പൊട്ടി തെറിക്കും ...

എന്റെ ചിന്തകള്‍ ഈ ചെറിയ തലക്കു   ചേര്‍ന്നതല്ല 

ഈ തല എന്റെ ഉടലിനും 

ഈ ഉടല്‍ എന്റെ മുറിക്കും 

ഈ മുറി എന്റെ വീടിനും 
 എന്റെ വീടീ ലോകത്തിനും 

അത് കൊണ്ട് ഞാനിപ്പോള്‍ പൊട്ടിത്തെറിക്കും ..




2013, ജനുവരി 11, വെള്ളിയാഴ്‌ച

ആത്മഹത്യ


കടുത്ത  ഇരുട്ടില്‍ 
ജീവിക്കാന്‍  ഞാന്‍ പഠിച്ചു 

കൊടും തണുപ്പില്‍ 
ജീവിച്ചിരിക്കാനും .

കാലിയായ കീശയില്‍ നോക്കി വയറു നിറക്കാന്‍ 

 മഞ്ഞു മൂടിയ  നദിയിലേക്ക് നോക്കി 
തണുത്തു മരച്ച  പടിക്കെട്ടില്‍ 
ആര്‍ക്കു വേണ്ടിയുമല്ലാതെ  കാത്തിരിക്കാന്‍ 

 എന്റെ മനസ്സ്  കൈവിട്ടു പോയോ ?
 സഹ തടവുകാരന്‍ 
 ഒരു റോസാപ്പൂ വെച്ച് നീട്ടി .

ഞാന്‍ അപ്പോഴും  വിരിയാത്ത ഒരു മൊട്ടായിരുന്നു .

ഇനി ഒരിക്കല്‍ കൂടി ജനിച്ചാലും 
ഇതെന്റെ  ജീവിതത്തിന്റെ 
അവസാന അദ്ധ്യായമാണ്‌ .

രാത്രികള്‍  നിലക്കാതെ കയ്യടിക്കുമ്പോള്‍ 
നീ ഒരു കറുത്ത  ഗൌണും 
എന്നെ വഞ്ചിക്കാന്‍ ഉപയോഗിച്ച 
ആ മനസ്സുമായി 
ഒരിക്കല്‍ കൂടി വരണം 

സൂര്യന്‍ അസ്തമിക്കുന്ന ഇടത്തിന്  തൊട്ടടുത്തുള്ള 
ആ തോട്ടത്തിലെ അവസാനം വിരിയുന്ന 
പൂവ് ഞാനായിരിക്കും 

ചിറകുകളുള്ള വാതിലില്‍  കൂടി 
എന്റെ  യാത്ര അവസാനിക്കുമ്പോള്‍ 
വിശ്വസ്തതയുടെ ഒരു നിമിഷമെങ്കിലും 
നിന്റെ മനസ്സില്‍ എനിക്കായി 
കരുതണം . 


മരിച്ചു കിടക്കുമ്പോള്‍ 
എന്റെ ഉള്ളില്‍  ഉണങ്ങാത്ത 
ഒരു മുറിവ് കാണും 
എന്നെ അറിയുന്നവര്‍   പറയും 
ഞാന്‍ ആരെയോ  സ്നേഹിച്ചിരുന്നു  എന്ന് ...



2013, ജനുവരി 10, വ്യാഴാഴ്‌ച

ചീത്ത കുട്ടി



നീയൊരു ചീത്ത കുട്ടിയാണ് .
ഭിത്തികളില്‍  ചീത്ത പടങ്ങള്‍ വരയ്ക്കുന്നു .
കവലയില്‍ പോയി  ചീട്ടുകളി  കണ്ടിരിക്കുന്നു .
കിളികളെ എറിഞ്ഞു വീഴ്ത്തുന്നു .
ചീത്ത കൂട്ടുകെട്ടുണ്ടാക്കുന്നു .
സുന്ദരികളായ  പെണ്‍കുട്ടികളെ 
കുറിച്ച്  ഇല്ലാത്ത കഥകള്‍ 
പറയുന്നു .
 നീയൊരു ചീത്ത കുട്ടി  മാത്രം 
ആയിരുന്നെങ്കില്‍ 
സാരമില്ലായിരുന്നു .
 നീ ചെയ്യുന്നതുപോലെയൊക്കെ 
 ചെയ്യാന്‍  എനിക്കും  ആഗ്രഹമുണ്ടാകുകയല്ലേ !!!
എന്തൊരു ചീത്ത കുട്ടിയാണ്  നീ ..!!!!!!!!!!!


എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...