2017, ഏപ്രിൽ 1, ശനിയാഴ്‌ച

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു.
ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിരുന്നു . ആ പേരിൽ ബാങ്കിനുള്ളിൽ കറങ്ങി നടന്നിട്ടുണ്ട് .. ബാങ്കിന്റെ സ്ട്രോങ്ങ് റൂം 
കണ്ടിട്ടുണ്ട് . ജീവിതത്തിൽ ആദ്യമായി ലക്ഷക്കണക്കിന്
( അതോ കോടിക്കണക്കിനോ ) ഇന്ത്യൻ രൂപാ ഒരു മുറിക്കുള്ളിൽ അടുക്കി സൂക്ഷിച്ചിരിക്കുന്നത് ആദ്യമായി കണ്ടത് അന്നാണ് . (അതിനു ശേഷം കണ്ടിട്ടേ ഇല്ല... സത്യം ) എസ് . ബി. ടി എനിക്ക് വേദനിപ്പിക്കുന്ന ചില നിമിഷങ്ങളും സമ്മാനിച്ചിട്ടുണ്ട് .. അന്ന് ഞങ്ങൾ താമസിച്ചിരുന്നത് ഇടുക്കി ജില്ലയിലെ തൂക്കുപാലത്താണ് .. എന്റെ അച്ഛൻ അന്നവിടെ ബാങ്കിലാണ് ജോലി .. സ്കൂൾ വിദ്യാര്തഥി ആയിരുന്നു ഞാൻ .. അഞ്ചിലോ ആറിലോ പഠിക്കുന്ന കാലം . ഒരു ദിവസം റോഡിൽ കൂടെ മര്യാദക്ക് പോയ ഒരു ചേട്ടനിട്ടു ഞാനൊരു തൊഴി വെച്ചു കൊടുത്തു .. പ്രായത്തിന്റെ അസ്കിത ആണെന്ന് കരുതിക്കോ .. ചേട്ടനും ഞാനും തമ്മിൽ പൊരിഞ്ഞ വാക്പയറ്റ്‌ . അയാൾക്ക്‌ വേണമെങ്കിൽ എന്നെ തൂക്കിയെടുത്തു ഒറ്റ ഏറു വെച്ച് കൊടുക്കാമായിരുന്നു . പക്ഷെ കാഷ്യർ സാറിന്റെ മോനല്ലേ .. എന്റെ കുരുത്തക്കേടിനു പകരം അങ്ങേർ എന്റെ അപ്പന് വിളിച്ചു കണക്കു തീർത്തു .. ഞാനയാളുടെ പിന്നാലെ നടന്നു ഒറ്റക്കും തെറ്റക്കും അയാളെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു . ( സത്യമായും നിങ്ങൾ വിശ്വസിക്കണം ഞാൻ അക്കാലത്തു ഒരു റൗഡിയും അഹങ്കാരിയും ഗജ പോക്കിരിയുമായിരുന്നു ) ഒടുക്കം തൂക്കുപാലത്തു ബാങ്കിന്റെ അടുക്കൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി എന്റെ അച്ഛൻ ബാങ്കിന്റെ വാതിൽക്കൽ നിൽക്കുന്നു .. നാടകീയമായ വികാരവിക്ഷോപ പ്രകടനകൾക്കൊടുവിൽ അച്ഛനെ കൊണ്ട് ഞാൻ ആ ചെറുപ്പക്കാരനെ ചട്ടം പഠിപ്പിച്ചു .. .. .. വിജയശ്രീലാളിതനായി ഞാൻ അങ്ങനെ നിൽക്കുകയാണ് .. രംഗം ശാന്തമായി . ചുറ്റും കൂടിയ നാലഞ്ചു പേർ പിരിഞ്ഞു പോയി . വാടാ .. അച്ഛൻ വിളിച്ചു .. എന്നെ നേരെ അകത്തേക്കു കൂട്ടി കൊണ്ട് പോയി. മൂലക്കിരുന്ന ഒരു ചൂലിൽ നിന്നും ഒരു പിടി ഈർക്കിൽ ഊരിയെടുത്തു . ആ ചെറുപ്പക്കാരനോട് മൊട കാണിച്ചു വെല്ലുവിളിച്ചു കുന്തളിച്ചു നടന്ന എന്നെ അച്ഛൻ ആ ചൂലിന്റെ ഈർക്കിൽ തീരുന്നതു വരെ തല്ലി ..എന്റെ നിലവിളി കൊണ്ട് ബാങ്ക് നിറഞ്ഞു .. ......
ഇനി വർഷം കുറേ മുന്നോട്ടു പോകാം ,, അച്ഛന് ട്രാൻസ്ഫർ ആയി , ഞങ്ങൾ ഇടുക്കി ജില്ല വിട്ടു നേരെ ആലപ്പുഴ ജില്ലയിൽ എത്തി .. ഒരിക്കൽ പഴയ കൂട്ടുകാരെയും ബന്ധുക്കളെയും കാണാൻ ഞാൻ 
തൂക്കുപാലത്തു പോയി .. സ്കൂൾ വിട്ടു കൂട്ടുകാരുമായി മഴ നനഞ്ഞും നനയാതെയും നടന്ന ചെറിയ ആ ടാറിട്ട റോഡിൽ കൂടി പഴയ കഥകൾ ഒക്കെ ആലോചിച്ചു നടക്കുകയാണ് , പിറകിൽ ഒരു സൈക്കിൾ മണിയൊച്ച .. ഡ്രിണീം... ഡ്രിണീം ... ഞാൻ തിരിഞ്ഞു നോക്കി. അതാ പുറകിൽ ഒരു സൈക്കിൾ . അതിൽ ഒരു ചേട്ടനും ,, ദൈവമേ ,, എന്റെ ശ്വാസം നിന്ന് പോയി .. അതയാൾ തന്നെ. പണ്ട് എന്റെ തൊഴി ഏറ്റു വാങ്ങിയതു പോരാഞ്ഞു അച്ഛന്റെ വായിൽ നിന്ന് തെറി കൂടി കേട്ട മനുഷ്യൻ .. അയാൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ് .. കാഷ്യർ സാറിന്റെ മോനല്ലേ ? അതെ... മൂത്തയാളോ അതോ ഇളയ ആളോ .. എന്റെ ഉള്ളിലെ കൊള്ളക്കാരൻ ഉണർന്നു , മൂത്തയാൾ , മുട്ടൻ നുണ ..
എങ്ങോട്ടാ ? ഞാൻ ചോറ്റുപാറക്കാ . എന്നാ കേറിക്കൊ .. അയാൾ വിശ്വസിച്ചോ എന്നറിയില്ല .. ഞാൻ സൈക്കിളിന്റെ പിറകിൽ ചാടി കയറി .. അനിയനെ എനിക്കറിയാം . അവൻ ആള് അത്ര ശരിയല്ല .. ഞാനൊന്നും മിണ്ടിയില്ല .. എന്‍റെ ഹൃദയമിടിപ്പിന്‍റെ എണ്ണം മുകളിലേക്ക് കയറി കൊണ്ടിരുന്നു .... സൈക്കിളിൽ നിന്ന് ഒരു നിമിഷം ഇറങ്ങി ഓടാൻ തോന്നി .. പിന്നീട് അയാളും നിശ്ശബ്ദനായി .. ഒരു പത്തു മിനിട്ടു ഞങ്ങൾ സാവകാശം സൈക്കിളിൽ രാജകീയമായി നാട്ടുപാത താണ്ടി മുന്നേറി .. കൊണ്ടൂരാന്റെ വീടും എലൈറ്റ് ബസിലെ ഡ്രൈവർ രവീന്ദ്രന്റെ വീടും സഖാവ് ഓ. കെ. വാസു സ്മാരകവും പിന്നിട്ടു . ഇനി ഒരു ചെറിയ കയറ്റമാണ് . വട്ടുപാറ ടൌൺ .. അയാൾ സൈക്കിൾ നിർത്തി ഞാൻ ഇറങ്ങി .. ആയാളും .. ഇപ്പോൾ ഞങ്ങൾ ഒന്നിച്ചാണ് നടക്കുന്നത്. നിനക്കീ സ്ഥലം ഓർമ്മയുണ്ടോ ? .. ദൈവമേ ഞാൻ പിന്നെയും ദൈവത്തെ വിളിച്ചു .. ഈ സ്ഥലത്തു വെച്ചാണ് നീ ഓടി വന്നു എന്നെ ചവിട്ടിയത്. .. എന്റെ നാവു വരണ്ടു . കൈകാലുകൾ തളർന്നു . ഞാൻ പിടിക്കപ്പെട്ടിരിക്കുന്നു .. പക്ഷെ ഒരു ആറാം ക്ലാസുകാരനെ പത്താം ക്ലാസ്സിൽ വെച്ച് പിടി കൂടിയതിന്റെ മിടുക്കൊന്നും അയാളുടെ മുഖത്തില്ല .. അയാൾ എന്റെ മുഖത്തേക്ക് തന്നെ നോക്കുകയാണ് .. ഞാനും ഇടക്കൊന്നു പാളി നോക്കി അയാളുടെ നിർവ്വികാരമായിരുന്ന മുഖത്ത് മെല്ലെ ഒരു ചിരി പടർന്നു കയറുന്നു. ..ചില്ലയിൽ കുരുങ്ങിയ കാറ്റ് പോലെ ഞാൻ ഉഴറി .. സങ്കൽപ്പ ലോകത്തു വിഹരിച്ചിരുന്ന ബാല്യ കാലം യാഥാർഥ്യത്തിന്റെ വാരികുന്തവുമായി കുത്താൻ ദേ തൊട്ടു മുന്നിൽ നിൽക്കുന്നു .... കാഷ്യർ സാറിപ്പോ എവിടെയാ ? തിരുവല്ലായിൽ .. എന്റെ വിവർണ്ണമായ മുഖം കണ്ടാവാം അയാൾക്ക്‌ പരിഹാസം .. .. വട്ടുപാറയിലെ. ദി പട്ടം കോളനി സർവ്വീസ് സഹകരണ ബാങ്ക് ,പാപ്പച്ചൻ ചേട്ടൻറെ പലചരക്കു കട .. അമ്മാവന്റെ മുട്ടായി കട .. കുട്ടൻപിള്ളയുടെ ചായക്കട . .... അങ്ങനെ പഴയ സ്ഥലത്തെ പഴയ കടകളും സ്ഥാപനങ്ങളും പഴയ മനുഷ്യരും .. ഒരു മാറ്റവുമില്ല .. മാറ്റം അനിവാര്യമാണ് എന്ന് ആരാണ് പറഞ്ഞത് .. എൻറെ ബാല്യകാലം മൊട്ടിട്ടു വളർന്ന നാട്ടിൽ ഒരു മാറ്റവും ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു . സ്വാർതഥൻ .. 
ഒരു കൈ കൊള്ളിയാൻ മിന്നുന്ന പോലെ എന്റെ മുഖത്തിനു നേരെ പാഞ്ഞു വന്നു.. ഡേ .... കരണത്ത് ഒറ്റയടി .. ഞാൻ താഴെ വീണു .. .. 
നക്ഷത്രാങ്കിക നീലാകാശം മിന്നി മറഞ്ഞു . അനന്തരം രാത്രിയായി . കണ്ണിൽ ഇരുട്ട് പടർന്നു .. കരണത്ത് അടിച്ചിട്ട് അയാൾ സൈക്കിൾ ചവിട്ടി ഇറക്കം ഇറങ്ങി പാഞ്ഞു പോകുന്നത് ഞാൻ തറയിൽ കമിഴ്ന്നു കിടന്ന് പാമ്പിനെ പോലെ ഇഴഞ്ഞു മനസ്സിലാക്കി . ആരൊക്കെയോ ഓടി വന്നു .. ആ ചെറുക്കനെ ആരോ അടിച്ചിട്ടിട്ടു പോയതാ .. . സോ സിമ്പിൾ ..
എസ് . ബി. ടി എന്ന ബാങ്കിന് ഒരു ചൂൽ നഷ്‌ടമായതിനു പിന്നിൽ ഒരന്വേഷണവും നടന്നില്ല .. ആ ഉദ്യോഗസ്ഥൻ തിരുവല്ല ബ്രാഞ്ചിൽ നിന്ന് വി ആർ എസ് എടുത്ത് അടുത്തൂൺ പറ്റി ഇരുമ്പുവ്യാപാരിയായി . ഒരു തെറ്റിനു രണ്ടു തവണ ശിക്ഷ ഏറ്റു വാങ്ങിയ ഒരു ആറാം ക്ലാസുകാരനും ഒരു പത്താം ക്ലാസുകാരനും ഇപ്പോഴും എന്റെ മനസ്സിൽ പൊറുതികെട്ട് ഓടി നടക്കുന്നുണ്ട് ,, ( വ്യവസ്ഥാപിത ശിക്ഷാ രീതികളിൽ ഒരു പൊളിച്ചെഴുത്തു നടത്തണം .. പ്രതികാര നടപടികൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങൾ അന്താരാഷ്ട്രാ തലത്തിൽ ഉയർത്തി കാട്ടാൻ ഒരു അടിയന്തിര കമ്മിറ്റി വിളിച്ചു കൂട്ടാൻ എനിക്ക് പ്ലാനുണ്ട് ..എല്ലാവരും സഹകരിക്കണം ...)

4 അഭിപ്രായങ്ങൾ:

Punaluran(പുനലൂരാൻ) പറഞ്ഞു...

നല്ല രസമുള്ള എഴുത്ത്‌.എസ്‌.ബി.ടി യുമായി ബന്ധമുള്ള സ്വകാര്യ ഓർമ്മകൾ..ആശംസകൾ










Punaluran(പുനലൂരാൻ) പറഞ്ഞു...

നല്ല രസമുള്ള എഴുത്ത്‌.എസ്‌.ബി.ടി യുമായി ബന്ധമുള്ള സ്വകാര്യ ഓർമ്മകൾ..ആശംസകൾ










anvershaji പറഞ്ഞു...

thanks Punalooraan ....

സുധി അറയ്ക്കൽ പറഞ്ഞു...

ഓർമ്മകൾ കൊള്ളാം.

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...