2010, ജൂലൈ 9, വെള്ളിയാഴ്‌ച

അമ്മ

അന്ന് രാത്രി അവന്‍ നാട് വിട്ടു .
അച്ചനോട് പിണങ്ങി.
അമ്മയുടെ കരയുന്ന മുഖം മാത്രം ആണ് അവനെ ഇടക്ക് ആശക്തനാക്കുന്നത്.
അമ്മ കരയുന്നത് മാത്രം അവനു സഹിക്കില്ല .
അമ്മ ഒരു പാട് കരഞ്ഞിട്ടുണ്ട് .
അന്നെല്ലാം തീരുമാനിക്കും അമ്മയെ ഇനി ഒരിക്കലും കരയാന്‍ സമ്മതിക്കരുതെന്ന്.
പക്ഷെ അമ്മ വീണ്ടും കരയും.
പണ്ട് കുഞ്ഞായിരിക്കുമ്പോള്‍ അമ്മയുടെ മടിയില്‍ കിടന്നു ഉറങ്ങിയിരുന്നത്
അവനു ഓര്‍മ്മ വന്നു.
അമ്മ ഒരു പഴയ സിനിമ പാട്ടിന്റെ ഈരടികള്‍ മൂളുമായിരുന്നു
"പാപം കുഞ്ഞേ നീ ചെയ്യരുതേ
ദൈവ കോപം നിന്റെ മേല്‍ ആഞ്ഞു വീഴും
ഭീഷണി എത്ര മുഴങ്ങിയാലും
നിന്റെ കൂടുകാര്‍ എത്ര പിണങ്ങിയാലും "
ജീവിതത്തില്‍ ഇന്ന് വരെ ആ ഓര്‍മ്മകള്‍
ഒരു നിധി പോലെ ഞാന്‍ സൂക്ഷിക്കുന്നു .
മുതിര്ന്നപ്പോളും
അമ്മയെ ഓര്‍ക്കുബോളൊക്കെ മനസ്സ് സ്നേഹം കൊണ്ടും സങ്കടം
കൊണ്ടും വീര്‍പ്പു മുട്ടും.
അമ്മ അറിയാതെ അമ്മയെ പോയി നോക്കി നില്‍ക്കും.
എത്ര സാധുവും നിഷ്കളങ്കയുമാണ് എന്റെ അമ്മ.
വലിയ വിദ്യഭ്യാസം ഒന്നും ഇല്ലെങ്കിലും അമ്മ പറയുന്നത്
അതേപടി സംഭവിച്ചിരുന്നത് അച്ഛന്റെ കാര്യത്തില്‍ ആയിരുന്നു.
സ്വന്തം ഇഷ്ട്ട പ്രകാരം അച്ഛന്‍ ചെയ്തു കൂട്ടുന്നതിന്റെ ഭവിഷ്യത്ത് അമ്മ മുന്‍ കൂട്ടി പറയും. പാളിച്ചകള്‍ സംഭവിക്കുമ്പോള്‍ അച്ഛന്‍ അമ്മയെ പഴിക്കും.
നീ അങ്ങനെ പറഞ്ഞത് കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.
അമ്മ ചിരിക്കും.
പിന്നീട് എന്റെ ജീവിതത്തിലും അമ്മ ഒരു വാക്കായി മാറി.
അമ്മ എന്ത് പറഞ്ഞാലും ഞാന്‍ അനുസരിക്കുമായിരുന്നു.
അമ്മ പറയുന്നത് പോലെ ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെ ആണ്.
പക്ഷെ ഇന്ന് എനിക്ക് എന്‍റെ അമ്മയെ വേദനിപ്പിക്കേണ്ടി വരും .
നാളെ നേരം വെളുക്കുമ്പോള്‍ അമ്മ ചായ ഉണ്ടാകി വെച്ച് വിളിക്കും
മോനെ ,,,ദാ ചായ ..
ചെല്ലാന്‍ വൈകിയാല്‍ അമ്മ മുറിയുടെ വാതിലില്‍ മുട്ടും
ചായ്‌ കുടിക്കു കുഞ്ഞേ. അമ്മക്ക് ജോലിയുണ്ട്.
അമ്മ അങ്ങനെ ആണ് .
ഞാന്‍ ചായ കുടിക്കണം എന്ന് നിര്‍ബന്ധം ഉള്ളത് പോലെ.
കാരണം അടുക്കളയുടെ കോണില്‍ കെട്ടിയ തൊഴുത്തില്‍ നില്‍ക്കുന്ന
ചുവന്ന നാടന്‍ പശുവിന്റെ പാലിന് ഞാന്‍ അവകാശിയാണ് പോലും.
അവള്‍ക്കു വേണ്ടുന്ന വൈക്കോല്‍ കൊടുക്കുന്നതും
രാത്രി പിണ്ണാക്ക് കുതിര്‍ത്ത വെള്ളം കുടിക്കാന്‍ കൊടുക്കുന്നതും
മിക്കപ്പോഴും ഞാന്‍ തന്നെ.
അവള്‍ക്ക് അമ്മയെ പോലെ തന്നെ എന്നോടും പ്രിയമാണ്.

അടുത്ത് ചെന്നാല്‍ നീണ്ട നാവു കൊണ്ട് നക്കി നനയ്ക്കും.
മുഖത്ത് തടവിയാല്‍ അനങ്ങാതെ നില്‍ക്കും.


ബസ്സിന്റെ സൈഡ് സീറ്റില്‍ തന്നെ ഇടം പിടിച്ചു
ഏതോ ഫാസ്റ്റ് പാസ്സഞ്ചര്‍ ആണ്
കുമളി ബോര്‍ഡ്‌ ആണ് കണ്ടതെന്നു തോന്നുന്നു
കണ്ടക്ടര്‍ ടിക്കറ്റ്‌ ടിക്കറ്റ്‌ എന്നും പറഞ്ഞു വന്നു.
പോക്കറ്റില്‍ ഉണ്ടായിരുന്നു രൂപ എടുത്തു നീട്ടി
എങ്ങോട്ടാ..?
നാട് വിട്ടവന് എങ്ങോട്ട് പോയാല്‍ എന്താ.
വായില്‍ വന്ന സ്ഥലം പറഞ്ഞു. കുമളി.
ടിക്കെറ്റില്‍ എന്തോ കുത്തി കുറിച്ച് ബാക്കി തന്ന് അയാള്‍ പോയി
നല്ല തണുപ്പുണ്ട്. ഷട്ടര്‍ താഴ്ത്തിയിട്ടു
ബസ്സിനുള്ളില്‍ കുറച്ചു യാത്രക്കാരുണ്ട്.
മിക്കവരും നല്ല ഉറക്കത്തിലാണ്.എനിക്കും ഉറക്കം വരുന്നു.
ഇപ്പോള്‍ മനസ്സ് ശൂന്യമാണ്. ഒന്നും ഓര്‍ക്കാന്‍ ഇഷ്ട്ടപെടുന്നില്ല.
ബസ്‌ അമിത വേഗതയില്‍ ആണെന്ന് തോന്നി.
ഇടക്ക് കുഴിയില്‍ ചാടുമ്പോള്‍ യാത്രക്കാര്‍ ബസ്സിന്റെ കമ്പികളില്‍ മുറുക്കെ പിടിക്കും. കുമളിയില്‍ ഇതിനു മുന്പ് പോയിട്ടുണ്ട്. തേക്കടിയില്‍ .
അച്ഛനും അമ്മയ്ക്കും ഒപ്പം രണ്ടു മണിക്കൂറോളം ബോട്ടില്‍ ഒരു യാത്ര.
തടാകത്തിന്റെ ഇരു കരകളിലും വലിയ വൃക്ഷങ്ങള്‍ നിറഞ്ഞ കാടുകള്‍.
കൊറേ ആനകളെയും പന്നി കൂട്ടങ്ങളെയും കണ്ടു അന്ന് ത്രിപ്തി പെടേണ്ടിവന്നു.
ബസ്‌ എത്ര മണിക്ക് കുമളിയില്‍ എത്തും എന്നറിഞ്ഞു കൂടാ
കുറഞ്ഞത് നാലു മണിക്കൂര്‍ എങ്കിലും വേണം
അത്രയും നേരം ...ഉറങ്ങാതെ ..
പകല്‍ മുഴുവനും ജോലിയില്‍ ആയിരുന്നു.
പുതിയ വീടിന്റെ പണി നടക്കുന്നു . അന്ന് രാവിലെ
അച്ഛന്‍ ഓഫീസില്‍ പോയപ്പോള്‍ കുറേയേറെ ജോലികള്‍ ഏല്‍പ്പിച്ചിരുന്നു.
പണിക്കാരുടെ ഒപ്പം ഉച്ച വരെ. ഇടക്ക് വെള്ളം കോരിയും
ഇഷ്ട്ടിക നീക്കി വെച്ചും മണല്‍ അരിച്ചും..അങ്ങനെ സമയം പോയതറിഞ്ഞില്ല.
ഉച്ച ഊണിനു വീട്ടില്‍ പോയപ്പോള്‍ അമ്മയുടെ മുഖത്ത്‌ ഒരു പന്തികേട്.
എന്താ അമ്മെ? അമ്മ മിണ്ടുന്നില്ല.
എനിക്ക് ദേഷ്യം വന്നു. എന്താ അമ്മെ, പറ.
ഒന്നുമില്ലെടാ . ഓരോന്ന് ഓര്‍ത്തു പോയതാ ..
ഈ അമ്മയുടെ ഒരു കാര്യം. ഇടക്ക് പഴയതെല്ലാം ഓര്‍ത്തു സങ്കടപ്പെടും
പിന്നെ അന്ന് മുഴുവനും നെടുവീര്‍പ്പുകളും കണ്ണ് നീരുമാണ്.
അമ്മെ എനിക്ക് വിശക്കുന്നു.
കറി വെന്തില്ല. നീ പോയി ടി വി കാണ്.
അല്ലെങ്കില്‍ പോയി കുളിക്ക് അപ്പോഴേക്കും ചോറ് വിളമ്പാം
ഒന്ന് കുളിക്കാം . കുളി കഴിഞ്ഞു. മുറിയില്‍ കയറി വാതില്‍ അടച്ചു.
ഫാന്‍ കൂട്ടിയിട്ടു.നേരെ കട്ടിലില്‍ കയറി ഒറ്റ കിടത്തം. നല്ല ക്ഷീണമുണ്ട്.
അല്‍പ്പം കഴിഞ്ഞപ്പോള്‍ അമ്മ വാതിലില്‍ മുട്ടി
മോനെ ചോര്‍ എടുത്തു, നീ വന്നു കഴിക്ക് , അമ്മ അല്പ്പംകിടക്കട്ടെ ,
അമ്മ ഉണ്ണുന്നില്ലേ?
പിന്നെ കഴിച്ചോളാം. അമ്മക്ക് വിശപ്പില്ല.
ഓ ശെരി. ഞാന്‍ കഴിച്ചോളാം. അമ്മ പോക്കോ.
ഞാന്‍ ഊണ് കഴിച്ചു . പാത്രങ്ങള്‍ കഴുകി അടുക്കി വെച്ചു.
വീണ്ടും പോകാനിറങ്ങി. അമ്മെ ഞാന്‍ പോകുന്നു.
മറുപടിയില്ല. അമ്മേ.....
അല്‍പ്പം ഉച്ചത്തില്‍ വിളിച്ചു . മിണ്ടുന്നില്ല.
മുറിയുടെ വാതില്‍ തുറന്നു കിടക്കുന്നു. അമ്മ കട്ടിലില്‍ കിടപ്പുണ്ട്
അടുത്ത് ചെന്ന് വിളിച്ചു.അനങ്ങുന്നില്ല
നെഞ്ചില്‍ ഒരു ഇടി വെട്ടിയപോലെ. കുലുക്കി വിളിച്ചു .
ഒരു നിമിഷം എന്റെ കണ്ണില്‍ ഇരുട്ട് കയറി.
അല്‍പ്പം വെള്ളം കൊണ്ടുവന്നു മുഖത്ത് തളിക്കാം
അതിനു മുന്പ് ലെക്ഷ്മി ചേച്ചിയെ ഒന്ന് വിളിക്കാം.
തൊട്ടടുത്ത വീടാണ് . ചേച്ചി ഓടി വന്നു
വെള്ളം കൊണ്ടുവാ മോനെ.
ചേച്ചി മുഖത്ത് വെള്ളം തളിച്ചു
അമ്മ പതുക്കെ കണ്ണു തുറന്നു. എന്ത് പറ്റി അമ്മേ?
തല കറങ്ങിയതാണോ?
എന്തായാലും ആശുപത്രിയില്‍ കൊണ്ട് പോകാം
പെട്ടന്ന് ഞാന്‍ ഒരു ഓട്ടോറിക്ഷ വിളിച്ചു കൊണ്ട് വന്നു
അമ്മയെ താങ്ങി പിടച്ചു ഓട്ടോയില്‍ കയറ്റി. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ പ്രഷര്‍ പരിശോദിച്ചു
പ്രഷര്‍ അല്‍പ്പം കൂടുതലാണ്. മരുന്ന് കൊടുത്തു. അന്ന് വൈകുന്നേരം വരെ
അമ്മയുടെ കൂടെ ആശുപത്രിയില്‍. ഒന്ന് രണ്ടു ബന്ധുക്കള്‍ കാണാന്‍ വന്നു.
അച്ഛന്‍ വൈകിട്ട് വരുമല്ലോ.. ഓഫീസിലേക്ക് വിളിച്ചു പറയാന്‍ ഒന്നും പോയില്ല.
വളരെ വൈകിയാണ് അന്ന് രാത്രി അച്ഛന്‍ വന്നത് .
അച്ഛന്‍റെ മുഖം ആകെ ഇരുണ്ടിരുന്നു .
വന്നപ്പോള്‍ തന്നെ എന്നെ തുറിച്ചു നോക്കി.ദേഷ്യത്തില്‍ അകത്തേക്ക് പോയി.
അമ്മയോടെന്തോ പറഞ്ഞു. പ്രതികരണം ഇല്ലാത്തതിനാല്‍ തിരികെ എന്റെ അടുക്കല്‍ വന്നു .
ഡാ.. ഒറ്റ വിളി.
നീ എന്താ പണിക്കാര്‍ക്ക് കൂലി കൊടുക്കാഞ്ഞത് ?
രാത്രി ഞാന്‍ വരുന്നത് വരെ എന്നെ നോക്കി അവര്‍ ടൌണില്‍ തന്നെ ഉണ്ടായിരുന്നു. നാണക്കേടായി പോയി .
നിന്റെ കൈയ്യില്‍ തന്ന പൈസ എവിടെ ?
കൊണ്ടേ കളഞ്ഞോ ?
അച്ഛാ. അത് ..
നിനക്ക് വേറെ എന്താ പണി ?
തോന്നിയത് പോലെ നടക്കാന്‍ ഇവിടെ പറ്റില്ലാ..
ഇറങ്ങി പൊക്കൂടെ... എവിടാന്ന് വെച്ചാല്‍.അച്ഛന്‍ കത്തി കയറുകയാണ് .

അമ്മ എവിടെ ? ഞാന്‍ എന്റെ അമ്മയെ തിരഞ്ഞു.
ഒന്നും മറുത്തു പറയാന്‍ തോന്നിയില്ല. എന്നിലെ കൌമാരക്കാരന്
ആകെ വേദനിച്ചു ..എന്റെ അമ്മ എവിടെ ?അമ്മക്ക് വയ്യ ..
അകത്തൊരു ഞരക്കം.
അമ്മക്ക് അച്ഛനോട് എന്തോ പറയണം എന്നുണ്ടാകും.

എന്റെ നിരപരാധിത്വം ഇപ്പോള്‍ അമ്മയുടെ കൈകളിലാണ് .
എനിക്ക് എന്‍റെ അമ്മയുടെ സംരക്ഷണം വേണം .
എന്നെ ഒന്ന് സമാധാനിപ്പിക്കുക എങ്കിലും ചെയ്യമ്മേ..

അമ്മെ
അമ്മേ...ഞാന്‍ നിരാശ്രയനായി മനസ്സ്‌ കൊണ്ട് അമ്മയെ വിളിച്ചു കരഞ്ഞു.

അമ്മയെ തിരഞ്ഞെന്റെ കണ്ണുകള്‍ ചുറ്റി നടന്നു .

അമ്മക്ക് സുഖമില്ലല്ലോ .. കിടക്കെട്ടെ .. അമ്മ ഇനി ഇതിന്റെ പേരില്‍ കരയേണ്ട ..
ഒന്നും മിണ്ടാതെ മുറിക്കുള്ളില്‍ കയറി കതകടച്ചു ..
അച്ഛന്‍ വീണ്ടും എന്തൊക്കെയോ പറയുന്നു ..
എന്‍റെ മനസ്സ് വേര്‍പെട്ട പട്ടം പോലെ അലഞ്ഞു തിരഞ്ഞു.
വീട് തനിക്ക് ക്ഷണ നേരം കൊണ്ട് അന്യമായി.
ജനാല തുറന്ന് എന്‍റെ പ്രിയപെട്ട പാരിജാതത്തെ നോക്കി.
ഞാന്‍ മിക്കപ്പോഴും സങ്കടം പറയുന്നത് അവളോടാണ്.

തണുപ്പത്ത് അവള്‍ കണ്ണും പൂട്ടി നില്‍ക്കുകയാണ്.
ഇലകളില്‍ മഴത്തുള്ളികള്‍ പൊഴിയുന്ന ശബ്ദം. മഴ പെയ്യുന്നുണ്ടോ ?
ചിലപ്പോള്‍ മഞ്ഞു പെയ്യുന്നതായിരിക്കും.

കരച്ചില്‍ വരുന്നുണ്ട് ..

നീ ഇത്തവണ കൂടി കഷമിക്ക്. ഞാന്‍ ഒന്ന് കരഞ്ഞോട്ടെ. ഒരിക്കല്‍ കൂടി മാത്രം .ഇനി ഉണ്ടാകില്ല . നിസ്സബ്ദമായ്‌ നിന്ന് കരഞ്ഞു.
മനസ്സിലെ ബന്ധങ്ങളും കെട്ടുപാടുകളും ക്ഷണ നേരം കൊണ്ട്
പാറിപ്പറന്നു പോയി ..
ഇപ്പോള്‍ ശൂന്യതയാണ് . ഞാന്‍ പെട്ടന്ന് ഒറ്റക്കായത് പോലെ
അച്ഛന്‍ പറഞ്ഞത് ഇറങ്ങി പോകാനല്ലേ. ഇറങ്ങി പോകാം .. എനിക്ക് പുറത്തേക്കുള്ള വഴി തുറന്നു കിട്ടിയിരിക്കുന്നു.
സ്വതന്ത്രമായി പോകാം .. ഇന്ന് രാത്രി തന്നെ ..അമ്മ മാത്രമാണ് എന്റെ മനസ്സില്‍ .
അമ്മ കരയുമോ ? വേണ്ട ഒന്നും ഓര്‍ക്കേണ്ട ..ചിലപ്പോള്‍ ഞാന്‍ വീണ്ടും

ഇവിടെ കെട്ടിയിടപ്പെട്ടേക്കാം .കാര്യമായി ഒന്നും എടുക്കാനില്ല . ...ഒരു തോള്‍ സഞ്ചിയും ഒരു ബുക്കും പേനകളും എന്‍റെ രണ്ടു ഡയറികളും . മറ്റുള്ളതെല്ലാം അച്ഛന്‍ വാങ്ങി തന്നതാണ്
അന്ന് രാത്രി ആരും ഒന്നും കഴിച്ചില്ല .. ആരും സംസാരിക്കുന്നതും കേട്ടില്ല .
ആരോ ലൈറ്റുകള്‍ അണച്ചു . ഉമ്മറത്ത്‌ മാത്രം വെട്ടമുണ്ട് .

അച്ഛന്‍ പണിക്കാര്‍ക്ക് കൂലി കൊടുക്കാന്‍ തന്ന പണം മേശപ്പുറത്തു വെച്ചു.
കഴിഞ്ഞ അവധിക്കാലത്ത് അമ്മാവന്‍ വാങ്ങി തന്ന പാന്റ്സും ഷര്‍ട്ടും എടുത്തിട്ടു. സ്കൂളില്‍ നിന്നും ടൂര്‍ പോകുമ്പോള്‍ ചിലവാക്കാന്‍ കരുതി വെച്ചിരുന്ന പണം എടുത്തു പോക്കറ്റില്‍ വെച്ചു .
അമ്മയോട് മനസ്സാ മാപ് പറഞ്ഞു ...അമ്മയുടെ
ഒരു ചെറിയ ഫോട്ടോ കൂടി എടുത്തു പേഴ്സില്‍ വെച്ചു ..
ശബ്ദം ഉണ്ടാക്കാതെ കതകടച്ചു .. ഞാന്‍ വീട് വിട്ടു പോവുകയാണ് ..
മനസ്സില്‍ വിങ്ങല്‍ നിറഞ്ഞു . കണ്ണുനീര്‍ ഒഴുകിയിറങ്ങി .
താന്‍ ഓമനിച്ചു വളര്‍ത്തിയ നിശാഗന്ധി തന്നെ നോക്കിനില്‍ക്കുന്നു .
ഞാനും നീയും ഇനി ഒറ്റക്കാണ് . സാരമില്ല എന്നെങ്കിലും തിരികെ വരുമ്പോള്‍ കാണാം .
നീ തന്ന സ്നേഹത്തിനും കരുതലിനും ഒന്നും പകരമാകില്ല. അവളെ ഒന്ന് ചുംബിക്കണം എന്നുണ്ടായിരുന്നു . അവള്‍ ഇലകള്‍ ആട്ടി തന്നെ വിളിക്കുന്നത്‌ പോലെ .പക്ഷെ സമയമില്ല .
സമയം രണ്ടു മണിയോടടുക്കുന്നു ഇപ്പോള്‍ ചെന്നാല്‍ ഏതെങ്കിലും ദീര്‍ഗ്ഗ ദൂര വണ്ടികള്‍ കിട്ടും .. ഇല്ലെങ്കില്‍ ചെങ്ങന്നൂരില്‍ നിന്നും ട്രെയിന്‍ പിടിക്കാം ..
എങ്ങോട്ട് എന്ന ചിന്ത ഉണ്ടായിരുന്നില്ല , എങ്ങോട്ടെങ്കിലും പോയാല്‍ മതി ..

തിരിഞ്ഞു നോക്കാതെ നടന്നു.
പക്ഷെ ചെന്ന് അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. ആദ്യം നിര്‍ത്തിയ ബസ്സില്‍ തന്നെ കയറി . ഞാന്‍ ഇപ്പോള്‍ സ്വതന്ത്രന്‍ ആയി .. പക്ഷെ എന്തെല്ലാമോ പിന്നില്‍ നിന്നും പിടിച്ചു വലിക്കുന്നു ..
ബന്ധങ്ങള്‍ ആണ് .. എനിക്ക് പ്രകൃതി ഉണ്ടായ കാലം മുതല്‍ എന്റെ അമ്മയാണ് എല്ലാം .. എത്ര കഷ്ട്ടപ്പാടുകള്‍ സഹിച്ചു..... ഓര്‍മ്മകള്‍ ഈറനണിയിനച്ചു കൊണ്ട് ഒന്നൊന്നായി കടന്നു വരുന്നു.കണ്ണ് നിറഞ്ഞത് ആരും കണ്ടു കാണില്ല .

പെട്ടന്ന് ബസ്സ് നന്നായി ഒന്ന് കുലുങ്ങി ..

യാത്രക്കാരെല്ലാം ഉണര്‍ന്നു...

ബസ്‌ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങി .. കണ്ടക്ടര്‍ ഒപ്പം ചെന്നു.

അല്‍പ്പനേരം ഡ്രൈവര്‍ ബസിനടിയില്‍ എന്തൊക്കെയോ പരിശോദിച്ചു.

ആക്സില്‍ പോയതാ . ബസ്‌ പോകില്ല . എല്ലാവരും ഇറങ്ങിക്കോ

ഡ്രൈവര്‍ വിളിച്ചു പറഞ്ഞു .

ഞാന്‍ വാച്ചില്‍ നോക്കി. മൂന്നു മണി .. വെട്ടം വീഴാന്‍ ഇനിയും ഒരുപാടു നേരമുണ്ട്. യാത്രക്കാര്‍ ആരും ഒന്നും മിണ്ടുന്നില്ല .
എല്ലാവരും മുഖത്തോട് മുഖം നോക്കി ഇരിക്കുന്നു ...
ഇറങ്ങിക്കോ ..വേറെ ബസ്സ് വന്നാല്‍ നിര്‍ത്തി തരാം .. കണ്ടക്ടര്‍ എല്ലാവരോടുമായി പറഞ്ഞു ..
ഞാന്‍ ഷട്ടര്‍ ഉയര്‍ത്തി പുറത്തേക്കു നോക്കി ..തിരുവല്ല അടുത്ത് കാണും ..
തിരുവന്‍വണ്ടൂര്‍ ആണെന്ന് തോന്നുന്നു ...അതോ കുറ്റൂരോ ?
മനസ്സിനൊരു ഉണര്‍ച്ച .അതുവരെ ഉണ്ടായിരുന്ന വിമ്മിഷ്ട്ടം മനസ്സില്‍ നിന്നും പോയ്പ്പോയിരിക്കുന്നു ..ഉന്മേഷം തോന്നുന്നു ..
ബസ്സിനു പുറത്തിറങ്ങിയപ്പോള്‍ നല്ല തണുത്ത കാറ്റ് വീശി .

ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും അല്‍പ്പം നടന്നു ..
തോളത് തൂങ്ങുന്ന ബുദ്ധി ജീവി സഞ്ചിയില്‍ ഒരു ബൂക്കുണ്ട്
ഗുര നിത്യ ചൈതന്യ യതിയുടെ ഭാരതീയ മനശാസ്ത്രം ...
അത് മാത്രമേ എടുത്തു വെക്കാന്‍ തോന്നിയുള്ളൂ ..
മാസങ്ങളായി ഞാന്‍ ആവര്‍ത്തിച്ചു വായിക്കുന്ന പുസ്തകം .. മിക്കപ്പോഴും വായിച്ചതു അപ്പോള്‍ തന്നെ മറന്നു പോകും .. അത്ര ആഴമുള്ള പഠനങ്ങളാണ്.
സാധാരണക്കാരന് മനസിലാക്കാന്‍ തീരെ പ്രയാസം ..
അതൊപ്പം കൊണ്ട് പോന്നു .. എനിക്ക് എന്നെ തന്നെ മനസിലാകാത്ത

ഒരു ഘട്ടത്തിലാണ് ഇപ്പോള്‍.
ബസ്സില്‍നിന്നും ഇറങ്ങിയ യാത്രക്കാര്‍ അവിടെയും ഇവിടെയും കൂട്ടം കൂടി നില്‍പ്പുണ്ട്.

ഒരാള്‍ വഴിവിളക്കിന്റെ വെട്ടത്തില്‍ പഴയ പത്രം മറിച്ചു നോക്കി നില്‍ക്കുന്നു ...
ഏതെങ്കിലും ബസ്‌ വന്നാല്‍ കയറ്റി വിടാം എന്ന് കണ്ടക്ടര്‍ ആവലാതി

പറയുന്ന യാത്രക്കാരോട് ഇടക്ക് ഉറക്കെ പറയുന്നുണ്ട് .

ഒന്ന് രണ്ടു ചരക്കു ലോറികള്‍ കടന്നു പോയി .

എതിര്‍ ദിശയിലേക്ക് ചില ബസ്സുകള്‍ വരുന്നുണ്ട് . ഇനി എത്ര നേരം കാത്ത് നില്‍ക്കണമോ ആവോ . ഞാനും വഴിവിളക്കിന്റെ ചുവട്ടിലേക്ക് മാറിനിന്നു.

യാത്രക്കാര്‍ ഉറക്കച്ചടവിലാണ്. തണുപ്പിന്റെ അലോസരത്തില്‍ ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ ഉയര്‍ന്നു . അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി നിന്നു.

തന്റെ ഉള്ളിലും ഒരു കുഞ്ഞു കരയുന്നുണ്ടോ . അമ്മയുടെ വാല്‍സല്യം നുകര്‍ന്ന്,

അമ്മ പാടുന്ന പാട്ട് കേട്ട് ഉറങ്ങാറുള്ള ഒരു കുഞ്ഞ്‌ .. ഓര്‍മ്മകള്‍ വീണ്ടും തിരക്കിട്ട് കയറി വരുന്നു . ഒന്നും ഓര്‍ക്കേണ്ട . നിയോണ്‍ വെട്ടം തലയ്ക്കു മുകളില്‍ ജ്വലിച്ചു നില്‍ക്കുന്നു .

തോള്‍ സഞ്ജി തുറന്നു. കൈയ്യില്‍ തടഞ്ഞതു യതിയാണ് . തുറന്നപ്പോള്‍ കിട്ടിയ പേജ് വായിച്ചു തുടങ്ങി ...
"ആദ്യത്തെ ഒന്നു രണ്ടു വര്ഷം നമ്മുടെ ജീവിതത്തിലെ ഒരേ ഒരു കൂട്ടുകാരി ഈ അമ്മയാണ് . അമ്മയെന്ന് വിളിക്കുന്നുണ്ടെങ്കിലും കുട്ടിത്തം മാറിയിട്ടില്ലാത്ത ഒരു സ്വപ്ന ജീവി . അവരുടെ കണ്ണ് കൂടെ കൂടെ നിറയും, ഉള്ളില്‍ വിതുംബലുണ്ടാകും . ഏതോ മോഹ ഭംഗം കൊണ്ട് ജീവിതം കൈവിരലുകളില്‍ നിന്ന് വഴുതിപോകുന്നതായി തോന്നുന്ന നിരാലംഭയായ ഒരു സ്ത്രീ . അവരുടെ എല്ലാ ദുഖത്തിനും സാക്ഷിയായിരിക്കേണ്ടുന്നത് അവര്‍ നെഞ്ചത്ത് അടക്കി പിടിച്ചിരിക്കുന്ന ശിശുവായിരിക്കും .....വാല്സല്യത്തിന്റെയും കരുതലിന്റെയും സ്നേഹ വായ്പ്പിന്റെയും ശ്വാസം മുട്ടിക്കുന്ന ആദ്യത്തെ അനുഭവങ്ങള്‍ നമുക്ക് നല്‍കുന്നത് ആ അമ്മയായിരിക്കും ..."
എന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞൊഴുകി ..
വഴിയരുകില്‍ ഞാന്‍ വീണ്ടും ഒറ്റപ്പെട്ടു .. മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഞാന്‍ എകനായി ..
എനിക്ക് ആരെങ്കിലും ഒക്കെ വേണം ..
അമ്മ തന്നെ വേണം..
അമ്മയുടെ പാട്ട് ഒഴുകി വരുന്ന പോലെ ..
അമ്മയുടെ സാരിയുടെ തലപ്പ് പുതച്ച് അമ്മയോട് ചേര്‍ന്നിരുന്ന നിമിഷങ്ങള്‍ ..
ഹൃദയത്തിനുള്ളില്‍ എവിടെ നിന്നോ സ്നേഹ മസൃണമായ ഒരു വിളി ,,

മോനെ ..
ചായ എടുത്തു വെച്ചിരിക്കുന്നു .. വന്നു കുടിക്കു ..
അമ്മക്ക് പണിയുണ്ട് ..
ദാ വരുന്നമ്മെ..
ഞാന്‍ അറിയാതെ പറഞ്ഞു പോയി ..
തന്റെ എല്ലാ സങ്കടങ്ങളും അവസാനിച്ചിരിക്കുന്നു ..തന്റെ മുന്നില്‍ എല്ലാ വഴികളും തുറക്കപ്പെട്ടിരിക്കുന്നു .മനസ്സ് കെട്ടി പൊക്കിയ കപട നാടക രംഗം കഴിഞ്ഞു. ക്ഷണ നേരം കൊണ്ട് ഞാന്‍ ഒരു കുട്ടിയായ്‌ മാറി. അനുസരണ കേടും കുസൃതികളും കുറുമ്പുമുള്ള എന്റെ അമ്മയുടെ മോന്‍.
അച്ഛനും അമ്മയും സഹോദരങ്ങളും ഉള്ള ഞാന്‍ അനാഥനെ പോലെ ഈ പെരുവഴിയില്‍ നില്‍ക്കുന്നു .
യതിയുടെ പുസ്തകം നെഞ്ചോട്‌ ചേര്‍ത്തു വെച്ചു..
തിരിഞ്ഞു നോക്കാന്‍ പോലും മനസ്സ്‌ അനുവദിക്കുന്നില്ല ..
ബസ്സിനെയും യാത്രക്കാരെയും വിട്ടു തിരികെ നടന്നു.
അല്ല ഓടുകയാണ് ഞാന്‍..
അമ്മ ഉണരുന്നതിനു മുന്പ് വീട്ടിലെത്തണം ..

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...