2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

എന്ന്, സ്നേഹത്തോടെ നിരഞ്ജന .

പ്രിയ ജഹാംഗീർ ,
ഇന്നലെ നിങ്ങളുടെ മെയിൽ വായിച്ചു .. വൈകിട്ട് തന്നെ മറുപടി അയക്കണം എന്ന് കരുതിയതാണ് . പക്ഷെ ഓഫീസ് വിട്ടു വന്നത് തന്നെ ഒരു തലവേദനയും കൊണ്ടാണ് . ഒരു പിൽസ് കഴിച്ചു കിടന്നു . രാവിലെ നേരത്ത ഉണർന്നു .ആദ്യം മനസ്സിലേക്ക് വന്നത് നിങ്ങള്ക്ക് മറുപടി എഴുതുന്ന കാര്യമാണ്. അത് കൊണ്ട് ഒരു കപ്പു ചായക്കു ശേഷം നേരെ കീ ബോർഡിലേക്ക് കൈകൾ നീണ്ടു പോയി .. ഒന്നല്ല രണ്ടു തവണ ഞാൻ നിങ്ങളുടെ മെയിൽ വായിച്ചു .. അതിലെ ചില വാക്കുകൾ മനസ്സില് നിന്നും മായുന്നതേയില്ല .. ഞാനും അത് തന്നെയാണെന്ന് തോന്നി പോയി ..
ഏകാകി .. ശുദ്ധമായ സൗഹൃദം കൊതിക്കുന്നയാൾ എന്ന് സ്വയം
വിശേഷിപ്പിച്ചത് എനിക്കേറെ ഇഷ്ടമായി ..
എന്നെ കുറിച്ച് ഞാൻ നിങ്ങളോട് ഏറെ പറഞ്ഞില്ലല്ലോ ..
പക്ഷെ നിങ്ങൾ ആദ്യ കത്തിൽ തന്നെ വിശദമായി സ്വയം എഴുതിയിട്ടുമുണ്ട് ..
നന്നായി . ഇക്കാലത്ത് അദൃശ്യരായ സുഹൃത്തുക്കളുമായി സല്ലപിക്കുന്ന സ്വയം വഞ്ചിതരായ ആളുകളാണ് കൂടുതൽ. ചാറ്റ് റൂമുകളിൽ കയറി ഇറങ്ങി തളർന്നുകീ ബോർഡിൽ തന്നെ തല വെച്ചുറങ്ങുന്നവർ ...
നിങ്ങളുടെ മിക്കവാറും എല്ലാ എഴുത്തുകളും ഞാൻ വായിക്കാറുണ്ട് .
ചില കുറിപ്പുകൾ അങ്ങനെ തന്നെ മനസ്സില് നില്ക്കുന്നു . ഒരാൾക്ക് ഇങ്ങനെ ഒക്കെയെഴുതാൻ കനത്ത ജീവിതാനുഭവം വേണം എന്ന് ഞാൻ കരുതാറുണ്ട്‌ , നിങ്ങളുടെ ഫോട്ടോ ഫേസ് ബുക്കിൽ കണ്ടിട്ട് നമ്മൾ സമപ്രായക്കാരാണ് എന്ന് തോന്നി . നിങ്ങളുടെ ചുരുണ്ട മുടിയും കൂർത്ത കണ്ണുകളും കണ്ടാൽ നിങ്ങൾ വിചിത്രമായ ഭാവനകൾ ഉള്ള ഒരാൾ ആണെന്ന് കരുതിപ്പോകും .എനിക്കും ചുരുണ്ട തലുമുടിയാണ് . നിങ്ങളുടെ കണ്ണുകളുടെ അത്ര തീക്ഷണത ഇല്ല എന്നേയുള്ളു പക്ഷെ എനിക്ക് ആളുകളെ തുറിച്ചു നോക്കാനറിയാം . പ്രത്യേകിച്ച് ബസിലും മറ്റും യാത്ര ചെയ്യുമ്പോൾ . ചില അപരിചിതർ എന്റെ കൂർത്ത, മൂർച്ചയുള്ള നോട്ടത്തിൽ ഉടുപ്പുരിഞ്ഞു നഗ്നരായി പോകാറുണ്ട് , എങ്ങനെയെങ്കിലും എന്റെ മുന്നില് നിന്നും ഓടിപ്പോകാൻ അവർ പിടക്കും .. ജഹാംഗീർ , നിങ്ങള്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായി കാണും എന്ന് കരുതുന്നു .. ഒരു പെണ്ണിന് എപ്പോഴൊക്കെയാണ് ആളുകളെ പ്രത്യേകിച്ചു പുരുഷന്മാരെ തുറിച്ചു നോക്കേണ്ടി വരുക എന്ന് നിങ്ങൾക്കറിയാം .. എന്റെ സ്വഭാവം എനിക്ക് തന്നെ ചിലപ്പോൾ പിടിക്കാതെ വരും .. .. പക്ഷെ ഈ സ്വഭാവം ഒരിക്കലും ഉപേക്ഷിക്കണം എന്ന് തോന്നിയിട്ടില്ല .. ..
നിങ്ങളിപ്പോ എന്നെ കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല .. അമിതമായി എന്നെ പുകഴ്ത്തി ഞാൻ എന്തെങ്കിലും പറഞ്ഞോ ? പക്ഷെ എനിക്ക് നിങ്ങളുടെ കത്തിൽ നിന്നും അങ്ങനെ ചില വീണ്ടു വിചാരങ്ങൾ ഉണ്ടായിട്ടുണ്ട് . നിങ്ങളുടെ കഥകളും കുറിപ്പുകളും വായിച്ചു ആരാധന തോന്നിയ നിമിഷത്തെ ഞാൻ ഇപ്പോൾ ഒന്ന് കൂടി വിശകലനം ചെയ്യാൻ ശ്രമിക്ക്കയാണ് .. നിങ്ങളുടെ ചില പദ പ്രയോഗങ്ങളിൽ ഞാൻ വീണു പോയിട്ടുണ്ട് എന്നത് യാഥാർത്യമാണ് . അത് അങ്ങനെ തന്നെയിരിക്കട്ടെ .. നല്ലൊരു എഴുത്തുകാരനു മാത്രം കഴിയുന്ന പോലെ നിങ്ങൾ ചില വാക്കുകളെ അതിന്റെ മർമ്മ സ്ഥാനത്തു തന്നെ പ്രതിഷ്ടികുന്നു .....പിന്നീട് ഒന്ന് കൂടി മടങ്ങി വന്നു വായിക്കാൻ പ്രേരിപ്പിക്കും പോലെ ആ വാക്കുകൾ എന്റെ ഉള്ളിൽ അങ്ങനെ കണ്‍ മിഴിച്ചു നില്ക്കും .. നിങ്ങളുടെ ഓരോ കുറിപ്പുകൾക്കും കഥകൾക്കും ലഭിക്കാറുള്ള എണ്ണമറ്റ ലൈക്കുകളും കമന്റുകളും അവയ്ക്ക് അർഹിക്കുന്നത് തന്നെ എന്ന് ഞാൻ വിചാരിക്കാറുണ്ട് .. നിങ്ങൾ നല്ലൊരു കച്ചവടക്കാരനാണ് എന്ന് പ്രത്യേകം പറയട്ടെ . ഏതൊക്കെ ചരക്കുകൾ എപ്പോഴൊക്കെ വിലക്ക്പെടും എന്ന് നന്നായി അറിയാവുന്ന ഒരാൾ .. ആളുകളുടെ അഭിപ്രായങ്ങള്ക്ക് പിന്നിൽ നിങ്ങൾ സഞ്ചരിക്കുന്നത് ഞാന് കണ്ടിട്ടുണ്ട് . വാദങ്ങളും മറുവാദങ്ങളും മറുപടികളും സ്മൈലികളും കൊണ്ട് നിങ്ങൾ നിങ്ങളുടെ തന്നെ കുറിപ്പുകളെ പിന്നെയും പിന്നെയും വികസിപ്പിക്കുന്നു .ചിലപോഴൊക്കെ സ്വന്തം അഭിപ്രായങ്ങളെ മറ്റുളളവരിലേക്ക്
അടിച്ചേല്പ്പിക്കുകയും ചെയ്യുന്നു . എതിർക്കുന്നവരെ ആദ്യം നിങ്ങൾ അനുനയിപ്പിക്കാൻ ശ്രമിക്കും . പിന്നെയും എതിർപ്പു തുടർന്നാൽ അതിര് വിട്ട അധിക്ഷേപങ്ങൾ നിങ്ങളിൽ നിന്നും ഒരുകൊടുംകാറ്റു പോലെ എതിരാളിയുടെ നേരെ പായും . ആ ഒരു നിമിഷത്തിൽ എന്നിലെ നിങ്ങളുടെ ആരാധിക ഒരു ഞെട്ടലോടെ നിങ്ങളിൽ നിന്ന് പിൻ വാങ്ങും .
എത്ര കണ്ടു നിങ്ങൾ സംസ്കാരസംബന്നനും അറിവുള്ളവനും ആണെന്ന് തോന്നുന്നുവോ അത്രയും തന്നെ നിങ്ങൾ നികൃഷ്തനും അപരിഷ്ക്രുതനുമാണ്. എനിക്ക് നിങ്ങൾ എഴുതിയില്ലേ " സൌരഭ്യം തുളുമ്പുന്ന നിർമലമായ സൌഹൃദമാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്ന് ".. സത്യത്തിൽ അത് തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത് .. പക്ഷെ എങ്ങനെയാണ് ഏതു സമയവും അഴിഞ്ഞു വീഴാൻ പാകത്തിലുള്ള ഒരു മൂടുപടമിട്ടു കൊണ്ട് നിഷ്കളങ്കമായി സൗഹൃദം പങ്കു വെക്കുന്നത് ? അസ്വസ്ഥതകളും ആശങ്കകളും ഒരുപാട് പേറുന്ന ഒരാളാണ് ഞാൻ ഏകാന്തത എന്നത് എനിക്കൊരു പുതമയല്ല ...ജീവിതം നല്കുന്ന ആനുകൂല്യങ്ങൾക്ക് തുല്യമായ വില അത് തിരികെയെടുക്കും എന്ന് അറിഞ്ഞു കൊണ്ട് ജീവിക്കുന്ന ഒരു സാധാരണ പെണ്ണ് .വിമർശനത്തെ ഭയക്കുന്ന ഒരാളാണ് നിങ്ങൾ . തെളിനീരുപോലെ ശുദ്ധമായ സൗഹൃദം ആഗ്രഹിച്ചു വന്ന എനിക്ക് അത് നിങ്ങളിൽ നിന്നും അത് കിട്ടും എന്ന പ്രതീക്ഷിയില്ല . ലോകത്തെ മുഴുവനും ഒരു കീ ബോർഡിന്റെ അടുക്കി വെച്ച അക്ഷരങ്ങളിലേക്ക്‌ ചുരുക്കിയ നിങ്ങളുമായി എനിക്കുള്ള ബന്ധം തുടക്കത്തിലെ പരാജയപെട്ടിരിക്കുന്നു . എല്ലാ കാലത്തേക്കുമായി നിങ്ങള്ക്ക് ഗുഡ് ബൈ ..
എന്ന് സ്നേഹത്തോടെ
നിരഞ്ജന .

1 അഭിപ്രായം:

സുധി അറയ്ക്കൽ പറഞ്ഞു...

ഗുഡ്ബൈ തന്നെ നല്ലത്‌!/!/

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...