2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

ജെദ്ദ മുകുന്ദന്‍ ജയിലില്‍

പത്തു വര്‍ഷങ്ങള്‍ക്കു മുന്പ് .. ജെദ്ദയിലെ അനധികൃത താമസക്കാരെ പാര്‍പ്പിക്കുന്ന തര്‍ഹീലില്‍ ഇടിച്ചു കയറി ചെന്ന് താമസമുറപ്പിച്ച ഒന്‍പതു ദിവസങ്ങള്‍ .... ഒന്‍പതു നരകങ്ങള്‍ കടന്ന് ഒടുക്കം ഇന്ത്യയിലെത്തി ... രാജ്യ തലസ്ഥാനത്ത് ... ************************************************************* പകല്‍ വര്‍ത്തമാനം പറഞ്ഞും ചിരിച്ചും മൌനമായിരുന്നും സമയം കളയും .. consulate -ല്‍ നിന്നും ആള് വന്നു എന്ന് ആരെങ്കിലും മനസ്സില്‍ പറഞ്ഞാല്‍ മതി ഇന്ത്യക്കാരെല്ലാം അടച്ചു കിടക്കുന്ന ജയിലിന്റെ ഇരുമ്പ് കവാടത്തില്പോയി ഉന്തും തള്ളുമുണ്ടാക്കി ഒരു ക്യൂ പോലെ ഒന്ന് രൂപം കൊടുക്കും .. കുറെ നിമിഷങ്ങള്‍ ....... ആരോ വെറുതെ പറഞ്ഞതാണ് ...എന്നെങ്ങാനും മറ്റൊരാള്‍ പിറുപിരുതാല്‍ എല്ലാവരും തിരിഞ്ഞു നടക്കും ...... നിരാശയും ദുഖവും സങ്കടവും ... ആരോടൊക്കെയോ ഉള്ള ദേഷ്യവും ....... പാക്കിസ്ഥാനികളും ഇന്ത്യക്കാരും ബര്‍മക്കാരും ഇന്‍ഡോനേഷ്യക്കാരും എല്ലാം തിക്കി തിരക്കി തലങ്ങും വിലങ്ങും കിടക്കുന്ന വലിയ ഓടിട്ടൊറിയം പോലെയുള്ള ജൈയിലുകള്‍ തര്‍ഹീലില്‍ നിരവധിയാണ് .. വലിയ കടവാവലുകള്‍ പോലെ അങ്ങിങ്ങ് രണ്ടു മൂന്നു exhoust ഫാനുകള്‍ കറങ്ങിയും കറങ്ങാതെയും ... പ്രാഥമീക കൃത്യ ങ്ങള്‍ക്കായി കക്കൂസുകള്‍ പോലെ എന്തോ ചില കുടുസ്സു മുറികള്‍ .. അഞ്ചു വീതം പരസ്പ്പരം എതിര്‍വശങ്ങളില്‍ .. കീറിപ്പറിഞ്ഞ തുണികള്‍ വാതിലുകളില്‍ തൂക്കിയിട്ടിരിക്കുന്നു ... മലിന ജലം കെട്ടി കിടക്കുന്ന ദുര്‍ഗന്ധം വമിക്കുന്ന അത്തരം ഇടങ്ങളിലേക്ക് പോകാതിരിക്കാന്‍ ആഹാരം നന്നേ കുറച്ചു ... ദുര്‍മേദസ്സ് എല്ലാം പോകട്ടെ .. പരിഹാസ്യമായ ആത്മ നിയന്ത്രണം ... ഏതു പരിതസ്ഥിതിയിലും എനിക്ക് ജീവിക്കാന്‍ പറ്റും എന്ന് സ്വയം തെളിയിക്കാനുള്ള ബദ്ധപ്പാട് .. പക്ഷെ ഒരുതവണ പോലും കണ്ണ് നനയാതിരിക്കാന്‍ കഠിനമായി പരിശ്രമിച്ചു ... എനിക്ക് കരയാന്‍ പറ്റില്ല .. അഹോരാത്രം പണിപ്പെട്ടു പടുത്തുയര്‍ത്തിയ കുറച്ചു സ്ഥാപങ്ങള്‍ ... കഠിനമായി ജോലി ചെയ്തു തകര്‍ച്ചയില്‍ നിന്നും കരകയറ്റിയവ വേറെയും എല്ലാവര്ക്കും വേണ്ടി എന്തെല്ലാം ത്യാഗങ്ങള്‍. ഇത് എന്റെ മാത്രമല്ല നിങ്ങളുടെയും ചോറാണ് എന്നുപദേശിച്ചു നന്നാകാന്‍ ശ്രമിച്ച കുറച്ചു തൊഴിലാളികള്‍ ... വരുമാനം വര്‍ധിക്കുന്നതിനനുസരിച്ചു മുതലാളിക്ക് കൂടുതല്‍ തോനുന്ന സ്നേഹം ഒട്ടും കുറയാതെ സംരക്ഷിക്കാന്‍ എന്തെല്ലാം പങ്കപ്പാടുകള്‍ ... ഉറക്കം പോലും ഉപേക്ഷിച്ച രാത്രികള്‍ .. എല്ലാം ഒരു നിമിഷം കൊണ്ട് വലിച്ചെറിഞ്ഞ് നേരെ ഷറഫിയ പാലത്തിന്റെ അടിയിലേക്ക് ... ഇടനിലക്കാരനായ ഒരു ബംഗാളിക്ക് ഇരുനൂറു രൂപ കൈക്കൂലി കൊടുത്തപ്പോള്‍ നേരെ കിലോ രണ്ടിലെ ഷുര്‍ത്തയുടെ ജെയ് ലിലേക്ക് പോകുന്നതിനു മുന്പ് സ്വന്തം മുതലാളിമാരെ വിളിച്ചു പറഞ്ഞു ... "ഞാന്‍ പോകുന്നു ,, എനിക്കിനി എവിടെ തുടരാന്‍ പറ്റില്ല ..." "നീ അല്‍പ്പം കൂടി ക്ഷമിക്കു ,, നമുക്ക് പരിഹാരമുണ്ടാക്കാം ..." "ഈ പ്രശ്നത്തിന് നിങ്ങള്ക്ക് പരിഹാരമുണ്ടാക്കാന്‍ പറ്റില്ല ... ഈമാനേജര്‍ നിങ്ങളുടെ സഹോദരിയുടെ മകനാണ് ,,, നല്ലതും എളുപ്പവും വെറും ഒരു വിദേശിയായ ഞാന്‍ പോകുന്നതാണ് ." മറുവശത്ത്‌ നിശ്ശബ്ദത.. എനിക്ക് മനസ്സിലായി എന്റെ വഴിയാണ് നല്ലത് ... ഇടറുന്ന പാദങ്ങളോടെ ആ സ്ഥാപനം വിട്ട്‌ പുറത്തു വരുമ്പോള്‍ നിശബ്ദമായി പ്രാര്‍ഥിച്ചു ... എന്റെ ആഹാരം ഇവിടെയാണെങ്കില്‍ എനിക്ക് ഇങ്ങോട്ട് തന്നെ മടങ്ങി വരാന്‍ സാധിക്കണേ ... തീര്‍ത്തും അനിശ്ചിതമായ് അവസ്ഥയില്‍ ഭാവിയെ കുറിച്ച് ഒന്നും അറിയാതെ ഒരു നിമിഷത്തില്‍ ഞാന്‍ എന്തുകൊണ്ട് അങ്ങനെ പ്രാര്‍ഥിച്ചു എന്ന് ഇന്നും ഞാന്‍ അത്ഭുതപ്പെടുന്നു .. കിലോ രണ്ടിലെ ജയിലില്‍ നിന്നും നേരെ തര്‍ഹീലിലേക്ക് എന്നാണ് ഞാന്‍ കരുതിയിരുന്നത് .. കൈവശം ഉണ്ടായിരുന്ന ഒരു അല്‍ക്കാ ടെല്‍ മൊബൈല്‍ മുന്നൂറ്റി അമ്പതു റിയാലിന് ഷരഫിയയിലെ ഒരു ഷോപ്പില്‍ വിറ്റു. ഒരു കീസ്സില്‍ രണ്ടു ഷര്‍ട്ടും രണ്ടു പാന്റ്സും .. ,, തീര്‍ന്നു ഈ പ്രവാസിയുടെ പക്കല്‍ മറ്റൊന്നുമില്ല ... പാന്റ്സിന്റെ അരഭാഗത്ത്‌ ബ്ലേഡ് കൊണ്ട് കീറി മുന്നൂറു റിയാല്‍ അതിനുള്ളില്‍ ചുരുട്ടി കയറ്റി വെച്ചു .. പുറമേ ബെല്‍ട്ടും ..ധരിച്ചു .. പണം ഇപ്പോള്‍ ഭദ്രം.. ഭദ്രമല്ലാത്തത് ഞാനും എന്റെ ഭാവിയും മാത്രം ... കയ്യില്‍ ഒരു പ്രവാസി എന്ന് തെളിയിക്കുന്ന ഒരുരേഖയുമില്ല. ഇഖാമയും പാസ്പോര്‍ട്ടും മാനേജേരുടെ മേശമേല്‍ വെച്ചു തിരിഞ്ഞു നോക്കാതെ ഇറങ്ങിയതാണ് .. ആ ക്രൂരന്‍ ഒരക്ഷരം പോലും മിണ്ടിയില്ല ... ക്രൂരമായ്‌ സംതൃപ്തിയോടെ അയാള്‍ എന്നെ നോക്കി കണ്ണുരുട്ടിയതല്ലാതെ ... ഇടനിലക്കാരന്‍ ബംഗാളി പറഞ്ഞതനുസരിച്ച് അറബി തീരെ അറിയില്ലാ എന്ന് ഭാവിച്ച്‌ കിലോ രണ്ടിലെ പോലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ പുറത്തു രണ്ടു പോലീസുകാര്‍.. " വെന്‍ റോ" ? "റോ ഹിന്ധ്യ" .... ഞാന്‍ ഒരു പൊട്ടനെ പോലെ കയ്യും കാലും മുഖവും കൊണ്ട് സംസാരിച്ചു എന്നു വരുത്തി .. ഉമ്രക്കു വന്നു പാസ്പോര്‍ട്ട് നഷ്ടദമായ ഒരു ഉമ്രക്കാരന്‍ ഒട്ടും കൂസാതെ പോലീസ് സ്റ്റേനിലേക്ക് അധിക്രമിച്ചു കയറി .. എനിക്ക് പോയെ പറ്റു .. മുന്നില്‍ കണ്ട വഴിയിലൂടെ ഞാന്‍ കുതിക്കുകയാണ് .. എനിക്ക് ജയിലില്‍ കയറണം .. എല്ലാം ഉപേക്ഷിച്ചു പോകുകയാണ് .. ഒരു നിമിഷം കൊണ്ട് ഞാന്‍ ഒരു വലിയ ഇരുമ്പു ഗ്രില്ലിന് മുന്നിലെത്തി . കുറച്ചു ആളുകള്‍ പുറത്തേക്കു തുറിച്ച് നോക്കി നിക്കുന്നു .. ഒരു പോലീസുകാരന്‍ വന്ന് ആ ഇരുമ്പ് ഗ്രില്‍ അകത്തി മാറ്റി എന്നെയും ആ ചെറിയ ആള്കൂട്ടത്തിലെക്ക് തള്ളി കയറ്റി ... ശ്വാസം മുട്ടുന്ന തിരക്ക് .. ഒരു ചെറിയ മുറിയില്‍ അതില്‍ കൊള്ളാവുന്നതിനേക്കാള്‍ ആളുകള്‍ . കുറച്ചു പേര്‍ ഭിത്തിയില്‍ ചാരി നില്‍ക്കുന്നു . കുറച്ചു പേര്‍ കൂനി കൂടി ഇരിക്കുന്നു .. പക്ഷെ എനിക്കാശ്വാസമാണ് തോന്നുന്നത് ... ഇനി ഈ ജയിലും കടന്ന് നേരെ ഇന്ത്യയിലേക്ക്‌ ... പിന്നെ എന്റെ വീടിലേക്ക്‌ എന്നെ കാത്തിരിക്കുന്ന എന്റെ പ്രിയ ബന്ധുക്കളുടെ ഇടയിലേക്ക് ... പിന്നെ .. പിന്നെ ... ഒരാള്‍ കൂടി ഉണ്ടവിടെ ... എന്റെ പ്രിയതമ .. രണ്ടു മാസത്തെ ദാമ്പത്യം കൊണ്ട് ഞങ്ങള്‍ കെട്ടിപ്പടുത്ത സ്വപ്നങ്ങളുടെ വലിയ ഭൂമികയിലേക്ക് .... ഹാ .... തര്‍ഹീലില്‍ ഭ്രാന്തിനും സ്വബോധത്തിനും ഇടയില്‍ എന്റെ ഒപ്പം കഴിച്ചു കൂട്ടിയ റാഫി എന്ന ചെറുപ്പക്കാരനെ കുറിച്ച് ഓര്‍ക്കാത്ത ദിവസങ്ങളില്ല .. ഇടക്ക് മലയാളത്തിലെ വലിയ സാഹിത്യകാര്‍ന്മാരായി കൂട് വിട്ട്‌ കൂടുമാറുന്ന ഒരു തരം മാനസീക രോഗത്തോളം അയാള്‍ എത്തി .. രാത്രിമുഴുവനും അയാള്‍ പരകായ പ്രവേശം നടത്തും .. ഇടക്ക് എം ടി ആകും ചിലപ്പോള്‍ വൈക്കം മുഹമ്മദു ബഷീറും .. മറ്റു ചിലപ്പോള്‍ അയാളുടെ നാട്ടിലെ ഒരു ഇടത്തരം പൊതു പ്രവര്‍ത്തകനായ റാഫി മൂന്നുരും ആകും .. .. (സമയം തികയാത്തത് കൊണ്ട് അത് പിന്നീട് എഴുതാം ...) ************************************* ഇടുങ്ങിയ ആ സെല്ലിന്‍ കടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു ....അനധികൃത താമസക്കാരെ എപ്പോഴാണ് നാട് കടത്തുന്നത് .. ആരോടാണ് ചോദിക്കുന്നത് ... പിന്നെയും പിന്നെയും ഒറ്റയ്ക്കും കൂട്ടമായും ആളുകള്‍ വന്നു കൊണ്ടിരിക്കുന്നു . നിന്നും ഇരുന്നും മടുത്തപ്പോള്‍ പതുക്കെ പരിസരം ഒന്ന് വീക്ഷിക്കാനുള്ള മാനസീകവാസ്ഥ കൈ വന്നു .... ചുറ്റുമുള്ളവരില്‍ ചിലര്‍ മലയാളികളാണ് .. ചിലരുടെ ഒക്കെ മുഖത്ത് ഒരു തരം നിര്‍ജീവാവസ്ഥ . എല്ലാവരും നിശ്ശബ്ദരായി നില്‍ക്കുന്നു . പാക്കിസ്ഥാനികളും മസിറികളും ബംഗാളികളും എണ്ണത്തില്‍ കുറവാണ് . എങ്കിലും അവരുണ്ടാക്കുന്ന ബഹളത്തിനു തീരെ കുറവില്ല .. "റോഹ് ജുവ" .. പെട്ടന്നാണ് ഒരു പോലിസുകാരന്‍ ചീറിപ്പാഞ്ഞു വന്നത് .. സെല്ലിന്റെ ഗ്രില്ലില്‍ പിടിച്ചു പുറത്തേക്കു നോക്കി നില്‍ക്കുന്നവരെ അയാള്‍ ആട്ടി തെളിക്കുകയാണ് "റോഹ് യാ ഹയവാന്‍..." അനുസരിക്കുന്നില്ലന്നു കണ്ടപ്പോള്‍ അയാള്‍ പെട്ടന്ന് അരിയിലെ ബെല്റ്റ് ഊരിയെടുത്തു ... ഗ്രില്‍ വലിച്ചകറ്റി ...അടി തുടങ്ങി .. കണ്ണില്‍ കണ്ടവരെ എല്ലാം അടിക്കുകയാണ് .. അതോടെ ആളുകള്‍ പിന്നോട്ട് വലിഞ്ഞു .. ..(അടി കിട്ടിയത് കൂടുതലും ബംഗാളികള്‍ക്കാണ്..അവര്‍ പറയുന്ന തെറികള്‍ എനിക്ക് മനസിലാകുന്നില്ല ) ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ രംഗത്തെത്തി ... ഓഹോ അപ്പോ ഇങ്ങേര്‍ക്ക് വേണ്ടിയായിരുന്നോ മുന്പ് കണ്ട "ബെല്‍റ്റ്‌ ചാര്‍ജ് " ... അയാള്‍ മൊത്തത്തില്‍ ഒരു നിരീക്ഷണം നടത്തി .. എന്നിട്ട് മടങ്ങി പോയി .. അയാള്‍ക്ക്‌ പിന്നാലെ ആ അടിയന്‍ പോലീസുകാരനും അല്‍പ്പ നേരത്തെ നിശബ്ദത ..കയ്യില്‍ ഒരു പേനയും രണ്ടു മൂന്ന് വെള്ള കടലാസുകളുമായി അയാള്‍ മടങ്ങി വന്നു .. ഗ്രില്ലില്‍ കൂടി അയാള്‍ അത് ഒരു മസിറിയെ ഏല്‍പ്പിച്ചു അറബിയില്‍ എന്തൊക്കെയോ പറഞ്ഞു .. മസിരി പെട്ടന്ന് ഭാവം പകര്‍ന്നു .. മുദീറായി .. മസിരിയ്യീന്‍ .... അയാള്‍ വിളിച്ചു കൂവി .. അവിടുന്നും ഇവിടുന്നും ചില മസിരികള്‍ ഉന്തി തള്ളി മുന്നോട്ടു വന്നു .. അല്‍പ്പ നേരത്തെ കശ പിശക്ക് ശേഷം ഓരോരുത്തരായി പേര് പറഞ്ഞു കൊടുത്തു .. .. ഒപ്പം പിതാവിന്റെ പേരും ... മസിരികള്‍ കഴിഞ്ഞു . ഹിന്ദി ,,,, വീണ്ടും അയാള്‍ അമറി .. ഇന്ത്യക്കാര്‍ അയാളുടെ അടുത്തേക്കെത്താന്‍ തള്ളി തുടങ്ങി .. ഒപ്പം ഞാനും .. കുറെ ആളുകള്‍ വേഗം ജോലി തീര്‍ത്തിട്ടു പിന്മാറി .. മറ്റു ചിലര്‍ അരക്കെട്ടില്‍ നിന്നും പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും പൊതിഞ്ഞു ഭദ്രമായി സൂക്ഷിച്ച പാസ്പോര്‍ട്ടുകള്‍ എടുത്ത്‌ , അതില്‍ നോക്കി കൃത്യമായി പേരും മറ്റും പറഞ്ഞു കൊടുത്തു . മലയാളികളുടെ കടിച്ചാല്‍ പൊട്ടാത്ത വീട്ടുപേരും മറ്റും അയാള്‍ അയള്‍ക്കു വഴങ്ങുന്ന രീതിയില്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട് .. .. അല്‍പ്പം പരിഹാസം കലര്‍ന്ന അയാളുടെ ആവര്‍ത്തനം പക്ഷെ ആരിലും ചിരി ഉയര്‍ത്തിയില്ല .. എന്റെ ഊഴമെത്തി .. ഞാന്‍ പറഞ്ഞു "അന്‍വര്‍ ഷാജി ഉമ്മര്‍ കുട്ടി " മസറി ആവര്‍ത്തിച്ചു " അഷറഫ് മുഹമ്മദ്‌ ഉമര്‍ .." ങേ ,, എനിക്ക് ഞെട്ടാന്‍ പോലും സമയം കിട്ടുന്നതിനു മുന്പ് അടുത്തയാള്‍ പേരും പിതാവിന്റെ പേരും പറഞ്ഞു കഴിഞ്ഞു .... ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു .. എല്ലാം ഉപേക്ഷിച്ചു പോകുന്നവന് സ്വന്തം പേരും പാടില്ലെന്നുണ്ടോ .. അയാളെ തിരുത്താന്‍ ഒന്നല്ല പലതവണ ശ്രമിച്ചു . പക്ഷെ അവസാനത്തെ ഹിന്ദിയും പേര് പറഞ്ഞു കഴിഞ്ഞതോടെ അടുത്ത ഊഴം ബംഗാളികളുടേതായി . ഉന്തിലും തള്ളിലും പെട്ട് ഞാന്‍ ആ മസ്രിയുടെ മുന്നില്‍ നിന്നും പുറംതള്ളപ്പെട്ടു. ഒരു തരം മരവിപ്പും അമ്പരപ്പുമായി അങ്ങനെ നില്‍ക്കുമ്പോള്‍ ഒരു ചോദ്യം ചെവിയില്‍ വന്നു വീണു "പേരും പോയി അല്ലെ ... ". ഒരു ചെറിയ ശബ്ദം .. തല ചരിച്ചു നോക്കിയപ്പോള്‍ ഒരു പൊടി മീശക്കാരന്‍ അങ്ങിഗ് താടി രോമങ്ങള്‍ ഏറിയും കുറഞ്ഞും .. വെളുത്ത വട്ട മുഖം .. കണ്പോളകള്‍ രണ്ടും വീങ്ങി എപ്പോഴൊക്കെയോ കരഞ്ഞതിന്റെ അടയാളം ബാക്കി നില്‍ക്കുന്നു .. ഞാന്‍ സൂക്ഷിച്ചു നോക്കി പ്രായം ഇരുപത്തി രണ്ടിലധികമില്ല ... ഞാന്‍ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയില്‍ പറഞ്ഞു "ആ അതും പോയി .." "എന്താ പേര് .. " "റാഫി .." "എവിടാ സ്ഥലം .." "മലപ്പുറം .." "ഇങ്ങളോ ..?" "ഞാന്‍ ആലപ്പുഴ .." "എത്ര വര്‍ഷമായി വന്നിട്ട് " "ഒരു വര്‍ഷം .." "ഇങ്ങളോ ..?" " നാല് വര്‍ഷം .." "ഉമ്രയാണോ ?" "അല്ല വിസ .." "ഇങ്ങളോ ." "വിസ .. "എന്തുപറ്റി ...?" "പോണന്നു പറഞ്ഞു .. ഓന്‍ വിട്ടില്ല .. ഞാബോന്നു .". "ഇങ്ങളോ .." "പൊക്കോ എന്ന് പറയാതെ പറഞ്ഞു അതുകൊണ്ട് ഞാനും പോന്നു ." "എന്റെ പേരിന് ഇനി ഞാന്‍ എന്ത് ചെയ്യും ..?" "എയര്‍ പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ പേര് തിരുത്തി പറഞ്ഞാല്‍ പുതിയ പേരില്‍ സ്ലിപ് കിട്ടും ..? "സ്ലിപ്പോ ??" "ങാ .. അങ്ങനെ എന്തൊക്കെയോ ഉണ്ട് " പിന്നെ ഒന്നും ചോദിച്ചില്ല ഞങ്ങള്‍ പരസ്പ്പരം മനസ്സിലാക്കിയവരെ പോലെ നിശബ്ദരായി നിന്നു. അയാള്‍ ഇടയ്ക്ക് നെടുവെര്‍പ്പിടുകയും .. മുകളിലേക്ക് നോക്കി പ്രസന്നഭാവത്തില്‍ നില്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു .. ഞാന്‍ മരവിച്ച ശരീരവും എങ്ങോട്ടെന്നില്ലാതെ അലയുന്ന മനസുമായി ഓരോ നിമിഷങ്ങളും കടന്നു പോകുന്നത് എന്നെ ചവിട്ടി മെതിച്ചാണെന്ന തോന്നലുമായി അങ്ങനെ നിന്നു . എന്റെ പുതിയ പേര് ഞാന്‍ പലവുരു പറഞ്ഞു നോക്കി ... അഷറഫ് മുഹമ്മദ്‌ ഉമര്‍ ..... പേര് തെളിയിക്കുന്ന ഒരു രേഖയും കയ്യിലില്ലാത്തവന് ഏതു പേരായാല്‍ എന്താ .. എനിക്ക് വേഗം വീട്ടിലെത്തണം .. ... വൈകിട്ട് അഞ്ചു മണിയോടടുത്തു ഇതിനകത്ത് കയറിയതാണ് .. ഞാന്‍ വാച്ചില്‍ നോക്കി .. സമയം പത്തു മണി കഴിഞ്ഞിരിക്കുന്നു ..ഇനി എപ്പോഴാണോ ഇതിനകത്ത് നിന്നും പുറത്തു കടക്കുക ... ഞാന്‍ അറിയാതെ ആലോചിച്ചു പോയി .. പുറത്തു കടക്കുകയോ ? സ്വയം വരിച്ച തടവറയില്‍ നിന്നും പുറത്തു കടക്കാനോ ? എന്റെ സ്വാതന്ത്ര്യവാന്ജ ഈ ഈ കുടുസ്സുമുറിയിലെ ദുഷിച്ച പ്രാണവായുവിനും ചതഞ്ഞരഞ്ഞ മോഹങ്ങള്‍ക്കും മോഹഭംഗങ്ങള്‍ക്കും മേലെ പറന്നുയരാന്‍ തുടങ്ങുന്നു ... *************************************************************** ഒരു ബഹളം കേട്ടാണ് കണ്ണ് തുറന്നത് .. ഇടക്കെപ്പോഴോ ഒരു മൂലയില്‍ കൂനിക്കൂടിയിരുന്ന് ഉറങ്ങിപോയി . റാഫി എന്നെ തട്ടി വിളിച്ചു . ഭക്ഷണം വന്നു .. "വേഗം എണീറ്റോ ഇല്ലെങ്കില്‍ കിട്ടില്ല .. ." ശെരിയാണ് നല്ല വിശപ്പുണ്ട് .. ഇന്നലെ ഉച്ചക്ക് ആഹാരം കഴിച്ചതാണ് ഇടക്ക് കുറച്ചു വെള്ളം മാത്രം .. സമയം .... വാച്ചില്‍ നോക്കി .... ഒരു മണി . ഒന്ന് രണ്ടു വലിയ പ്ലേറ്റുകള്‍ തലക്കു മുകളില്‍ കൂടി കൈ മാറി കൈ മാറി വരുന്നുണ്ട് ... എന്റെ അടുത്തുണ്ടായിരുന്നവര്‍ അപ്പോഴേക്കും ഒരു വൃത്തം ഉണ്ടാക്കിയിരുന്നു .. ഞങ്ങള്‍ ജൈയിലിന്റെ ഒരു കോണില്‍ ആയിരുന്നതിനാല്‍ ആദ്യം വന്ന പ്ലേറ്റിന്റെ യാത്ര ഞങ്ങളുടെ അടുക്കല്‍ തന്നെ അവസാനിച്ചു .. എല്ലാവരും ആര്‍ത്തിയോടെ പാത്രത്തിന് മുന്നില്‍ ഇരുന്നു .. ഒരു പാത്രം നിറയെ സൌദികള്‍ കഴിക്കുന്ന കഫ്സ ... അങ്ങിങ്ങായി കുറച്ചു കോഴിയുടെ മാംസവും ..നന്നായി വെന്ത ചോറ് .. എല്ലാവരും വാരി വയര്‍ നിറക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു .. ഇത്രയും രുചിയും ആസ്വാദ്യതയും ഇതിനു മുന്പ് ...... ആരും മറ്റൊന്നും ആലോചിക്കുന്നില്ല എന്ന് തോന്നി ... വിശപ്പ്‌ .. വിശപ്പ്‌ .. വിശപാണ് മനുഷ്യന്റെ ആദ്യത്തെയും അവസാനത്തെയും പ്രശ്നം .. സൂറാ....... എന്തോ അമര്‍ത്തി വലിച്ചെറിയുന്നത് പോലെ ഒരു പോലീസുകാരന്‍ അകത്തേക്ക് നോക്കി മുരണ്ടു ... ഒന്ന് രണ്ടു ചുരുള്‍ toilet റോളുകള്‍ കൂടി അയാള്‍ അകത്തേക് വലിച്ചെറിഞ്ഞു .. എന്തിനായിരിക്കും എന്ന് ആലോചിക്കുന്നതിനു മുന്പ് ചിലര്‍ അത് വലിച്ചു കീര്‍ കൈയ്യും മുഖവും തുടക്കാന്‍ തുടങ്ങി .... പ്ലേറ്റുകള്‍ മിനിട്ടുകള്‍ക്കകം കാലിയായി ..ടിഷ്യു പേപ്പര്‍ കിട്ടാത്തവര്‍ അവിടെയും ഇവിടെയും തുടച്ച് വേഗത്തില്‍ എഴുന്നേറ്റു .. ജൈലിന്റെ ഗ്രില്ലുകള്‍ വലിച്ചു മാറ്റി .... സൂറാ .. പോലീസുകാര്‍ ധ്രിതി പിടിക്കുന്നു ... എല്ലാവരും അവരവരുടെ കീസുകള്‍ ശരീരത്തോട് ചേര്‍ത്തു പിടിച്ചു .. ഇനി എന്തായിരിക്കും ..... അല്‍പ്പം ഭയം ശരീരത്തിലൂടെ അരിച്ചു കടന്നു വന്ന് മനസ്സിന്റെ ഭിത്തികളില്‍ തട്ടി നിന്നു ... മസിറി എഴുതികൊടുത്ത കടലാസുകള്‍ കൈയ്യില്‍ പിടിച്ച് ഒരു പോലീസുകാരന്‍ നില്‍ക്കുന്നു .... ദൈവമേ ... എന്റെ പേര് ...... ഓര്‍മ കിട്ടുന്നില്ല ... ..... പേര് വിളിച്ചിട്ടും ചെന്നില്ലെങ്കില്‍ അടി ഉറപ്പാണ് ... നിത്യ വേദനയുടെ അഴിയാ കുരുക്കില്‍ പെട്ടവനെ പോലെ ഞാന്‍ മിഴിച്ചു നിന്നു .. എവിടെ എന്റെ പുതിയ കൂടുകാരന്‍ .. റാഫിയെ നോക്കി അവന്റ് മുഖത്തും ഒരു പ്രത്യേക തരം വികാരം ... "ഡാ ...." ഞാന്‍ കരയുന്ന പോലെയായി ... "എന്റെ പേരെന്താ ......." ...... " മറന്നു പോയോ ?? അഷറഫ് മുഹമ്മദ്‌ ഉമര്‍ ....." ........... എനിക്കാശ്വാസം .. തികട്ടി വന്ന കരച്ചില്‍ പെട്ടന്ന് ഉള്‍വലിഞ്ഞു .. ശരീരത്തില്‍ വ്യാപിച്ച വിറയല്‍ വിയര്‍പ്പായി മാറി .. ഒരു ചൂട് പൊന്തുന്നു .. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് പലരോടും പലവട്ടം ചോദിച്ചിട്ടുണ്ട് .. ഒരു പേരില്‍ എന്റെ ജീവിതം തന്നെ ഇവിടെ ചോദ്യചിഹ്നം പോലെ നില്‍ക്കുന്നു .... അപ്പോഴേക്കും പോലീസുകാരന്‍ പേര് വിളിച്ചു തുടങ്ങി .. ഓരോരുത്തരായി അഴികള്‍ക്കുള്ളില്‍ നിന്നും പുറത്തിറങ്ങി .

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...